2022 July 02 Saturday
നല്ല മനുഷ്യന്‍ സ്‌നേഹം മൂലം അനുസരിക്കുന്നു, അല്ലാത്തവന്‍ ഭയം മൂലവും.       അരിസ്റ്റോട്ടില്‍

ഖത്തറിലെ സൈനിക താവളം; സഊദി അനുകൂല രാജ്യങ്ങളുടെ ആവശ്യം തുര്‍ക്കി തള്ളി

അഹമ്മദ് പാതിരിപ്പറ്റ

ദോഹ: ഖത്തറിലെ സൈനിക താവളം അടച്ചുപൂട്ടണമെന്ന നാല് അറബ് രാജ്യങ്ങളുടെ ആവശ്യം തുര്‍ക്കി തള്ളി. ഗള്‍ഫിലെ സുരക്ഷയ്ക്ക് വേണ്ടിയുള്ളതാണ് സൈനിക താവളമെന്നും ഇത് അടച്ചുപൂട്ടുന്നത് ഖത്തറുമായുള്ള ബന്ധത്തിലെ ഇടപെടലാണെന്നും തുര്‍ക്കി പ്രതിരോധ മന്ത്രി ഫിക്‌റി ഇസിക് പറഞ്ഞു.

താവളം അടച്ചുപൂട്ടാനുള്ള ആവശ്യം തുര്‍ക്കിക്ക് ഇതുവരെ ലഭിച്ചിട്ടില്ല. എന്നാല്‍, 2014ലെ കരാര്‍ പ്രകാരം ഖത്തറില്‍ സൈനിക താവളം സ്ഥാപിക്കാനുള്ള പദ്ധതി പുനപ്പരിശോധിക്കുന്ന കാര്യം ആലോചിക്കുന്നില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ഗള്‍ഫ് പ്രതിസന്ധി പരിഹരിക്കുന്നതിന് ഖത്തറിലെ തുര്‍ക്കി സൈനിക താവളം അടച്ചുപൂട്ടുന്നത് ഉള്‍പ്പെടെ 13 ആവശ്യങ്ങളുടെ പട്ടിക സൗദി സഖ്യം സമര്‍പ്പിച്ചതായ വാര്‍ത്തകളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

അങ്ങിനെയൊരു ആവശ്യമുണ്ടെങ്കില്‍ അത് ഉഭയകക്ഷി ബന്ധങ്ങളിലുള്ള ഇടപടെലാണെന്ന് ഇസിക് പറഞ്ഞു. ഖത്തറിലെ സാന്നിധ്യം ശക്തിപ്പെടുത്താനാണ് തുര്‍ക്കി ആഗ്രഹിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. അഞ്ച് കവചിത വാഹനങ്ങളും 23 തുര്‍ക്കി സൈനികരും വ്യാഴാഴ്ച ഖത്തറിലെത്തിയിരുന്നു. സൈനിക പരിശീലനത്തിന്റെയും സഹകരണത്തിന്റെയും ഭാഗമാണ് ഇവരുടെ സാന്നിധ്യം. 88 തുര്‍ക്കി സൈനികര്‍ നിലവില്‍ ഖത്തറിലുണ്ട്.

ഈദുല്‍ ഫിത്വര്‍ അവധിക്കു ശേഷം ഖത്തര്‍, തുര്‍ക്കി സംയുക്ത സൈനികാഭ്യാസം നടക്കുമെന്ന് ഹുര്‍റിയത്ത് പത്രം റിപോര്‍ട്ട് ചെയ്തു. 1,000ഓളം തുര്‍ക്കി സൈനികര്‍ അടുത്ത ദിവസങ്ങളില്‍ ഖത്തറിലെത്തും. തുര്‍ക്കി വ്യോമ സേനാ വിഭാഗവും ഇവിടെയെത്തും.

ഗള്‍ഫ് സുരക്ഷയിലുള്ള ഗുണപരമായ ചുവട് വയ്പാണ് തുര്‍ക്കി സൈനിക താവളം ശക്തിപ്പെടുത്തലെന്ന് ഇസിക് പറഞ്ഞു. ഇതു സംബന്ധമായി ഖത്തറുമായുണ്ടാക്കിയ കരാര്‍ പുനപ്പരിശോധിക്കുന്ന കാര്യം ഇപ്പോള്‍ അജണ്ടയിലില്ല. സൈനിക സഹകരണത്തോടൊപ്പം തന്നെ ഉപരോധത്തിന് പിന്നാലെ തുര്‍ക്കിയും ഖത്തറും തമ്മിലുള്ള വാണിജ്യ സഹകരണവും ശക്തമായി വരികയാണ്.


Read More… ഖത്തര്‍ ബഹിഷ്‌കരണം പിന്‍വലിക്കാന്‍ 13 ആവശ്യങ്ങളുമായി അറബ് രാജ്യങ്ങള്‍


സഊദി സഖ്യം ഖത്തറിന് മുന്നില്‍ സമര്‍പ്പിച്ച 13 ഇന ഉപാധികള്‍
 

1. ഇറാനുമായുള്ള നയതന്ത്ര ബന്ധം പരിമിതപ്പെടുത്തുകയും ഖത്തറിലുള്ള ഇറാന്‍ നയതന്ത്ര ഓഫിസ് പൂട്ടുകയും ചെയ്യുക. ഇറാന്‍ റവല്യൂഷനറി ഗാര്‍ഡ് അംഗങ്ങളെ പുറത്താക്കുകയും ഇറാനുമായുള്ള സൈനിക, ഇന്റലിജന്‍സ് സഹകരണം അവസാനിപ്പിക്കുകയും ചെയ്യുക. ഇറാനുമായുള്ള വ്യാപാര വാണിജ്യ ബന്ധം അമേരിക്കന്‍, അന്താരാഷ്ട്ര ഉപരോധത്തോട് യോജിച്ചു പോവുന്നതും ജി.സി.സിയുടെ സുരക്ഷയെ ബാധിക്കാത്തതുമായിരിക്കണം.

2. നിലവില്‍ ഖത്തറില്‍ നിര്‍മിച്ചു കൊണ്ടിരിക്കുന്ന തുര്‍ക്കി സൈനിക താവളം അടിയന്തരമായി അടച്ചുപൂട്ടുകയും ഖത്തര്‍ അതിര്‍ത്തിക്കകത്ത് തുര്‍ക്കിയുമായുള്ള സൈനിക സഹകരണം അവസാനിപ്പിക്കുകയും ചെയ്യുക.

3. എല്ലാ ഭീകര, വിഭാഗീയ, ആദര്‍ശ സംഘടനകളുമായുള്ള എല്ലാ ബന്ധങ്ങളും അവസാനിപ്പിക്കുക. പ്രത്യേകിച്ച് മുസ്്‌ലിം ബ്രദര്‍ഹുഡ്, അല്‍ഖാഇദ, ഫത്ഹ് അല്‍ശാം(നേരത്തേ നുസ്്‌റ ഫ്രണ്ട്), ലബ്്‌നാനിലെ ഹിസ്ബുല്ല എന്നിവയുമായുള്ള ബന്ധം. സൗദി സഖ്യം നല്‍കിയ പട്ടികയിലുള്ളതും ഭാവിയില്‍ പട്ടികയില്‍ ഉള്‍പ്പെടുത്തുന്നതുമായ എല്ലാ ഗ്രൂപ്പുകളെയും ഖത്തര്‍ ഔപചാരികമായി ഭീകര സംഘടനകളായി പ്രഖ്യാപിക്കണം.

5. സൗദി സഖ്യവും മറ്റു രാജ്യങ്ങളും ഭീകരരായി പ്രഖ്യാപിച്ചിട്ടുള്ള സംഘടനകള്‍ക്കും ഗ്രൂപ്പുകള്‍ക്കും നല്‍കുന്ന എല്ലാ തരത്തിലുള്ള സാമ്പത്തിക സഹായവും നിര്‍ത്തലാക്കണം.

6. സൗദി അറേബ്യ, യു.എ.ഇ, ഈജിപ്ത്, ബഹ്‌റൈന്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള ഭീകരരെയും ഒളിച്ചോടി വന്നവരെയും അതത് രാജ്യങ്ങള്‍ക്ക് കൈമാറുക. അവരുടെ സ്വത്തുവകകള്‍ മരവിപ്പിക്കുകയും അവരുടെ വാസ സ്ഥലം, നീക്കം, സാമ്പത്തിക കാര്യങ്ങള്‍ സംബന്ധിച്ചുള്ള വിവരങ്ങള്‍ കൈമാറുകയും ചെയ്യുക.

6. അല്‍ജസീറ നെറ്റ്‌വര്‍ക്കും അതുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന സ്റ്റേഷനുകളും അടച്ചുപൂട്ടുക.

7. പരമാധികാര രാഷ്ട്രങ്ങളുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടുന്നത് അവസാനിപ്പിക്കുക. സൗദി അറേബ്യ, യു.എ.ഇ, ഈജിപ്ത്, ബഹ്‌റൈന്‍ എന്നീ രാജ്യങ്ങള്‍ പിടികിട്ടേണ്ടവരായി പ്രഖ്യാപിച്ചിട്ടുള്ളവര്‍ക്ക് പൗരത്വം നല്‍കുന്നത് അവസാനിപ്പിക്കുക. നിയമ വിരുദ്ധമായി നിലവില്‍ പൗരത്വം നല്‍കിയിട്ടുള്ളവരുടേത് പിന്‍വലിക്കുക.

8. ഖത്തറിന്റെ അടുത്ത കാലത്തുള്ള നയങ്ങളുടെ ഭാഗമായി സംഭവിച്ചിട്ടുള്ള ധന, ജീവന്‍ നഷ്ടത്തിന് നഷ്ടപരിഹാരം നല്‍കുക. തുക എത്രയാണെന്ന് പിന്നീട് ഖത്തറുമായി കൂടിയാലോചിച്ച് തീരുമാനിക്കും.

9. ഖത്തര്‍ മറ്റ് ഗള്‍ഫ് അറബ് രാജ്യങ്ങളുമായി 2014ല്‍ സൗദിഅറേബ്യയില്‍ വച്ചുണ്ടാക്കിയ കരാര്‍ പ്രകാരം സൈനികമായും രാഷ്ട്രീയമായും സാമൂഹികമായും സാമ്പത്തികമായും സഹകരിച്ച് പ്രവര്‍ത്തിക്കണം.

10. സഊദി, യു.എ.ഇ, ഈജിപ്ത്, ബഹ്‌റൈന്‍ എന്നിവിടങ്ങളില്‍ ഖത്തര്‍ പിന്തുണ നല്‍കിയിട്ടുള്ള എല്ലാ പ്രതിപക്ഷ അംഗങ്ങളുടെയും വ്യക്തിഗത വിവരങ്ങളും നല്‍കിയ പിന്തുണയുടെ വിശദാംശങ്ങളും സമര്‍പ്പിക്കുക. ഈ രാജ്യങ്ങളിലെ രാഷ്ട്രീയ പ്രതിപക്ഷവുമായുള്ള എല്ലാ ബന്ധങ്ങളും അവസാനിപ്പിക്കുക.

11. ഖത്തര്‍ നേരിട്ടോ അല്ലാതെയോ സാമ്പത്തിക സഹായം നല്‍കുന്ന അറബി 21, റസ്ദ്, അല്‍അറബി അല്‍ജദീദ്, മെകമെലീന്‍, മിഡില്‍ ഈസ്റ്റ് ഐ തുടങ്ങിയ എല്ലാ വാര്‍ത്താ മാധ്യമങ്ങളും അടച്ചുപൂട്ടുക.

12. 10 ദിവസത്തിനകം എല്ലാ ആവശ്യങ്ങളും അംഗീകരിക്കുക. അതല്ലെങ്കില്‍ പട്ടിക റദ്ദായതായി പരിഗണിക്കപ്പെടും.

13. ആവശ്യങ്ങള്‍ അംഗീകരിച്ച ശേഷമുള്ള ആദ്യ വര്‍ഷം ഓരോ മാസത്തിലും ഉപാധികള്‍ പാലിക്കുന്നുണ്ടോ എന്നുറുപ്പു വരുത്താനുള്ള ഓഡിറ്റിങിനുള്ള അനുമതി നല്‍കുക. രണ്ടാം വര്‍ഷം ഓരോ നാല് മാസത്തിലും തുടര്‍ന്നുള്ള 10 വര്‍ഷം വാര്‍ഷിക അടിസ്ഥാനത്തിലും നിരീക്ഷണത്തിന് സംവിധാനമൊരുക്കണം.


 

 

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.