2023 October 02 Monday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

കഥകളുടെ സുല്‍ത്താന്‍ ഓര്‍മയായിട്ട് 29 വര്‍ഷം

ഇ.പി മുഹമ്മദ്

കഥകളുടെ സുല്‍ത്താന്‍ ഓര്‍മയായിട്ട് 29 വര്‍ഷം

കോഴിക്കോട്: മലയാള സാഹിത്യത്തിന്റെ നടുമുറ്റത്തുനിന്ന് സുല്‍ത്താന്‍ പോയ്മറഞ്ഞിട്ട് ഇന്നേക്ക് 29 വര്‍ഷം. പകരംവയ്ക്കാനില്ലാത്ത എഴുത്തിന്റെ, വാക്കുകളുടെ മാന്ത്രികനായിരുന്നു ബേപ്പൂര്‍ സുല്‍ത്താന്‍ എന്ന വൈക്കം മുഹമ്മദ് ബഷീര്‍. കാല്‍പ്പനികതയുടെയും ആലങ്കാരികതയുടെയും അമിതഭാരമില്ലാതെ സാധാരണക്കാരന്റെ ഭാഷയില്‍ കഥ പറഞ്ഞാണ് ബഷീര്‍ വായനക്കാരെ ചിരിപ്പിച്ചതും ചിന്തിപ്പിച്ചതും.
നര്‍മവും വിമര്‍ശനവും കലര്‍ന്ന ശൈലിയിലൂടെ ജീവിതയാഥാര്‍ഥ്യങ്ങളെ വരച്ചിട്ട അദ്ദേഹത്തിന്റെ ഓരോ കൃതിയും മലയാളഭാഷയിലെ വിസ്മയങ്ങളായി മാറി. ഒരുപതിറ്റാണ്ടോളം നീണ്ട ലോകസഞ്ചാരത്തിലൂടെ ആര്‍ജിച്ച അനുഭവങ്ങളുടെ ദാര്‍ശനികഭാവം അദ്ദേഹത്തിന്റെ എഴുത്തിലും കാണാം. വൈക്കം തലയോലപ്പറമ്പില്‍ നിന്നെത്തി ബേപ്പൂര്‍ സുല്‍ത്താനായി മാറി വിശ്വസാഹിത്യത്തിന്റെ നെറുകയില്‍ നില്‍ക്കുമ്പോഴും സാധാരണക്കാരനായി ബഷീര്‍ ജീവിച്ചു.

ജീവിതത്തില്‍ തിക്തമായ അനുഭവങ്ങളും വേദനകളും ഏറ്റുവാങ്ങിയപ്പോഴും മനുഷ്യന്റെ നന്മയെ കണ്ടെത്താനാണ് ബഷീര്‍ ശ്രമിച്ചത്. തെറ്റുകള്‍ തുറന്നുപറയാന്‍ മടികാണിച്ചില്ല. ബഷീറിന്റെ ജീവിതം അകവും പുറവും ഒന്നായിരുന്നു. എഴുതാന്‍ പ്രത്യേകിച്ച് സമയമോ സന്ദര്‍ഭമോ ആവശ്യമുണ്ടായിരുന്നില്ല. എഴുതിത്തുടങ്ങിയാല്‍ ചിരിക്കാനുള്ളതാണെങ്കില്‍ ചിരിക്കും. കരയാനുള്ളതാണെങ്കില്‍ കരയും. അട്ടഹസിക്കാനുള്ളതാണെങ്കില്‍ അങ്ങനെയും.
വൈലാലില്‍ വീടിനു മുന്നിലെ മാങ്കോസ്റ്റിന്‍ മരച്ചുവട്ടില്‍നിന്ന് ഇപ്പോള്‍ സൈഗാളിന്റെ സംഗീതം ഉയരാറില്ല. അകത്തേക്ക് നീട്ടിവിളിച്ചുള്ള വിളി കേള്‍ക്കാറില്ല. എങ്കിലും അദൃശ്യസാന്നിധ്യമായി ബഷീര്‍ അവിടെയുണ്ട്. ഓര്‍മകളില്‍ മാത്രമല്ല, വൈലാലിലെ വീട്ടിലും പുറത്തും നമ്മുടെ കാലത്തും ബഷീര്‍ ജീവിച്ചുകൊണ്ടിരിക്കുന്നു. വൈലാലിലെ മുറിയില്‍ ചാരുകസേരയും കണ്ണടയുമായി ഓര്‍മകളുടെ ശേഖരം ഏറെയുണ്ട്. പാടിനിര്‍ത്തിയ ഗ്രാമഫോണും.

1994 ജൂലൈ അഞ്ചിന് അര്‍ധരാത്രിയായിരുന്നു അന്ത്യം. കഥകളുടെയും മറ്റു കൃതികളുടെയും അവസാനം ‘മംഗളം, ശുഭം’ എന്ന് എഴുതിപ്പോവുന്നതിനെക്കുറിച്ച് ഒരിക്കല്‍ പറഞ്ഞതിങ്ങനെ: ‘പേനയെടുത്ത് എഴുതുമ്പോള്‍ ഇത് മുഴുമിപ്പിക്കാന്‍ ഞാനുണ്ടാവുമോ എന്ന് എനിക്കുറപ്പില്ല. അതിനാല്‍ ഓരോ കഥയും പൂര്‍ത്തിയാവുമ്പോള്‍ സുന്ദര ഭൂഗോളത്തില്‍ പിന്നെയും ദിവസങ്ങള്‍ അനുവദിച്ചുതന്ന ദൈവത്തിനു നന്ദി പറയും. കഥയുടെ അവസാനം മംഗളവും ശുഭവും എഴുതും’.
ബഷീറിനൊരു സ്മാരകം എന്ന മുറവിളിക്ക് ഏറെക്കാലത്തെ പഴക്കമുണ്ട്. ഇതിനു പരിഹാരമായി സംസ്ഥാന സര്‍ക്കാരിന്റെ ലിറ്റററി സര്‍ക്യൂട്ടില്‍ ഉള്‍പ്പെടുത്തി ബേപ്പൂരില്‍ 7.37 കോടി രൂപ ചെലവില്‍ സ്മാരകം ഉയരുകയാണ്. ബഷീറിന്റെ ചരമദിനമായ ജൂലൈ അഞ്ചിന് എല്ലാ വര്‍ഷവും വൈലാലില്‍ വീട് അദ്ദേഹത്തെ സ്‌നേഹിക്കുന്നവരുടെ സംഗമവേദിയായി മാറാറുണ്ട്. 29ാം ചരമവാര്‍ഷിക ദിനമായ നാളെ പതിവുപോലെ ബഷീറിന്റെ സുഹൃത്തുക്കളും സാംസ്‌കാരിക പ്രവര്‍ത്തകരും ഒത്തുകൂടും. അനുസ്മരണ ചടങ്ങ് സ്പീക്കര്‍ എ.എന്‍ ഷംസീര്‍ ഉദ്ഘാടനം ചെയ്യും. കെ.പി സുധീരയുടെ അധ്യക്ഷതയില്‍ എം.എന്‍ കാരശ്ശേരി ബഷീര്‍ അനുസ്മരണ പ്രഭാഷണം നടത്തും. വിവിധ സ്‌കൂളുകളില്‍ നിന്നെത്തുന്ന കുട്ടികളുടെ സാന്നിധ്യമാണ് ഈ ഒത്തുചേരലിന്റെ പ്രത്യേകത. ഇത്തവണ നാലു വിദ്യാലയങ്ങളില്‍ നിന്നായി കുട്ടികളെത്തുമെന്ന് ബഷീറിന്റെ മകന്‍ അനീസ് ബഷീര്‍ പറഞ്ഞു.

29th-death-anniversary-of-vaikom-muhammad-basheer


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.