2021 October 26 Tuesday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

Editorial

പേരിടാത്ത ബന്ധങ്ങളുടെ സുരഭിലകാലം കഴിഞ്ഞുപോയിട്ടില്ല


 

പേരിടാത്ത ബന്ധങ്ങളുടെ സുരഭില കാലം കഴിഞ്ഞുപോയെന്ന് പ്രശസ്ത കവി സച്ചിദാനന്ദന്‍ വര്‍ഷങ്ങള്‍ക്കു മുന്‍പ് കുറിച്ചിട്ട വരിയാണ്. കാലം ആ വരി തിരുത്തിയിരിക്കുന്നു. കണ്ണൂരിലെ മാട്ടൂലില്‍ ഒന്നര വയസുകാരന്‍ മുഹമ്മദിനായി ലോക മലയാളികള്‍ കണ്ണീരോടെ ഐക്യപ്പെട്ടപ്പോള്‍ സച്ചിദാനന്ദന്റെ ദര്‍ശനം തിരുത്തപ്പെടുകയായിരുന്നു. സ്‌പൈനല്‍ മസ്‌കുലാര്‍ അട്രോഫി (എസ്.എം.എ) എന്ന അപൂര്‍വ ജനിതകരോഗം ബാധിച്ച കൊച്ചു മുഹമ്മദിന് 18 കോടി രൂപ ചെലവാകുന്ന ചികിത്സയ്ക്കു വേണ്ടി അതേ രോഗം ബാധിച്ചു കഴിയുന്ന സഹോദരിയുടെ ഏകാന്ത നിലവിളിക്കാണ് കഴിഞ്ഞ ദിവസം ലോകം വികാരനിര്‍ഭരമായ ഉത്തരം നല്‍കിയത്. രോഗാതുരയായ ആ കൊച്ചു പെണ്‍കുട്ടിയുടെ ഒരോ വാക്കിലും കണ്ണീര്‍ പൊടിഞ്ഞുനില്‍പ്പുണ്ടായിരുന്നുവെന്ന് ലോക മലയാളിസമൂഹം തിരിച്ചറിഞ്ഞു.

ഭരണകൂട ക്രൂരത ഭീതിതമാംവിധം വര്‍ധിച്ചു കൊണ്ടിരിക്കുകയും നിസ്സഹായരായ മനുഷ്യര്‍ ഭരണകൂട ക്രൗര്യത്താല്‍ പുറം ലോകം കാണാതെ ജയിലറകളില്‍ അവസാനിച്ചു കൊണ്ടിരിക്കുകയും ചെയ്യുന്നുവെന്ന ഉള്ളം പൊള്ളിക്കുന്ന വാര്‍ത്ത 84 കാരനായ സ്റ്റാന്‍ സ്വാമിയുടെ മരണത്തിലൂടെ ലോകമറിഞ്ഞ അതേ ദിവസമാണ്, കരുണക്കടലായി ഒഴുകുന്ന മനുഷ്യഹൃദയങ്ങള്‍ ഈ ആസുരകാലത്തും വറ്റിപ്പോയിട്ടില്ലെന്ന പ്രതീക്ഷാനിര്‍ഭരമായ വാര്‍ത്തയും വന്നത്. മാട്ടൂല്‍ സ്വദേശി പി.കെ റഫീഖിന്റെയും പി.സി മറിയത്തിന്റെയും മൂന്നാമത്തെ മകനായ ഒന്നര വയസുകാരന്‍ മുഹമ്മദ് ജനിച്ച നാള്‍ തൊട്ട് പേശികളെ ബലഹീനമാക്കുന്ന കഠിനമായ വേദന താണ്ടിയാണ് ഒന്നര വര്‍ഷം പിന്നിട്ടത്. ഉറങ്ങാന്‍ പോലും കഴിയാത്ത എല്ല് നുറുങ്ങുന്ന വേദനയോടെ കുഞ്ഞനിയന്‍ വാവിട്ട് കരയുന്നത് സഹിക്കാന്‍ വയ്യാതെയാണ് അതേ രോഗത്തിന്റെ തീവ്രത അനുഭവിച്ചുകൊണ്ടിരിക്കുന്ന സഹോദരി അഫ്ര ഹൃദയം നുറുങ്ങുന്ന ഭാഷയില്‍ ലോക മലയാളികളുടെ നെഞ്ചിനു നേരേ സഹായത്തിനായി കൈ നീട്ടിയത്. ആ അര്‍ഥന വ്യര്‍ഥമായില്ല. ലോകത്താകെ പടര്‍ന്നു കിടക്കുന്ന മലയാളി മനസുകളെയാണ് അഫ്രയുടെ വാക്കുകള്‍ തരളിതമാക്കിയത്.

അനങ്ങാന്‍ പോലും പറ്റാത്ത അവസ്ഥയില്‍ വീല്‍ചെയറില്‍ കഴിയുന്ന പതിനഞ്ചുകാരി അഫ്രയുടെ-‘പെട്ടെന്ന് മരുന്നു കൊടുത്താല്‍ എന്റെ കുഞ്ഞനുജനെങ്കിലും രക്ഷപ്പെടും’- തേങ്ങല്‍ ലോക മലയാളികള്‍ വിതുമ്പലോടെയായിരിക്കും കേട്ടിട്ടുണ്ടാവുക. അത്രമേല്‍ വേദനിപ്പിക്കുന്നതായിരുന്നു ആ വിങ്ങല്‍. അതു കേട്ടവരുടെ നെഞ്ചിലെ അണയാത്ത ചൂടാണ് ശബ്ദസന്ദേശം വന്ന് ഏഴുദിനം കഴിഞ്ഞപ്പോഴേക്കും കോടികളായി ബാങ്ക് അക്കൗണ്ടുകളില്‍ നിറഞ്ഞത്. ചികിത്സയ്ക്കാവശ്യമായ 18 കോടി എന്ന ഭീമന്‍ ചികിത്സാ സഹായ ഫണ്ട് അക്കൗണ്ടില്‍ വന്നുചേര്‍ന്നത് നിറഞ്ഞുതുളുമ്പുന്ന കണ്ണുകളോടെയാണ് ആ കുടുംബം അറിഞ്ഞത്. ഇങ്ങനെയൊരു ശബ്ദസന്ദേശത്തിലൂടെ തന്റെ കുഞ്ഞനുജനെങ്കിലും ഒരു പുതുജീവന്‍ കിട്ടുമെന്ന് ആ പെണ്‍കുട്ടി വല്ലാതെ ആഗ്രഹിച്ചിട്ടുണ്ടാവുമെങ്കിലും ഇത്രവേഗം സഫലീകൃതമാകുമെന്ന് കരുതിയിട്ടുണ്ടാവില്ല.

അഫ്രക്കും ഇതേ രോഗം ബാധിച്ചപ്പോള്‍ അന്ന് അത്തരമൊരു രോഗത്തെക്കുറിച്ച് ആരും കേട്ടിരുന്നില്ല, അറിഞ്ഞിരുന്നില്ല, മരുന്നും കണ്ടെത്തിയിരുന്നില്ല. അഫ്രയുടെ രോഗം അങ്ങനെ തിരിച്ചറിയാതെ പോയി. രണ്ടുവര്‍ഷം മുന്‍പ് മാത്രമാണ് പേശികള്‍ക്ക് ബലക്ഷയം ഉണ്ടാക്കുന്ന സ്‌പൈനല്‍ മസ്‌കുലാര്‍ അട്രോഫി എന്ന ജനിതകരോഗം കണ്ടുപിടിച്ചത്. രണ്ടു വയസിനു മുന്‍പ് ഒറ്റത്തവണ മരുന്ന് കുത്തിവച്ചാല്‍ രോഗം 90 ശതമാനവും ഭേദമാകുമെന്നാണ് ഡോക്ടര്‍മാര്‍ കണ്ടെത്തിയത്. ഞരമ്പില്‍ കുത്തിവയ്‌ക്കേണ്ടി വരുന്ന സോള്‍ജെന്‍സ്മ എന്ന മരുന്നിനാണ് 18 കോടി രൂപ ചെലവാക്കേണ്ടത്.

പതിനായിരത്തില്‍ ഒരാള്‍ക്ക് മാത്രം വരുന്ന രോഗമാണ് സ്‌പൈനല്‍ മസ്‌കുലാര്‍ അട്രോഫി. ഞരമ്പുകളിലെ തകരാറ് കാരണം പേശികള്‍ക്ക് ചലനശേഷി നഷ്ടപ്പെടുകയും പിന്നീട് അസ്ഥികളെ ബാധിക്കുകയും ചെയ്യുന്നതാണ് ഈ രോഗം. ചികിത്സയ്ക്ക് ലോകത്തിലെ ഏറ്റവും വിലകൂടിയ മരുന്നാണ് സോള്‍ജെന്‍സ്മ. ഒരു ഡോസ് മരുന്നിന് 18 കോടി എന്നത് കൊച്ചുമുഹമ്മദിന്റെ പിതാവ് റഫീഖിനു സ്വപ്നം കാണാന്‍ പോലും പറ്റാത്തത്രയുമായിരുന്നു. രണ്ടു വയസില്‍ താഴെയുള്ള കുട്ടികളിലെ സ്‌പൈനല്‍ മസ്‌കുലാര്‍ അട്രോഫി ചികിത്സയ്ക്കായി ഉപയോഗിക്കുന്ന വൈറസ് വെക്ടര്‍ അധിഷ്ഠിത ജീന്‍ തെറാപ്പിയാണ് ചികിത്സ കൊണ്ട് ഉദ്ദേശിക്കുന്നത്. അമേരിക്കയിലെ നൊവാര്‍ടിസ് ആണ് സോള്‍ജെന്‍സ്മയുടെ ഉല്‍പാദകര്‍. മരുന്ന് കണ്ടുപിടിക്കാന്‍ നടത്തിയ കഠിനമായ ഗവേഷണത്തിന് വന്‍ തുക ചെലവായതിനാലാണ് മരുന്നിന് ഉയര്‍ന്ന വില. മരുന്നിന്റെ ഇറക്കുമതി നികുതിയും ജി.എസ്.ടിയും ഉള്‍പ്പെടുമ്പോള്‍ വില 18 കോടിയായി ഉയരുകയായിരുന്നു. ഒരുപാട് മാധ്യമങ്ങളും നന്മകള്‍ ഇനിയും കരിഞ്ഞുപോകാത്ത മലയാളി കുടുംബവുമാണ് (ലോകത്താകെയുള്ള മലയാളികളെ മലയാളി കുടുംബമെന്ന് വിശേഷിപ്പിക്കാം) ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ ഇത്രയും വലിയ തുക സമാഹരിക്കാന്‍ തുണയായത്. അത് അവരുടെ ഹൃദയവിശാലതയാണ്. കൂട്ടിവയ്ക്കുന്ന പണത്തിന് എന്തെങ്കിലും മൂല്യമുണ്ടാകുന്നത് ഇത്തരം സന്ദര്‍ഭങ്ങളിലാണെന്ന് മലയാളി തിരിച്ചറിയുന്നു എന്നത് പൈതൃകം അവര്‍ക്കു നല്‍കിയ മഹത്വത്തെയാണ് അടയാളപ്പെടുത്തുന്നത്. ‘മനുഷ്യന്‍ ഹാ, എത്ര മനോഹര പദം’

എന്നത് കെട്ടകാലമെന്ന് വിശേഷിപ്പിക്കപ്പെടുന്ന ഇക്കാലത്തും മലയാളി മറന്നുപോയിട്ടില്ല. ആ വാചകം ആദ്യം ഉരുവിട്ട വിശ്രുത റഷ്യന്‍ സാഹിത്യകാരന്‍ മാക്‌സിം ഗോര്‍ക്കിയുടെ ആ വാക്കുകള്‍ അന്വര്‍ഥമാക്കിയിരിക്കുന്നു കൊച്ചുമുഹമ്മദിനുള്ള കരുണാകടാക്ഷത്തിലൂടെ മലയാളി സമൂഹം.

ഇത്തരമൊരു വേദനാ നിര്‍ഭരമായ അവസരത്തിലും കുത്തുവാക്കുകളാലും വ്യാജവാര്‍ത്തകളാലും ഈ കുടുംബത്തെയും കുടുംബത്തിനൊപ്പം നിന്ന ചികിത്സാ സഹായ കമ്മിറ്റിയെയും ഇകഴ്ത്താനും വേദനിപ്പിക്കാനും ശ്രമിച്ചവരെ ഈ വേളയില്‍ വിസ്മരിക്കാം. അത്തരം മലീമസ വാക്പ്രയോഗങ്ങളെ ഭേദിക്കുന്നതായിരുന്നുവല്ലോ ഈ കുടുംബത്തിലേക്ക് ഒഴുകിയെത്തിയ മനുഷ്യ സ്‌നേഹത്തിന്റെ മഹാപ്രവാഹം. ഈ മഹാപ്രവാഹത്തില്‍ ഒരു ജലകണികയാകാന്‍ കഴിഞ്ഞല്ലോ എന്നോര്‍ക്കുന്നവരുടെ നിറയുന്ന കണ്ണുകള്‍ക്ക് മുന്‍പില്‍ മനം നിറഞ്ഞൊഴുകുന്ന, മൗനമുദ്രിതങ്ങളായ കൃതജ്ഞതാ ദിവസമായിരുന്നു കൊച്ചുമുഹമ്മദിന്റെ കുടുംബത്തിന് കഴിഞ്ഞ തിങ്കളാഴ്ച. ജാതിയും മതവും അതിരുകെട്ടി വേര്‍തിരിച്ചു കൊണ്ടിരിക്കുന്ന അന്ധകാരനിബിഡമായ തുരങ്കത്തിനറ്റത്തും പ്രത്യാശയുടെ ഒരു ദീപ്ത നാളമുണ്ടെന്ന് ലോകത്തിന് മലയാളി നല്‍കുന്ന സന്ദേശമാണിത്. ഈ സഹായധന ഉള്ളടക്കവും അതു തന്നെയാണ്.

മലയാളിയുടെ മനസിനു മുന്‍പില്‍ 18 കോടി എത്ര നിഷ്പ്രഭമെന്ന് ആ ആര്‍ദ്രപ്രവാഹം നിശബ്ദ സാക്ഷിയാകുന്നു. വര്‍ഗീയ വിഷജ്വാലകള്‍ എത്രയൊക്കെ മലയാളി മനസിനെ എരിയിച്ച് ഭസ്മമാക്കാന്‍ ശ്രമിച്ചാലും അതിനെയെല്ലാം അതിജീവിക്കും മലയാളി എന്ന മഹത്തായ സന്ദേശം കൂടി ഒരു കൊച്ചുകുഞ്ഞിന് ‘പുനര്‍ജന്മം’ നല്‍കിയതിലൂടെ അവര്‍ തെളിയിച്ചിരിക്കുകയാണ്. മറ്റുള്ളവരുടെ വാക്കുകളല്ല, നമ്മുടെ മനഃസാക്ഷിയാണ് നമ്മെ മഹത്വമുള്ളവരാക്കുന്നത്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.