2021 June 20 Sunday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

നിസാമുദ്ദീനിലും ഹരിദ്വാറിലും കണ്ടത്

യു.എം മുഖ്താര്‍

 

ഇതെഴുതുമ്പോള്‍ രാജസ്ഥാനില്‍നിന്ന് ഹരിദ്വാറിലെ കുംഭ മേളയ്ക്ക് പോയ ഏതാനും പേരെ കൊവിഡ് ബാധിച്ച് തെഹ്‌രിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച വാര്‍ത്ത എന്‍.ഡി ടിവിയില്‍ സ്‌ക്രോള്‍ ചെയ്തുകൊണ്ടിരിക്കുകയാണ്. സംഭവം ഉത്തരാഖണ്ഡിലെ ആരോഗ്യവകുപ്പിനും പൊലിസ് വകുപ്പിനും വലിയതോതിലുള്ള പരിഭ്രാന്തിക്ക് കാരണമായിട്ടുണ്ടെന്നും ചാനലിലെ ഹരിദ്വാര്‍ ലേഖിക റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. കുംഭ മേള പരത്തിയ കൊവിഡിനെക്കുറിച്ച് മുഖ്യധാരാ മാധ്യമങ്ങള്‍ക്ക് വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിന് ‘പരിധി’യുള്ളതിനാല്‍ നവതലമുറയില്‍പ്പെട്ട ബദല്‍ വാര്‍ത്താ പോര്‍ട്ടലുകള്‍ പരിശോധിച്ചപ്പോള്‍ ചടങ്ങില്‍ പങ്കെടുത്ത രണ്ടായിരത്തോളം പേര്‍ കൊവിഡ് ബാധിതരായ വാര്‍ത്ത കണ്ടു.

12 വര്‍ഷം കൂടുമ്പോള്‍ ഒരിക്കല്‍ നടന്നുവരുന്ന ഹൈന്ദവ ആത്മീയ ആഘോഷമാണ് കുംഭ മേള. ചടങ്ങ് മാറ്റിവയ്ക്കണമെന്ന് പ്രതിപക്ഷത്തുനിന്നുപോലും കാര്യമായ ആവശ്യം ഉയര്‍ന്നില്ല. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു ചെറിയരീതിയില്‍ നടത്തണമെന്നെങ്കിലും ആവശ്യപ്പെടാമായിരുന്നു. അതും ഉണ്ടായില്ല. ദിനംപ്രതി കേസുകള്‍ രണ്ടുലക്ഷം പിന്നിട്ട് കൊവിഡ് കേസില്‍ ഇന്ത്യ ബ്രസീലിനെ പിന്തള്ളി രണ്ടാംസ്ഥാനത്തെത്തിയപ്പോഴും ജനലക്ഷങ്ങളെ പങ്കെടുപ്പിച്ച് ഒരു സംസ്ഥാനം പതിവ് തെറ്റിക്കാതെ കുംഭ മേള നടത്തുകയാണ്. അതിന്റെ തീവ്രത വരുംദിവസങ്ങളില്‍ മാത്രമേ അളക്കാനാവൂ.

നിസാമുദ്ദീന്‍

പതിമൂന്നാം നൂറ്റാണ്ടില്‍ ജനിച്ച സൂഫിവര്യനായ ഹസ്‌റത്ത് നിസാമുദ്ദീന്‍ ഔലിയയുടെ പേരിലറിയപ്പെടുന്ന പ്രദേശമാണ് ന്യൂഡല്‍ഹിയില്‍ നിന്ന് 10 മിനിറ്റ് യാത്ര ചെയ്താല്‍ എത്തുന്ന നിസാമുദ്ദീന്‍. അവിഭക്ത ഇന്ത്യയില്‍ ജാതി, മതഭേദമില്ലാതെ ആശ്വാസം തേടി ജനങ്ങളെത്തുന്ന പ്രധാനകേന്ദ്രമായതിനാല്‍ രാജ്യത്തെ ഏറ്റവും പ്രധാന തീര്‍ഥാടന കേന്ദ്രങ്ങളിലൊന്നായി നിസാമുദ്ദീന്‍ ദര്‍ഗ മാറി. അതിനാല്‍ ഇന്ത്യയിലെ പ്രധാന റെയില്‍വേ സ്റ്റേഷനുകളിലൊന്ന് നിസാമുദ്ദീന്‍ എന്ന പേരിലാണ്. റെയില്‍വേ സ്റ്റേഷന് തൊട്ടടുത്തുള്ള മര്‍കസ് മസ്ജിദ് സമുച്ഛയം ഇന്ത്യയിലെ തബ്‌ലീഗ് ജമാഅത്തിന്റെ ആസ്ഥാനം കൂടിയാണ്.

വിദേശത്തു നിന്നുള്‍പ്പെടെയുള്ള തബ്‌ലീഗ് ജമാഅത്ത് പ്രവര്‍ത്തകര്‍ സംഗമിക്കുന്ന സ്ഥലം. പലരും എത്തുക ഏഴുമുതല്‍ 40 ദിവസം വരെ നീണ്ടുനില്‍ക്കുന്ന സഹവാസത്തിനായിരിക്കും. ഇത്തരത്തിലുള്ള പതിവ് സമ്മേളനമായിരുന്നു കഴിഞ്ഞവര്‍ഷം പദ്ധതിയിട്ടിരുന്നത്. മറ്റു സംഘടനകളില്‍നിന്ന് വ്യത്യസ്തമായി തബ്‌ലീഗ് ജമാഅത്തുകാര്‍ പ്രചാരണത്തിനായി നോട്ടിസുകളും പോസ്റ്ററുകളും ഉപയോഗിക്കാറില്ലാത്തതിനാല്‍ അവരുടെ പരിപാടികള്‍ പുറംലോകം അറിയാറുമില്ല. ആത്മീയതയ്ക്കപ്പുറം ജീവിക്കുന്ന സാമൂഹിക ചുറ്റുപാടിലെ യാതൊരു വിഷയങ്ങളും ചര്‍ച്ചയ്ക്ക് വരാത്തവിധത്തിലാവും സമ്മേളനത്തിലെ ഓരോ സെഷനുകളും.

സമ്മേളനം നടക്കുമ്പോള്‍ ഇന്ത്യയിലെ ആകെ കൊവിഡ് കേസുകള്‍ അഞ്ഞൂറിന് അടുത്താണ്. സമ്മേളനം ഇല്ലാത്തപ്പോഴും പതിവായി നൂറുകണക്കിന് തബ്‌ലീഗ് പ്രവര്‍ത്തകര്‍ ഉണ്ടാവാറുള്ള സ്ഥലമാണ് മര്‍കസ്. കൊവിഡ് വ്യാപനമുണ്ടാവും മുമ്പേ തീരുമാനിച്ച സമ്മേളനമായിരുന്നതിനാല്‍ വിദേശകാര്യമന്ത്രാലയത്തിന്റെയും പൊലിസിന്റെയും അനുമതിയോടെയാണ് ചടങ്ങ് നടന്നത്. സമ്മേളനം തുടങ്ങി രണ്ടോ മൂന്നോ ദിവസം പിന്നിട്ടതോടെ പ്രധാനമന്ത്രി നരേന്ദ്രമോദി ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു. ഇതോടെ വിദേശികളും സ്വദേശികളുമായ 2,300 പേര്‍ മര്‍കസില്‍ കുടുങ്ങിയതോടെയാണ് ചിത്രം മാറുന്നത്.

ഹരിദ്വാര്‍

ദൈവത്തിലേക്കുള്ള വഴിയെന്നാണ് ഹിമാലയന്‍ മലനിരകളുടെ താഴ്‌വാരത്തുള്ള ഉത്തരാഖണ്ഡിലെ, ഹൈന്ദവവിശ്വാസികളുടെ ഈ പുണ്യനഗരിയുടെ അര്‍ഥം. ഗംഗാ നദിയുടെ സാന്നിധ്യത്താല്‍ സമ്പന്നമാണ് ഹരിദ്വാര്‍. മൂന്നര മണിക്കൂര്‍ മാത്രം യാത്രാ ദൈര്‍ഘ്യമുള്ള ഹരിദ്വാറും ഡല്‍ഹിയിലെ നിസാമുദ്ദീനും സമകാലിക ഇന്ത്യന്‍ സാമൂഹികപരിസരത്തിലെ ഇരട്ടത്താപ്പിനെ പ്രതിനിധീകരിക്കുന്ന രണ്ടു പേരുകളാണിപ്പോള്‍. അതും രാജ്യത്തെ പ്രതിദിന കൊവിഡ് കേസുകള്‍ രണ്ടുലക്ഷത്തിന് മുകളില്‍ റിപ്പോര്‍ട്ട് ചെയ്തുകൊണ്ടിരിക്കുമ്പോള്‍.

കൊവിഡ് മാനദണ്ഡങ്ങള്‍ നാട്ടുകാരെ പഠിപ്പിക്കേണ്ട ഉത്തരാഖണ്ഡ് മുഖ്യമന്ത്രി തിരഥ് സിങ് റാവത് കുംഭ മേളയുടെ സംഘാടകനായി മുന്നില്‍ നിന്നാണ് ചടങ്ങ് സംഘടിപ്പിച്ചത്. ഗംഗാ ദേവിയുടെ അനുഗ്രഹം കുംഭ മേളയ്ക്കുണ്ടെന്നും അതിനാല്‍ വൈറസ് പിടികൂടില്ലെന്നുമുള്ള അശാസ്ത്രീയതയും അന്ധവിശ്വാസവും കൂട്ടിക്കലര്‍ത്തിയുള്ള പ്രതികരണമായിരുന്നു ഇതേക്കുറിച്ച് മുഖ്യമന്ത്രിയില്‍ നിന്ന് ഉണ്ടായത്.

വിശ്വാസപരമായ കാര്യങ്ങള്‍ പൂര്‍ണമായും അവഗണിക്കാനാവില്ലെന്നും ദൈവത്തിലുള്ള വിശ്വാസംകൊണ്ട് കൊവിഡിനെക്കുറിച്ചുള്ള ഭീതി മറികടക്കാമെന്നുമായിരുന്നു തിരഥിന്റെ പ്രതികരണം. കഴിഞ്ഞമാസം ഏതാണ്ടെല്ലാ ഇംഗ്ലീഷ്, ഹിന്ദി പത്രങ്ങളിലെയും ഒന്നാം പേജില്‍ കുംഭ മേളയുടെ പരസ്യം വന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും തിരഥ് സിങ് റാവതിന്റെയും ചിത്രസഹിതം വന്ന പരസ്യത്തിന്റെ മധ്യത്തില്‍ വലിയ അക്ഷരങ്ങളില്‍ എല്ലാ ഭക്തര്‍ക്കും ഹൃദ്യമായ സ്വാഗതമെന്ന് എഴുതിവയ്ക്കുകയും ചെയ്തു.

ആളുകള്‍ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടോ എന്ന് ഉറപ്പുവരുത്താനായി 350 സി.സി ടിവി കാമറകള്‍ സ്ഥാപിക്കുമെന്ന് കുംഭ മേളയുടെ സുരക്ഷാ ചുമതലയുണ്ടായിരുന്ന ഐ.ജി സഞ്ജയ് ഗഞ്ജ്യാല്‍ പറഞ്ഞിരുന്നു. എന്നാല്‍, കുംഭ മേളയ്ക്ക് എത്തിയവര്‍ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചില്ല. മാസ്‌ക് ധരിക്കാതെ, സാമൂഹികഅകലം പാലിക്കാതെ തിക്കിത്തിരക്കി നടക്കുന്ന ചിത്രങ്ങള്‍ മാധ്യമങ്ങളിലും സോഷ്യല്‍മീഡിയകളിലും പ്രചരിച്ചെങ്കിലും ഇതിന്റെ പേരില്‍ ഒരു കേസ് പോലും എടുത്തതേയില്ല. കുംഭ മേളയിലെ പ്രധാന ചടങ്ങായ സ്‌നാനത്തില്‍ പങ്കെടുക്കാന്‍ സ്ത്രീ, പുരുഷ, പ്രായ ഭേദമില്ലാതെ ഗംഗാ തീരത്തെത്തിയത് ഇരുപത് ലക്ഷത്തിനടുത്ത് ആളുകളാണ്.

അതായത് നിസാമുദ്ദീന്‍ മര്‍കസില്‍ ഉണ്ടായിരുന്ന 2,300 പേരുടെ 900 ഇരട്ടിയോളം പേര്‍. ഒടുവില്‍ മാനദണ്ഡങ്ങള്‍ പാലിക്കാതിരുന്ന വിശ്വാസികളെ കണ്ട് ഐ.ജി സഞ്ജയ് ഗുഞ്ജ്യാല്‍, കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശിച്ച കൊവിഡ് മാനദണ്ഡങ്ങള്‍ പൂര്‍ണമായും നടപ്പാക്കാനായില്ലെന്ന് സമ്മതിച്ചു. അപ്പോഴും കേസെടുക്കാന്‍ തയാറായില്ല.

നമ്മള്‍ തബ്‌ലീഗുകാരോട് ചെയ്തത്

പ്രശസ്ത ചലച്ചിത്ര പ്രവര്‍ത്തകന്‍ രാംഗോപാല്‍ വര്‍മ ട്വീറ്റ് ചെയ്ത പോലെ, അറിയാതെ പറ്റിപ്പോയ അബദ്ധമായിരുന്നു തബ്‌ലീഗുകാരുടേത്. കാരണം അവര്‍ സമ്മേളനം തീരുമാനിക്കുമ്പോള്‍ രാജ്യത്ത് കൊവിഡ് മാനദണ്ഡം നിലവില്‍ വന്നിട്ടില്ലായിരുന്നു. രാജ്യം അടച്ചിടുമെന്ന സൂചനയും ഇല്ലായിരുന്നു. ഇന്ത്യയില്‍ ആകെ 500 രോഗികള്‍ മാത്രമാണ് അപ്പോള്‍ ഉണ്ടായിരുന്നത്. ലോക്ക്ഡൗണില്‍ നാട്ടിലേക്ക് പോവാനാവാതെ നിസാമുദ്ദീന്‍ മര്‍കസില്‍ കുടുങ്ങിപ്പോയ തബ്‌ലീഗ് ജമാഅത്തുകാരെ പിന്നീട് ഭരണകൂടം വളരെ മോശമായാണ് നേരിട്ടത്. വിദേശത്തുനിന്നെത്തിയ 950 പ്രവര്‍ത്തകരെ വിദേശകാര്യമന്ത്രാലയം കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തി.

സമ്മേളനത്തിനെത്തിയ എല്ലാവര്‍ക്കെതിരേയും കൊവിഡ് മാനദണ്ഡം ലംഘിച്ചതിന് ക്രിമിനല്‍ കേസെടുക്കണമെന്ന് ആഭ്യന്തരമന്ത്രാലയം ഡല്‍ഹി പൊലിസിന് നിര്‍ദേശം കൊടുത്തു. ഐ.പി.സി, ഫോറിനേഴ്‌സ് ആക്ട്, ഡിസാസ്റ്റര്‍ മാേനജ്‌മെന്റ് ആക്ട് വകുപ്പുകള്‍ ചുമത്തുകയും ചെയ്തു. രാജ്യത്തെ പൗരന്‍മാരായ തബ്‌ലീഗുകാര്‍ക്കെതിരേ വിവിധ സംസ്ഥാനങ്ങള്‍ വേറെയും കുറ്റങ്ങള്‍ ചുമത്തി.

ഇതിനിടെ ശരിയാംവിധം ഭക്ഷണം ലഭിക്കാതെ ക്വാറന്റൈനില്‍ കഴിയുകയായിരുന്ന രണ്ട് തബ്‌ലീഗ് പ്രവര്‍ത്തകര്‍ മരിച്ചു. സുല്‍ത്താന്‍പുരിയിലെ ക്വാറന്റൈന്‍ കേന്ദ്രത്തിലാക്കിയ തബ്‌ലീഗുകാര്‍ക്ക് പ്രഭാത ഭക്ഷണം 11 മണിക്കായിരുന്നു ലഭിച്ചത്. ഉച്ചയ്ക്ക് ഭക്ഷണമില്ല. രാത്രി 10-11ന് ഭക്ഷണം കിട്ടും. മോശമായ ഭക്ഷണമായതിനാലും സമയത്ത് ലഭിക്കാത്തതിനാല്‍ ആരോഗ്യനില വഷളായുമാണ് തമിഴ്‌നാട്ടുകാരായ ഹാജി റിസ്‌വാനും മുഹമ്മദ് മുസ്തഫയും മരിച്ചത്. രണ്ടുപേരും പ്രമേഹരോഗികളായിരുന്നു. പ്രമേഹമരുന്നും ക്രമംതെറ്റിയ ഭക്ഷണവുംമൂലമാണ് മരിച്ചതെന്ന് ഡോക്ടര്‍മാര്‍ സ്ഥിരീകരിക്കുകയും ചെയ്തു.

ഒരുവിഭാഗം മാധ്യമങ്ങള്‍ അതിനിഷ്ഠുരമായാണ് തബ്‌ലീഗുകാരെ കുറിച്ച് വാര്‍ത്തകള്‍ നല്‍കിയത്. തബ്‌ലീഗ് കൊറോണ എന്നും കൊറോണ ജിഹാദ് എന്നും വലിയ തലക്കെട്ടോടെയും അടിക്കുറിപ്പോടെയും മര്‍കസ് സമ്മേളനത്തെക്കുറിച്ചുള്ള വാര്‍ത്തകള്‍ നല്‍കി. പ്രമുഖ മലയാള മാധ്യമം വരെ ‘തബ്‌ലീഗ് കൊറോണ’ എന്ന തലക്കെട്ട് നല്‍കി. തബ്‌ലീഗുകാര്‍ ആശുപത്രിയില്‍ മൂത്രമൊഴിച്ചു, ക്വാറന്റൈന്‍ കേന്ദ്രത്തിന് പുറത്തേക്ക് തുപ്പി, ആശുപത്രി ജീവനക്കാര്‍ക്ക് മുന്‍പില്‍ നഗ്നത പ്രദര്‍ശിപ്പിച്ചു എന്നതുള്‍പ്പെടെയുള്ള വ്യാജ ആരോപണങ്ങള്‍ വരെ ഒരുവിഭാഗം മാധ്യമങ്ങള്‍ വാര്‍ത്തയായി അവതരിപ്പിക്കുകയും ചെയ്തു. കൊറോണ ജിഹാദ് എന്ന് വിശേഷിപ്പിച്ച സംഘ്പരിവാര്‍ അനുകൂല മാധ്യമങ്ങള്‍ കുംഭ മേളയിലെത്തിയവരെ ഭക്തര്‍ എന്നാണ് വിശേഷിപ്പിച്ചത്.

തബ്‌ലീഗുകാരുടെ മറുപടി

നമ്മള്‍ അതിക്രൂരമായി തബ്‌ലീഗ് ജമാഅത്തുകാരെ വേട്ടയാടിയെങ്കിലും പതിവ് പുഞ്ചിരിയോടെയാണ് അവര്‍ പ്രതികരിച്ചത്. കൊവിഡ് മുക്തരായ അവര്‍ അത്യാസന്ന നിലയിലുള്ള രോഗികളുടെ ജീവന്‍ രക്ഷിക്കാനായി പ്ലാസ്മ ദാനം ചെയ്തു. കൃത്യമായ പ്രതിരോധസംവിധാനം രൂപപ്പെട്ടിട്ടില്ലാത്തതിനാല്‍ ആ സമയത്ത് കൊവിഡ് ഭേദപ്പെടുത്താന്‍ ലഭ്യമായതില്‍ ഏറ്റവും ഫലപ്രദമായ ചികിത്സകളിലൊന്നായിരുന്നു പ്ലാസ്മ തെറാപ്പി.

രോഗം ഭേദമായി രണ്ടാഴ്ചയ്ക്ക് ശേഷമാണ് പ്ലാസ്മ വേര്‍തിരിക്കാനായി രോഗം മാറിയവര്‍ക്ക് രക്തം ദാനം ചെയ്യുക. ഈ പ്ലാസ്മ രോഗബാധിതരുടെ ശരീരത്തിലേക്ക് കുത്തിവയ്ക്കുന്നതോടെ ഇവര്‍ക്കും രോഗപ്രതിരോധശേഷി കൈവരുമെന്നും ലക്ഷണങ്ങള്‍ കുറഞ്ഞ് പെട്ടെന്ന് സുഖം പ്രാപിക്കുമെന്നുമാണ് വിദഗ്ധര്‍ പറയുന്നത്. രോഗം ഭേദമായി സുല്‍ത്താന്‍പുരിയിലെ ക്വാറന്റൈന്‍ കേന്ദ്രത്തില്‍ കഴിയുന്നവരും പ്ലാസ്മ ദാനം ചെയ്തിരുന്നു. ഈ കേന്ദ്രത്തില്‍ വച്ചായിരുന്നു രണ്ടു തബ്‌ലീഗുകാര്‍ ശരിയായി ഭക്ഷണവും മരുന്നും ലഭിക്കാതെ മരിച്ചത്.

രോഗം ഭേദപ്പെട്ടവര്‍ പ്ലാസ്മ ദാനംചെയ്യാന്‍ സന്നദ്ധരായി മുന്നോട്ടുവരണമെന്ന ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ അഭ്യര്‍ഥന മാനിച്ച് ആദ്യം രംഗത്തുവന്നതും തബ്‌ലീഗ് ജമാഅത്തുകാരായിരുന്നു. തബ്‌ലീഗ് ജമാഅത്തുകാരെ കുറ്റപ്പെടുത്തുന്നതില്‍ കെജ്‌രിവാളും ഒട്ടും പിന്നിലായിരുന്നില്ല. ആരോപണങ്ങളുണ്ടായി ഒരുവര്‍ഷത്തിന് ശേഷമാണ് വിദേശികളായ പലരും നാട്ടിലേക്ക് മടങ്ങിയിരുന്നത്. പിടിച്ചുവച്ച പാസ്‌പോര്‍ട്ട് കഴിഞ്ഞമാസമാണ് പലര്‍ക്കും വിദേശകാര്യമന്ത്രാലയം തിരിച്ചുനല്‍കിയത്. എന്നാല്‍, തങ്ങള്‍ക്ക് പരിഭവമില്ലെന്നും ഇന്ത്യന്‍ മാധ്യമങ്ങളെ കുറിച്ച് ഒന്നും തന്നെ പറയാനില്ലെന്നുമായിരുന്നു കഴിഞ്ഞമാസം നാട്ടിലേക്ക് മടങ്ങിയവരുടെ പ്രതികരണം.

‘തബ്‌ലീഗുകാര്‍ അതേക്കുറിച്ച് അറിയാതെയാണെങ്കില്‍ എല്ലാം അറിഞ്ഞിട്ടും ഒരു വര്‍ഷത്തിനു ശേഷം ഇങ്ങനെ ചെയ്ത നമ്മള്‍ ഹിന്ദുക്കള്‍ മുസ്‌ലിംകളോട് മാപ്പുചോദിക്കണമെന്ന്’ രാംഗോപാല്‍ വര്‍മ ട്വീറ്റ് ചെയ്തിരുന്നു. തബ്‌ലീഗുകാര്‍ ട്വിറ്ററിലുണ്ടാവാന്‍ സാധ്യതയില്ലാത്തതിനാല്‍ രാം ഗോപാലിന്റെ ഈ മാപ്പപേക്ഷ അവര്‍ കണ്ടിരിക്കാനും ഇടയില്ല.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.