2021 August 01 Sunday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

മേല്‍മുറി മറക്കാത്ത ഒക്ടോബര്‍ 25

പി.കെ മുഹമ്മദ്

99 വര്‍ഷം മുന്‍പ് മലബാറിന്റെ മാപ്പിളമണ്ണില്‍ ബ്രിട്ടന്റെ വെള്ളപ്പട്ടാളം നടത്തിയ നരവേട്ട, ഒരു സമൂഹത്തെ അവരുടെ നാട്ടില്‍നിന്നു നിശേഷം നിഷ്‌കാസനം ചെയ്യുക എന്ന ദുഷ്ടലക്ഷ്യത്തിലായിരുന്നുവെന്ന് ചരിത്രം വ്യക്തമാക്കുന്നുണ്ട്. കൊടുംക്രൂരതയ്ക്ക് കുപ്രസിദ്ധി നേടിയ ഗൂര്‍ഖകളും ചിന്‍-കച്ചിന്‍ ചെകുത്താന്മാരും മലബാര്‍ സ്‌പെഷല്‍ ഫോഴ്‌സും കുറച്ചുകാലം ഏറനാട്, വള്ളുവനാട്, പൊന്നാനി തുടങ്ങിയ താലൂക്കുകളുടെ ഉള്‍ഭാഗങ്ങളില്‍ കടന്നുകയറി ചെയ്തുകൂട്ടിയ കാടത്തങ്ങളുടെ ചിത്രങ്ങള്‍ ചരിത്രരേഖകളില്‍ വായിച്ചെടുക്കുമ്പോള്‍, തലമുറകളെത്ര മാറിമറിഞ്ഞാലും മറക്കാന്‍ കഴിഞ്ഞെന്നുവരില്ല. ബ്രിട്ടിഷ് ഭരണാധികാരികളുടെ നെറികെട്ട വാഗ്ദത്തലംഘനത്തിനും നഗ്നമായ നീതിനിഷേധത്തിനും എതിരേ ഉയര്‍ന്നുവന്ന ജനരോഷത്തെ അടിച്ചമര്‍ത്തുകയല്ല, യഥാര്‍ഥത്തില്‍ വെടിവച്ചൊതുക്കുകയായിരുന്നു. 1921 ഒക്ടോബര്‍ 25 ന് മലപ്പുറത്തിനടുത്ത മേല്‍മുറിയില്‍ പട്ടാളം നടത്തിയ കൂട്ടക്കുരുതിയില്‍ നിരപരാധികളായ 246 മാപ്പിളജീവനുകളാണ് പച്ചയില്‍ പൊലിഞ്ഞത്.
ഡോ. എം. ഗംഗാധരന്റെ ‘മാപ്പിള പഠനങ്ങളില്‍’നിന്ന്: ‘1921 ആഗസ്റ്റ് 20-ന് പൊട്ടിപ്പുറപ്പെട്ട കലാപത്തെ നേരിടാനായി രണ്ടുമൂന്ന് ദിവസത്തിനകം തന്നെ ബാംഗ്ലൂരില്‍നിന്ന് ‘ഡോര്‍സെറ്റ്’ റജിമെന്റിലെ പട്ടാള യൂനിറ്റുകള്‍ മലബാറില്‍ വന്നു ചേര്‍ന്നു. കേണല്‍ റാഡ്ക്ലിഫിന്റെ കീഴില്‍ ഒരു പട്ടാളവിഭാഗം ആഗസ്റ്റ് 30-ന് അതിരാവിലെ തിരൂരങ്ങാടിയിലെത്തി. അന്നുതന്നെ ഉച്ചയോടുകൂടി മേജര്‍ ഹോപ്പിന്റെ കീഴില്‍ മറ്റൊരു വിഭാഗവും തിരൂരങ്ങാടിയിലെത്തി. ഡോര്‍സെറ്റ് റജിമെന്റുകാരായ വെള്ളപ്പട്ടാളക്കാര്‍ ക്രൂരതയില്‍ പ്രത്യേക ‘വൈദഗ്ധ്യം’ നേടിയവരായിരുന്നുവെന്ന് ലഹളക്കാലത്തെ പല സംഭവങ്ങളും സൂചിപ്പിച്ചു. അക്കാലത്ത് പട്ടാളത്തോടൊപ്പം ഉണ്ടായിരുന്ന സിവില്‍ ഓഫിസര്‍ എഫ്.ബി ഇവാന്‍സ്, നിരപരാധികളെ കൊല്ലാനും വീടുകള്‍ നശിപ്പിക്കാനും ഡോര്‍സെറ്റുകാര്‍ക്കുള്ള പ്രത്യേക മിടുക്കിനെ സൂചിപ്പിച്ചുകൊണ്ട് ‘മൊത്തത്തില്‍ ഈ ഡോര്‍സെറ്റുകാരുടെ അന്ത്യം കാണുന്നതില്‍ ഞാന്‍ വ്യസനിക്കില്ല’ എന്നാണ് 1921 നവംബര്‍ 12 ന് മലപ്പുറത്തുനിന്ന് മദിരാശിക്കയച്ച ഔദ്യോഗിക കത്തില്‍ പറഞ്ഞത് (പേജ് 66).

‘ഡോര്‍സെറ്റി’നേക്കാള്‍ ഭീകരന്മാര്‍ വേറെയുണ്ടായിരുന്നു. ‘ഗൂര്‍ഖകളും ചിന്‍-കച്ചിന്‍കാരും സാധാരണ യുദ്ധത്തിന്റെ വ്യവസ്ഥകളൊന്നും പാലിക്കാത്ത ഒരുതരം മൂര്‍ഖന്മാരായിരുന്നു. ഇംഗ്ലണ്ടില്‍നിന്നു പ്രസിദ്ധപ്പെടുത്തുന്ന ‘ആര്‍മി ക്വാര്‍ട്ടര്‍ലി റവ്യൂ’വില്‍ ‘മാപ്പിള കലാപ’ത്തെക്കുറിച്ചുള്ള ഒരു ലേഖനത്തില്‍ ഇക്കാര്യം എടുത്തുപറയുന്നുണ്ട്. ഗൂര്‍ഖാ പട്ടാളക്കാര്‍ മാപ്പിളമാരുടെ തല വെട്ടിക്കൊണ്ടുവരിക അന്ന് സാധാരണമായിരുന്നുവത്രെ! ചിന്‍-കച്ചിന്‍കാരെ ഒരുതരം രാക്ഷസന്മാരായിട്ടാണ് ആ ലേഖനമെഴുതിയ ലെഫ്. കേണല്‍ ചിത്രീകരിക്കുന്നത്. നായ്ക്കളെയും കാക്കകളെയും പാമ്പിനെയും അവര്‍ പിടിച്ചുതിന്നിരുന്നു. മലബാറില്‍വച്ച് ഒരിക്കല്‍ ഒരു ആനയെ വെടിവച്ചുകൊന്ന് ഇറച്ചി അവര്‍ തിന്നു! ഇത് പിന്നീട് ഫോറസ്റ്റ് ഡിപ്പാര്‍ട്ടുമെന്റുമായി വഴക്കിന് കാരണമായി എന്ന് സായ്പ് എഴുതുന്നു. മറ്റൊരിക്കല്‍ അവര്‍ ഒരു മുതലയെ പിടിച്ചു തിന്നുവത്രെ! ഇത്തരക്കാരുടെ ഒരു ബറ്റാലി യന്‍ പോരാഞ്ഞിട്ട് ഒരു ബറ്റാലിയന്‍ കൂടി ഗൂര്‍ഖാ പട്ടാളത്തെയും ഒരു ബറ്റാലിയന്‍ ‘ഗാര്‍വാളി’കളെയും നവംബര്‍ ആദ്യത്തില്‍ മലബാറില്‍ കൊണ്ടുവന്നു…” (മാ.പ. പുറം 74)

മേല്‍മുറി സംഭവം

‘ഗൂര്‍ഖകളും ചിന്‍-കച്ചിന്‍കാരും മറ്റും സ്ഥലത്തെത്തിയപ്പോള്‍ തങ്ങളുടെ ‘സമരവീര്യം’ വേണ്ടത്ര മതിക്കാതെപോയേക്കും എന്ന് കരുതിയിട്ടാവണം ആദ്യം എത്തിയ ‘ഡോര്‍സറ്റ്’ വെള്ളപ്പട്ടാളം ഒരു പണി പറ്റിച്ചു: ഒക്ടോബര്‍ 25-ന് മലപ്പുറത്തിനു സമീപമുള്ള മേല്‍മുറി അംശത്തിലെ മാപ്പിളമാരെ ഇവര്‍ വളഞ്ഞു. വൃദ്ധന്മാരേയും കുട്ടികളെയും ഒഴിവാക്കാതെ അപ്പോള്‍ പിടികിട്ടിയവരെയെല്ലാം- വീടുകളില്‍ കടന്നുപിടിച്ചുകൊണ്ടുവന്ന നിരായുധരായ സാധാരണക്കാരെ ഒന്നടങ്കം- ഇവര്‍ വെടിവച്ചുകൊന്നു. ആകെ 246 പേര്‍ അന്ന് അവിടെവച്ച് കൊല്ലപ്പെട്ടു എന്ന് ഗവണ്‍മെന്റ് രേഖകളില്‍ കാണുന്നു. ഈ നഗ്നമായ കശാപ്പില്‍ ചില ബ്രിട്ടിഷ് ഉദ്യോഗസ്ഥന്മാര്‍ക്കുതന്നെ വിഷമമുണ്ടായിരുന്നു. മേല്‍മുറിക്കാരോടുള്ള കടുപ്പമായ (ഡ്രാസ്റ്റിക്) നടപടി തന്നെയായിരുന്നു അതെന്നും നിര്‍ദോഷികളായ പലരും അന്ന് കൊല്ലപ്പെട്ടിട്ടുണ്ട് എന്നതില്‍ സംശയമില്ല’ എന്നും എഫ്.ബി ഇവാന്‍സ് എന്ന സിവില്‍ ഓഫിസര്‍ എഴുതി. അന്ന് മരിച്ചവരാരും കലാപക്കാരായിരുന്നില്ല എന്നും പക്ഷേ, ആ നടപടിക്ക് നല്ല ‘ധാര്‍മികഫലം’ ഉണ്ടായെന്നും അന്നത്തെ ഒരു അണ്ടര്‍ സെക്രട്ടറി എഴുതിക്കാണുന്നു. ഇതിനുശേഷം കീഴടങ്ങുന്നവര്‍ക്ക് ചില ‘ആനുകൂല്യ’ങ്ങള്‍ അനുവദിച്ചുകൊണ്ട് നവംബര്‍ രണ്ടാം വാരത്തില്‍ ഗവ. പ്രഖ്യാപനമുണ്ടായി. ഡിസംബര്‍ ഒന്നാം വാരമായപ്പോഴേക്കും ഇങ്ങനെ കീഴടങ്ങിയത് 27,000 പേര്‍ ആയിരുന്നുവെന്ന് സര്‍ക്കാര്‍ രേഖകളില്‍ കാണുന്നു’ (മാ.പ. പുറം 75).

ഓഗസ്റ്റിലെ ആക്രമണങ്ങളിലും മറ്റും പങ്കെടുത്തതിന് സെപ്റ്റംബര്‍ ആദ്യത്തില്‍ തിരൂര്‍, താനൂര്‍, പൊന്നാനി, പരപ്പനങ്ങാടി എന്നിവിടങ്ങളില്‍നിന്ന് പലരെയും അറസ്റ്റ് ചെയ്യുകയും ‘മാര്‍ഷ്യല്‍ ലോ’ വ്യവസ്ഥകളനുസരിച്ച് ചുരുക്കവിചാരണ ചെയ്ത് വിവിധ വകുപ്പുകള്‍ക്ക് രണ്ടുകൊല്ലം വീതം തടവിനു ശിക്ഷിക്കുകയും ചെയ്തു. മൊത്തം പന്ത്രണ്ടും പതിനാലും കൊല്ലം പലര്‍ക്കും കിട്ടി. സെപ്റ്റംബര്‍ ആറിനുള്ളില്‍ ഇങ്ങനെ മൊത്തം 350 പേരെ ശിക്ഷിച്ചതായി സര്‍ക്കാര്‍ രേഖകളില്‍ കാണുന്നു. ഈ അറസ്റ്റുകളും വിചാരണയും നടന്നുകൊണ്ടിരിക്കുമ്പോഴാണ് ഡോര്‍സെറ്റ് പട്ടാളക്കാര്‍ ഏറനാട്, വള്ളുവനാട് താലൂക്കുകളുടെ ഉള്‍ഭാഗങ്ങളിലേക്ക് മാര്‍ച്ച് ചെയ്തത്. സെപ്റ്റംബര്‍ രണ്ടിന് കേണല്‍ ഹെര്‍ബര്‍ട്ടിന്റെ കീഴില്‍ ഒരു സൈന്യവിഭാഗം ഏറനാട്ടിലും, സെപ്റ്റംബര്‍ അഞ്ചിന് മേജര്‍ ഹോപ്പിന്റെ കീഴില്‍ ഒരു വിഭാഗം വള്ളുവനാട്ടിലും പ്രവേശിച്ചു. വാസ്തവത്തില്‍ ഈ പട്ടാളക്കാര്‍ക്ക് യുദ്ധത്തിനൊരുങ്ങിനിന്ന കലാപകാരികളെ നേരിടേണ്ടി വന്നില്ല; ആരും അങ്ങനെ ഒരുങ്ങിനില്‍ക്കുന്നുണ്ടായിരുന്നില്ല എന്നതുതന്നെ കാരണം. പക്ഷേ, പട്ടാളത്തിന്റെ ഈ രംഗപ്രവേശം കലാപത്തെ വീണ്ടും ജ്വലിപ്പിക്കുവാനിടയായി. ഇതിനു കാരണമായത് ‘ഡോര്‍സെറ്റ്’ പട്ടാളക്കാരുടെ ചെയ്തികളാണ്. ഏറനാട്ടില്‍ പ്രവേശിച്ച പട്ടാളക്കാര്‍ കണ്ണില്‍കണ്ട മാപ്പിളമാരെയെല്ലാം ദ്രോഹിച്ചിരുന്നു. മഞ്ചേരിയില്‍ ചില മാപ്പിളമാരുടെ കടകള്‍ അവര്‍ കൊള്ള ചെയ്തു. ഇതില്‍ പങ്കുചേരാന്‍ ചില ഹിന്ദുക്കളെ അനുവദിക്കുകയും ചെയ്തു.

പട്ടാളം സ്ഥലം വിട്ടതിനു ശേഷം അവരുടെ ദ്രോഹങ്ങള്‍ സഹിക്കേണ്ടിവന്ന മാപ്പിളമാര്‍ പട്ടാളക്കാരെ സഹായിച്ചവരോട് പ്രതിക്രിയയ്‌ക്കൊരുങ്ങി. ലഹളക്കാരുടെ വലിയ അക്രമമായി കരുതിവരുന്ന തുവ്വൂരിലെ കൂട്ടക്കൊല ഇത്തരത്തിലുള്ള ഒരു പ്രതിക്രിയയായിരുന്നു. ഹിന്ദുക്കള്‍ മാത്രമല്ല, ചില മാപ്പിളമാരും അവിടെ കൊലചെയ്യപ്പെട്ടു എന്നത് ശ്രദ്ധേയമാണ് (മാ.പ. പുറം 68).

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.