കുവൈത്ത് സിറ്റി: കാലാവധി കഴിഞ്ഞതിനെ തുടർന്ന് കേടുവന്നതും മനുഷ്യ ഉപഭോഗത്തിന് അനുയോജ്യമല്ലാത്തതുമായ 277 ടൺ ഭക്ഷ്യവസ്തുക്കൾ നശിപ്പിച്ചു. ഈ ജനുവരി മുതൽ ഏപ്രിൽ അവസാനം വരെയുള്ള നാല് മാസ കാലയളവിൽ കാലാവധി കഴിഞ്ഞ ഭക്ഷ്യവസ്തുക്കളാണ് കുവൈത്ത് പബ്ലിക് അതോറിറ്റി ഫോർ ഫുഡ് ആൻഡ് ന്യൂട്രീഷന്റെ (PAFN) ഫർവാനിയ പരിശോധനാ വിഭാഗം നശിപ്പിച്ചത്.
ഭക്ഷ്യവസ്തുക്കളുടെ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി ചൊവ്വാഴ്ച ഡിപ്പാർട്ട്‌മെന്റ് ചില സെൻട്രൽ മാർക്കറ്റുകളിൽ പരിശോധന നടത്തി. പരിശോധനയിൽ ക്രമക്കേടുകൾ കണ്ടെത്തിയ ചില ഭക്ഷ്യ സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകിയിട്ടുണ്ട്. ചില സ്ഥാപനങ്ങളെ തുടർച്ചയായി നിരീക്ഷിക്കാനും തീരുമാനിച്ചിട്ടുണ്ട്.
ഭക്ഷ്യ വസ്തുക്കളുടെ സുരക്ഷയും ഉപയോഗ ക്ഷമതയും ഉറപ്പാക്കുന്നതിന് അതോറിറ്റി ഫോർ ഫുഡ് ആൻഡ് ന്യൂട്രീഷൻ പരിശോധനകൾ തുടരുമെന്ന് ആക്ടിംഗ് ഡയറക്ടർ ജനറൽ ഡോ. മിഷാൽ അൽ-സൗബി പറഞ്ഞു. എല്ലാ ഗവർണറേറ്റുകളിലും സെൻട്രൽ മാർക്കറ്റുകളിലും ഉൾപ്പടെ പരിശോധനകൾ തുടരും.
ആരോഗ്യ സർട്ടിഫിക്കറ്റ് ഇല്ലാതെ ഒരു തൊഴിലാളിയെയും ജോലിക്കെടുക്കരുതെന്നും ഭക്ഷണത്തിന്റെ കാര്യത്തിലുള്ള നിർദേശങ്ങൾ പിന്തുടരുന്നതിനും അവരുടെ സുരക്ഷ ഉറപ്പാക്കുന്നതിനും സൂപ്പർവൈസറി റോൾ സജീവമാക്കണമെന്ന് ആക്ടിംഗ് ഡെപ്യൂട്ടി ഡയറക്ടർ ജനറൽ സത്താം അൽ ജലാൽ പറഞ്ഞു.
Comments are closed for this post.