ഒഡിഷയിലെ ബാലസോറിൽ മൂന്ന് ട്രെയിനുകൾ അപകടത്തിൽപ്പെട്ട് 288 പേരുടെ ജീവൻ പൊലിഞ്ഞത് രാജ്യത്തെ അമ്പരപ്പിച്ച അതിദാരുണ സംഭവം തന്നെയാണ്. ദുരന്തത്തിന്റെ ഞെട്ടലിൽ നിന്നും രാജ്യം ഇതുവരെ മുക്തമായിട്ടില്ല. വെള്ളിയാഴ്ച രാത്രി 7.20 ഓടെയുണ്ടായ അപകടം രണ്ടു പതിറ്റാണ്ടിനിടെ രാജ്യം കണ്ട ഏറ്റവും വലിയ ട്രെയിൻ ദുരന്തങ്ങളിൽ ഒന്നാണ്. ഇന്ത്യൻ റെയിൽവെ ചരിത്രത്തിലെ മൂന്നാമത്തെ വലിയ ദുരന്തവുമാണ് ബാലസോറിലേത്. ലക്ഷ്യ സ്‌റ്റേഷനിലെത്താതെ ഒരു രാത്രി യാത്രയിൽ ട്രാക്കിൽ പൊലിഞ്ഞവരുടെ കുടുംബത്തെ ആശ്വസിപ്പിക്കാൻ രാജ്യത്തിന് വാക്കുകളില്ല. പരുക്കേറ്റ് ചികിത്സയിലുള്ളത് ആയിരത്തിലേറെ പേരാണ്. നിർത്തിയിട്ട ഗുഡ്‌സ് ട്രെയിനിൽ 130 കിലോമീറ്റർ വേഗതയിൽ എത്തിയ ഷാലിമാർ – ചെന്നൈ – കൊറോമണ്ടൽ എക്‌സ്പ്രസ് ഇടിച്ചുകയറി 22 ബോഗികൾ പാളം തെറ്റി. ഇതിൽ മൂന്നു ബോഗികളിലേക്ക് മറ്റൊരു ട്രാക്കിലൂടെ പോകുകയായിരുന്ന യശ്വന്ത്പൂർ – ഹൗറ സൂപ്പർ ഫാസ്റ്റ് ഇടിച്ചുകയറിയതാണ് അപകട തീവ്രത കൂട്ടിയത്. ബാലസോറിനടുത്ത ബഹനഗ റെയിൽവെ സ്റ്റേഷനാണ് ഒറ്റരാത്രി കൊണ്ട് ദുരന്തഭൂമിയായി മാറിയത്.
മാനുഷികമായ പിഴവാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. സിഗ്‌നൽ തകരാറിനെ തുടർന്ന് ഗുഡ്‌സ് നിർത്തിയിട്ട ട്രാക്കിലൂടെ കോറമണ്ടൽ എക്‌സ്പ്രസ് എത്തി പിന്നിലിടിക്കുകയായിരുന്നുവെന്നാണ് വിലയിരുത്തൽ. രണ്ട് ട്രെയിനുകൾ കൂട്ടിയിടിച്ചുണ്ടായ അപകടം അധികൃതരുടെ വീഴ്ച തന്നെയാണെന്ന വിലയിരുത്തലിലാണ് അന്വേഷകർ ഇപ്പോഴുള്ളത്. അപകടത്തെകുറിച്ച് ഉന്നതതല അന്വേഷണത്തിന് റെയിൽവെ മന്ത്രാലയം ഉത്തരവിട്ടിട്ടുണ്ട്. പ്രധാനമന്ത്രിയും ദുരന്തസ്ഥലം നേരിട്ട് സന്ദർശിച്ചു. റെയിൽവെ മന്ത്രി രാജിവയ്ക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടിട്ടുണ്ട്. ഈ ദുരന്തം, സുരക്ഷയിൽ റെയിൽവെ തുടരുന്ന അലംഭാവത്തിന്റെ ബാക്കിപത്രമാണെന്നതിൽ സംശയമില്ല. അതിനാൽ ഉത്തരവാദിത്വത്തിൽ നിന്ന് റെയിൽവെ മന്ത്രിക്കും കേന്ദ്ര സർക്കാരിനും കൈകഴുകാനാവില്ല.
വന്ദേഭാരത് പോലുള്ള ആഡംബര ട്രെയിനിനും അതിവേഗ ട്രെയിനിനും പിന്നാലെ പോയപ്പോൾ കേന്ദ്രം മറന്ന റെയിൽസുരക്ഷയുടെ രക്തസാക്ഷികളാണ് ബാലസോറിൽ ജീവൻ പൊലിഞ്ഞവർ. ട്രെയിനുകൾ തമ്മിലുള്ള കൂട്ടിയിടി ഒഴിവാക്കാൻ റെയിൽവെ ആവിഷ്‌കരിച്ച ‘കവച്’ എന്തുകൊണ്ട് ഒഡിഷയിൽ അപകടത്തിൽപ്പെട്ട ട്രെയിനുകളിൽ ഇല്ലാതെ പോയെന്ന് ഉത്തരവാദപ്പെട്ടവർ വിശദീകരിക്കണം. രാജ്യത്താകെ സർവിസ് നടത്തുന്ന ട്രെയിനുകളിലെല്ലാം സമയബന്ധിതമായി കവച് സുരക്ഷ ഏർപ്പെടുത്തുമെന്ന് അവകാശപ്പെട്ട കേന്ദ്ര സർക്കാർ, തെരഞ്ഞെടുപ്പ് ലക്ഷ്യമാക്കി വന്ദേഭാരതിനും മറ്റും പിന്നാലെ ട്രാക്ക് മാറിയോടിയപ്പോൾ സുരക്ഷയ്ക്ക് ചുവപ്പുസിഗ്നൽ നൽകിയതിന് രാജ്യം കൊടുക്കേണ്ടി വന്ന വലിയ വിലയാണിത്. നേരത്തെയും അപകടം നടന്ന പാതയായിരുന്നിട്ടും ഇതുവഴി സർവിസ് നടത്തുന്ന ട്രെയിനുകൾക്ക് കവച് സുരക്ഷയില്ല. ട്രെയിനുകളുടെ ഓരോ മിനിറ്റിലേയും യാത്ര കൃത്യമായി ഒരു കേന്ദ്രത്തിലിരുന്നു നിരീക്ഷിക്കാനും ഒരേ മേഖലകളിൽ ഓടികൊണ്ടിരിക്കുന്ന ട്രെയിനുകളുടെ വിവരം അങ്ങോട്ടെത്തുന്ന മറ്റ് ട്രെയിനുകൾക്ക് ലഭ്യമാക്കാനും സഹായിക്കുന്ന സംവിധാനമാണ് കവച്. ഈ സംവിധാനം അപകടത്തിൽപ്പെട്ട ട്രെയിനുകളിൽ ഉണ്ടായിരുന്നുവെങ്കിൽ അതിദാരുണമായ ദുരന്തം ഒഴിവാകുമായിരുന്നു.
പണം നൽകി യാത്ര ചെയ്യുന്നവർക്ക് മതിയായ സുരക്ഷ ഒരുക്കേണ്ട ഉത്തരവാദിത്വം റെയിൽവെയ്ക്കുണ്ട്. ആധുനിക സുരക്ഷ ഒരുക്കാനാകുന്ന തരത്തിൽ സാമ്പത്തിക ഭദ്രതയുണ്ടെങ്കിലും സുരക്ഷയുടെ കാര്യത്തിൽ അതിവേഗം പോയിട്ട് വേഗതപോലുമില്ല ഇന്ത്യൻ റെയിൽവെയ്ക്ക്. കണക്കുകൾ പരിശോധിച്ചാൽ മുൻ സാമ്പത്തിക വർഷത്തേക്കാൾ 42,370 കോടിയുടെ അധികവരുമാനമാണ് റെയിൽവെ നേടിയത്. കഴിഞ്ഞ വർഷം യാത്രാവരുമാനം 48,913 കോടിയായിരുന്നു. ഇതിൽ റിസർവ് ചെയ്ത യാത്രക്കാരിൽ നിന്നുള്ള വരുമാനം 38,483 കോടിയാണ്. ഇത്തരം യാത്രക്കാരുടെ എണ്ണം 56 ശതമാനമാണ് വർധിച്ചത്. അൺ റിസർവ്ഡ് കോച്ചുകളിൽ യാത്ര ചെയ്തവരിൽ നിന്ന് 10,430 കോടിയും വരുമാനമായി ലഭിച്ചു. വെയിറ്റിങ് ലിസ്റ്റ് ടിക്കറ്റ് നൽകുന്നതിലൂടെ ഒരു ദിവസം ഏഴു കോടി രൂപ റെയിൽവെ വരുമാനമുണ്ടാക്കുന്നുണ്ട്. ട്രെയിനിലെ ഭക്ഷണത്തിനും വില കുത്തനെ കൂട്ടി.
ലാഭമുണ്ടാക്കാൻ പലവഴികളാണ് റെയിൽവെ പരീക്ഷിക്കുന്നത്. ഇതൊക്കെ യാത്രക്കാരുടെ ജീവനെടുക്കാനിടവരുത്തുകയാണോ എന്ന ആശങ്കയാണ് ഇപ്പോൾ ഉയരുന്നത്. കഴിഞ്ഞ മാസമാണ് കോഴിക്കോട് ഓടികൊണ്ടിരുന്ന ആലപ്പുഴ – കണ്ണൂർ എക്‌സ്പ്രസിനുള്ളിൽ വച്ച് യാത്രക്കാർക്ക് മേൽ പെട്രോൾ ഒഴിച്ച് തീവച്ചത്. ഒരു മാസം പിന്നിടുമ്പോൾ അതേ ട്രെയിനിന്റെ ബോഗിക്ക് കണ്ണൂരിൽ വച്ചും തീയിട്ടു. രണ്ട് സംഭവങ്ങളും തമ്മിൽ ബന്ധമൊന്നുമില്ലെങ്കിലും ട്രെയിൻ യാത്രക്കാരുടെ സുരക്ഷയ്‌ക്കെതിരേ ഉയർന്ന വലിയ ചോദ്യമായിരുന്നു ഇത്. എലത്തൂരിൽ ട്രെയിൻ തീവച്ചപ്പോൾ പ്രാണരക്ഷാർഥം പുറത്തേക്കു ചാടിയ ഒരു കുട്ടിയടക്കം മൂന്നുപേരാണ് മരിച്ചത്. കണ്ണൂരിൽ നിർത്തിയിട്ട ട്രെയിനിലാണ് തീവച്ചതെന്നതിനാൽ വൻ അപകടം ഒഴിവായി.
എല്ലാ ട്രെയിനുകളിലും സി.സി.ടി.വി കാമറകളും പൊലിസിനെയും വിന്യസിപ്പിക്കുമെന്ന് പ്രഖ്യാപിച്ചുവെങ്കിലും ചില മെമു ട്രെയിനുകളിലും എൽ.എച്ച്.ബി കോച്ചുകളുള്ള തീവണ്ടികളിലും മാത്രമാണ് ഇപ്പോഴും സി.സി.ടി.വി കാമറകൾ ഉള്ളത്. ബാക്കി ട്രെയിനുകളിലും സി.സി.ടി.വി കാമറകൾ സ്ഥാപിക്കണമെന്ന ആവശ്യമുയർന്നിട്ടും അനുകൂല നടപടിയൊന്നുമായിട്ടില്ല. റെയിൽവെയുടെ കറവപ്പശു മാത്രമല്ല യാത്രക്കാർ. അന്തസും അവകാശങ്ങളുമുള്ള വ്യക്തികളുമാണവർ.
യാത്രക്കാരുടെ സുരക്ഷ ഒരുക്കുന്നതിൽ റെയിൽവെ തുടരെത്തുടരെ പരാജയപ്പെടുന്നു. റെയിൽവെയുടെ കണക്കനുസരിച്ച് കഴിഞ്ഞ വർഷം 35 വൻ അപകടങ്ങളും 165 ചെറിയ അപകടങ്ങളും സംഭവിച്ചിട്ടുണ്ടെന്നാണ് വ്യക്തമാകുന്നത്. ഇതിൽ പല അപകടങ്ങൾക്കും കാരണം സിഗ്നൽ തെറ്റിച്ചുള്ള ട്രെയിനുകളുടെ ഓട്ടം തന്നെയാണ്.
പരസ്യവാചകത്തിലെ ‘ശുഭയാത്ര’ സാർഥകമാകണമെങ്കിൽ കാലത്തിനനുസരിച്ച് റെയിൽവെ പരിഷ്‌കരിക്കപ്പെടണം. ഇതിന് വികസിത രാജ്യങ്ങളിലെ റെയിൽവെ സമ്പ്രദായത്തെ മാതൃകയാക്കാൻ ഇനിയും വൈകരുത്. സാമ്പത്തിക പ്രയാസം പറഞ്ഞ് ഉത്തരവാദിത്വത്തിൽ നിന്ന് റെയിൽവെ ഒഴിഞ്ഞുമാറരുത്. ഓരോ ദിവസവും ട്രെയിനിൽ യാത്ര ചെയ്യുന്ന ലക്ഷക്കണക്കിന് പേർ പല കുടുംബങ്ങളുടെയും അത്താണിയും ആശ്രയവുമാണ്. അവരുടെ ശരീരങ്ങൾ അധികൃതരുടെ അനാസ്ഥയിൽ ട്രാക്കിലും കംപാർട്ടുമെന്റിന്റെ ഇരുമ്പുകവചത്തിലും ചിതറിത്തെറിക്കാനുള്ളതല്ല.
ലോകത്തിലെ ഏറ്റവും വലിയ റെയിൽവെ ശൃംഖലയാണ് ഇന്ത്യയ്ക്കുള്ളത്. ആവശ്യത്തിലേറെ വരുമാനവുമുണ്ട്. എന്നിട്ടും അതിലെ യാത്രക്കാരുടെ ജീവനും സ്വത്തിനും സംരക്ഷണമൊരുക്കാൻ റെയിൽവെക്ക് കഴിയുന്നില്ല. മാപ്പർഹിക്കാത്ത കുറ്റം തന്നെയാണിത്.
Comments are closed for this post.