2021 April 18 Sunday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

കുല്‍ഭൂഷണ്‍ എവിടെയാണെന്ന് അറിയില്ല: കേന്ദ്ര സര്‍ക്കാര്‍

നീതിക്കായി ഏതറ്റം വരെയും പോകാന്‍ തയാര്‍: രാജ്‌നാഥ് സിങ്

ന്യൂഡല്‍ഹി: ചാരവൃത്തി ആരോപിച്ച് പാകിസ്താനിലെ പട്ടാള കോടതി വധശിക്ഷയ്ക്ക് വിധിച്ച കുല്‍ഭൂഷണ്‍ ജാദവ് എവിടെയാണുള്ളതെന്ന് അറിയില്ലെന്ന് കേന്ദ്രസര്‍ക്കാര്‍. ജാദവിനെ എവിടെയാണ് താമസിപ്പിച്ചിരിക്കുന്നതെന്നോ അദ്ദേഹത്തിന്റെ നിലവിലെ സ്ഥിതി എന്താണെന്നോ അറിയില്ലെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് ഗോപാല്‍ ബംഗ്ലായ് പറഞ്ഞു.
കഴിഞ്ഞ വര്‍ഷമാണ് കുല്‍ഭൂഷണ്‍ ജാദവിനെ പാകിസ്താന്‍ അറസ്റ്റ് ചെയ്തത്. ഇന്ത്യന്‍ നേവിയിലെ വിരമിച്ച ഉദ്യോഗസ്ഥനാണ് ജാദവ്. ജാദവ് നിരപരാധിയാണെന്നത് പാകിസ്താനെ ബോധ്യപ്പെടുത്താന്‍ ശ്രമിക്കുമെന്നും ബംഗ്ലായ് പറഞ്ഞു.
കുല്‍ഭൂഷണിന്റെ നീതിക്കായി ഏതറ്റം വരെയും പോകാന്‍ ഇന്ത്യ തയാറാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ് വ്യക്തമാക്കി. വിഷയത്തില്‍ ഇന്ത്യയുടെ നിലപാട് നേരത്തെ വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ് വ്യക്തമാക്കിയതാണെന്നും ഇതില്‍നിന്ന് ഒരടിപോലും പിന്നോട്ടില്ലെന്നും രാജ്‌നാഥ് പറഞ്ഞു.
വിഷയത്തില്‍ ഇന്ത്യക്കു പിന്തുണയുമായി അമേരിക്കയും അന്താരാഷ്ട്ര മനുഷ്യവകാശ സംഘടനയായ ആംനെസ്റ്റി ഇന്റര്‍നാഷനലും രംഗത്തെത്തിയിട്ടുണ്ട്. എന്നാല്‍, വിഷയത്തില്‍ പ്രതികരിക്കാനായിട്ടില്ലെന്ന് യു.എന്‍ അറിയിച്ചു. സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസിന്റെ വക്താവ് സ്റ്റഫനെ ദുജാറിക് ആണ് ഇക്കാര്യം അറിയിച്ചത്.
കുല്‍ഭൂഷണ്‍ ജാദവിനു വധശിക്ഷ വിധിച്ച പാകിസ്താന്‍ പട്ടാളകോടതിയുടെ നിലപാടിനെതിരേ രാജ്യം ഒറ്റക്കെട്ടായി രംഗത്തുവന്നിരുന്നു. വധശിക്ഷയുമായി മുന്നോട്ടു പോകാനാണ് പാകിസ്താന്റെ തീരുമാനമെങ്കില്‍ കര്‍ശനമായ നടപടികളുമായി മുന്നോട്ടുപോകേണ്ടി വരുമെന്ന് വിദേശകാര്യമന്ത്രി സുഷമാ സ്വരാജ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
കുല്‍ഭൂഷണ്‍ ജാദവിനെ തിരിച്ചു കൊണ്ടുവരാനായി ഇന്ത്യ എന്തു നടപടിയും സ്വീകരിക്കുമെന്ന് പാര്‍ലമെന്റില്‍ ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങും വ്യക്തമാക്കിയിരുന്നു.
എന്നാല്‍ കുല്‍ഭൂഷണ്‍ എവിടെയാണുള്ളതെന്നു പോലും അറിയാത്ത അവസ്ഥയാണ്. ഇറാനില്‍ ചെറിയ ബിസിനസ് നടത്തുകയായിരുന്ന കുല്‍ഭൂഷണ്‍ ജാദവിനെ അവിടെ നിന്നും തട്ടിക്കൊണ്ടുപോയതാകാമെന്നാണ് ഇന്ത്യ കരുതുന്നത്.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.