2023 December 01 Friday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

രണ്ടാം ഏകദിനവും സ്വന്തമാക്കി: ഓസ്‌ട്രേലിയക്കെതിരേ പരമ്പര നേടി ഇന്ത്യ

   

രണ്ടാം ഏകദിനവും സ്വന്തമാക്കി: ഓസ്‌ട്രേലിയക്കെതിരേ പരമ്പര നേടി ഇന്ത്യ

ഇന്‍ഡോര്‍: 99 റണ്‍സിന്റെ തകര്‍പ്പന്‍ ജയത്തോടെ രണ്ടാം ഏകദിനവും പരമ്പരയും ഇന്ത്യ സ്വന്തമാക്കി. ഓസ്‌ട്രേലിയയെ 217 റണ്‍സിന് പുറത്താക്കിയ ഇന്ത്യ ആധികാരികമായാണ് വിജയിച്ചു കയറിയത്. 400 റണ്‍സ് വിജയലക്ഷ്യമാണ് ഇന്ത്യ ഉയര്‍ത്തിയതെങ്കിലും മഴമൂലം അത് 33ഓവറില്‍ 317 ആയി ചുരുക്കി. 28.2 ഓവറില്‍ 217 റണ്‍സിന് ഓസീസ് പുറത്തായി. കെഎല്‍ രാഹുലിന്റെ നായകത്വത്തിലാണ് ഇന്ത്യ രണ്ട് മത്സരങ്ങളും വിജയിച്ചത്.

ഇന്ത്യ ഉയര്‍ത്തിയ കൂറ്റന്‍ വിജയലക്ഷ്യവുമായി മറുപടി ബാറ്റിങ്ങിനിറങ്ങിയ ഓസീസിന്റെ തുടക്കം തകര്‍ച്ചയോടെയായിരുന്നു. പ്രസിദ്ധ് കൃഷ്ണയെറിഞ്ഞ രണ്ടാം ഓവറില്‍ രണ്ട് വിക്കറ്റുകളാണ് ഓസ്‌ട്രേലിയയ്ക്ക് നഷ്മായത്. ഓപ്പണര്‍ മാത്യു ഷോര്‍ട്ടും(9) സ്റ്റീവ് സ്മിത്ത്(0) എന്നിവര്‍ നിരാശപ്പെടുത്തി. മഴ വന്നതോടെ വിജയലക്ഷ്യം 33 ഓവറില്‍ 217 ആയി ചുരുക്കി. പിന്നാലെ ലബുഷെയ്ന്‍(27), ഡേവിഡ് വാര്‍ണര്‍(53),ജോഷ് ഇംഗ്ലിസ്(6) എന്നിവര്‍ മടങ്ങി.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് നാലാം ഓവറില്‍ ഋതുരാജ് ഗെയ്ക്വാദിനെ നഷ്ടമായി. ഹെയിസല്‍വുഡാണ് ഗെയ്ക്വാദിനെ(8) പുറത്താക്കിയത്. പിന്നാലെ ശ്രേയസ് അയ്യരും ശുഭ്മാന്‍ ഗില്ലും ഒന്നിച്ചു. ടീം സ്‌കോര്‍ 200കടത്തിയ കൂട്ടുകെട്ട് 216ല്‍ നില്‍ക്കേയാണ് പിരിഞ്ഞത്. 90പന്തില്‍ നിന്ന് 105 റണ്‍സെടുത്ത ശ്രേയസ് അയ്യരെ സീന്‍ അബോട്ട് പുറത്താക്കി.

പിന്നാലെ ഗില്ലും സെഞ്ചുറി തികച്ചു. 104റണ്‍സെടുത്ത ഗില്‍ മടങ്ങിയതോടെ കെഎല്‍ രാഹുലും ഇഷാന്‍ കിഷനും സ്‌കോറുയര്‍ത്തി. ഇരുവരും ചേര്‍ന്ന് സ്‌കോര്‍ മുന്നൂറ് കടത്തി. 18 പന്തില്‍ നിന്ന് 31 റണ്‍സെടുത്ത കിഷനെ അദം സാംപ കൂടാരം കയറ്റി. പിന്നീടിറങ്ങിയ സൂര്യകുമാര്‍ യാദവിന്റെ വെടിക്കെട്ടിനാണ് സ്‌റ്റേഡിയം സാക്ഷ്യം വഹിച്ചത്. കാമറൂണ്‍ ഗ്രീന്‍ എറിഞ്ഞ 44ാം ഓവറില്‍ തുടര്‍ച്ചയായ നാല് സിക്‌സറുകളടിച്ചാണ് സൂര്യകുമാര്‍ തിളങ്ങിയത്. 38 പന്തില്‍ നിന്ന് 52 റണ്‍സെടുത്ത രാഹുല്‍ പുറത്തായെങ്കിലും സൂര്യകുമാര്‍ വെടിക്കെട്ട് തുടര്‍ന്നു. ഒടുവില്‍ 399 റണ്‍സിന് ഇന്ത്യന്‍ ഇന്നിങ്‌സ് അവസാനിച്ചു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.