2021 May 16 Sunday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

കനത്തതിരിച്ചടിയില്‍ മുഖംവികൃതമായി ബി.ജെ.പി

ഇ.പി മുഹമ്മദ്

 
കോഴിക്കോട്: കേന്ദ്രഭരണത്തിന്റെ സ്വാധീനം ഉപയോഗിച്ച് കാടിളക്കി പ്രചാരണം നടത്തിയിട്ടും ബി.ജെ.പി നേരിട്ടത് കനത്ത തിരിച്ചടി.ഏതു തന്ത്രവും എത്ര പണവും ഉപയോഗിച്ചും തെരഞ്ഞെടുപ്പില്‍ ജയിക്കുകയെന്ന മോദി – അമിത് ഷാ കൂട്ടുകെട്ടിന്റെ തന്ത്രം കേരളത്തില്‍ ഇത്തവണയും വിജയിക്കാതെ പോയതിന്റെ ഉത്തരവാദിത്തത്തില്‍നിന്ന് ഒഴിഞ്ഞു മാറാന്‍ സംസ്ഥാന നേതൃത്വത്തിനാകില്ല.
തോല്‍വിക്കു പിന്നാലെ പാര്‍ട്ടിയില്‍ കലാപത്തിന്റെ നാളുകളാണ് വരാനിരിക്കുന്നത്. ഒറ്റ സീറ്റിലും വിജയിക്കാനാകാത്തതിന്റെ കുറ്റം മുഴുവന്‍ സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്റെ തലയിലിടാനാകും ഒരു വിഭാഗം നേതാക്കള്‍ ശ്രമിക്കുക.
 
മത്സരിച്ച രണ്ടിടത്തും പരാജയപ്പെട്ടത് കെ. സുരേന്ദ്രന് കനത്ത ആഘാതമായിരിക്കുകയാണ്. ശബരിമല ഉള്‍ക്കൊള്ളുന്ന കോന്നിയില്‍ മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെട്ടത് ബി.ജെ.പിക്കുണ്ടാക്കിയ ക്ഷീണം ചില്ലറയല്ല. 
 
2016ല്‍ കോന്നിയില്‍ ബി.ജെ.പി 16,713 വോട്ടായിരുന്നു നേടിയത്. 2019ലെ ഉപതെരഞ്ഞെടുപ്പില്‍ കെ.സുരേന്ദ്രന്‍ കോന്നിയില്‍ 39,786 വോട്ടുകള്‍ നേടിയിരുന്നു. തൊട്ടുമുന്‍പ് നടന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ പത്തനംതിട്ടയില്‍ മത്സരിച്ച സുരേന്ദ്രന് കോന്നിയില്‍നിന്നു മാത്രം 46064 വോട്ട് ലഭിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് സുരേന്ദ്രന്‍ മഞ്ചേശ്വരത്തും കോന്നിയിലും ഒരുമിച്ച് മത്സരിച്ചത്. 
എന്നാല്‍ ഹെലികോപ്റ്റര്‍ വാടകയ്ക്ക് എടുത്ത് സുരേന്ദ്രന്‍ മണ്ഡലങ്ങളിലേക്ക് നടത്തിയ യാത്രകള്‍ പാര്‍ട്ടിക്കകത്തുപോലും വലിയ ആക്ഷേപത്തിന് കാരണമായി.
നേമം നഷ്ടമായതും പാലക്കാട്ടെയും കഴക്കൂട്ടത്തെയും തൃശൂരിലെയും  തോല്‍വിയും സുരേന്ദ്രന്റെ നില പരുങ്ങലിലാക്കുന്നു.വലിയ അവകാശവാദത്തോടെ മത്സരിച്ച പാര്‍ട്ടി ഒറ്റസീറ്റ് പോലും നേടാതെ പോയതോടെ ഇതുവരെ കെ. സുരേന്ദ്രനോട് അനുഭാവം പ്രകടിപ്പിച്ചിരുന്ന നേതാക്കള്‍ പോലും അദ്ദേഹത്തിനെതിരേ തിരിയുകയാണ്. കേരളത്തില്‍ വലിയ വിജയ സാധ്യതയുണ്ടെന്ന് വിശ്വസിപ്പിച്ചതിനാല്‍ വന്‍ തോതില്‍ പണമാണ് പ്രചാരണത്തിന് കേന്ദ്ര നേതൃത്വം കേരളത്തിലെത്തിച്ചത്. പ്രധാനമന്ത്രി ഉള്‍പ്പെടെയുള്ള കേന്ദ്ര നേതാക്കളെ അണിനിരത്തി വന്‍ പ്രചാരണ പരിപാടികളും സംഘടിപ്പിച്ചു.
 
35 സീറ്റില്‍ വിജയിച്ചാല്‍ കേരളം ബി.ജെ പി ഭരിക്കും എന്നതുള്‍പ്പെടെയുള്ള സുരേന്ദ്രന്റെ അഹങ്കാരം നിറഞ്ഞ പ്രസ്താവനകളും അമിത ആത്മവിശ്വാസവും പാര്‍ട്ടിക്ക് തിരിച്ചടിയായെന്നും വിലയിരുത്തപ്പെടുന്നു.
 
സുരേന്ദ്രന്‍ ഉള്‍പ്പെടെയുള്ള ചില നേതാക്കളുടെ അഹങ്കാരത്തിനേറ്റ തിരിച്ചടിയാണ് ജനവിധിയെന്നും  നേതൃത്വത്തില്‍ അടിമുടി മാറ്റമുണ്ടാവണമെന്നും പാര്‍ട്ടിക്കുള്ളില്‍ വിമര്‍ശനം ഉയര്‍ന്നുകഴിഞ്ഞു. 
ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് കേരളത്തിലെത്തിച്ച കള്ളപ്പണം കൊടകരയില്‍ വച്ച് തട്ടിയ സംഭവവും കെ. സുരേന്ദ്രനെതിരേ ആയുധമാക്കാനാണ് എതിര്‍വിഭാഗത്തിന്റെ നീക്കം. കള്ളപ്പണ ഇടപാടില്‍ പങ്കുള്ള കോഴിക്കോട് സ്വദേശിയും പ്രമുഖ കോണ്‍ട്രാക്ടറും വ്യവസായ പ്രമുഖനുമായ ധര്‍മരാജന്‍ കെ സുരേന്ദ്രന്റെ വലംകൈയാണ്. 
ഈ പണമിടപാട് സുരേന്ദ്രന്‍ അറിഞ്ഞുകൊണ്ടാണെന്ന് ഒരു വിഭാഗം ആരോപിക്കുന്നു. തെരഞ്ഞെടുപ്പിനു തൊട്ടുമുന്‍പുവരെ പരസ്പരം പോരടിക്കുകയായിരുന്നു സംസ്ഥാനത്തെ ബി.ജെ.പി നേതാക്കള്‍. കഴക്കൂട്ടത്ത് ശോഭ സുരേന്ദ്രന്റെ സ്ഥാനാര്‍ഥിപ്രഖ്യാപനം നീണ്ടതും വിഭാഗീയതയുടെ ഭാഗമായിരുന്നു.
എതിരഭിപ്രായമുള്ള നേതാക്കളെയെല്ലാം വെട്ടിനിരത്താനാണ് കെ. സുരേന്ദ്രനും കേന്ദ്രമന്ത്രി വി മുരളീധരനും ശ്രമിച്ചത്. ആ ഘട്ടങ്ങളില്‍ ഒതുങ്ങിനിന്ന നേതാക്കളെല്ലാം തെരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ രംഗത്തുവന്നു തുടങ്ങി. 

ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.