
തിരുവനന്തപുരം
അയൽ സംസ്ഥാനങ്ങളിലെ മെഡിക്കൽ കോളജുകളിൽ ഓരോ വർഷവും എം.ബി.ബി.എസ് സീറ്റുകൾ വർധിപ്പിക്കുമ്പോൾ കേരളത്തിൽ കൂടിയിട്ട് അഞ്ചുവർഷം. 2016ൽ പിണറായി വിജയൻ സർക്കാർ അധികാരത്തിലേറുമ്പോൾ ഉണ്ടായിരുന്ന എം.ബി.ബി.എസ് സീറ്റുകൾ തന്നെയാണ് ഇപ്പോഴും സംസ്ഥാനത്തുള്ളത്. ഇക്കാലയളവിൽ അയൽ സംസ്ഥാനങ്ങളിൽ വലിയതോതിൽ എം.ബി.ബി.എസ് സീറ്റുകൾ വർധിക്കുകയും ചെയ്തു. ഈ വർഷം എം.കെ സ്റ്റാലിൻ തമിഴ്നാട്ടിൽ അധികാരമേറ്റെടുത്ത ശേഷം ഒന്നിലധികം ഘട്ടങ്ങളിലായി 1,450 എം.ബി.ബി.എസ് സീറ്റുകളാണ് കൂട്ടിയത്.
കേരളത്തിൽ എം.ബി.ബി.എസിന് ആകെ 3,755 സീറ്റുകളാണുള്ളത്. ഇതിൽ 1,555 എണ്ണം സർക്കാർ മെഡിക്കൽ കോളജുകളിലും 2,000 സീറ്റുകൾ സ്വാശ്രയ മെഡിക്കൽ കോളജുകളിലുമാണ്. സർക്കാർ കോളജിലെ 15 ശതമാനം അഖിലേന്ത്യാ ക്വാട്ടയാണ്. ബാക്കിയുള്ള 85 ശതമാനം സീറ്റുകളിലേക്കാണ് സംസ്ഥാന പ്രവേശന കമ്മിഷണർ അലോട്ട്മെന്റ് നടത്തുക. സർക്കാർ മെഡിക്കൽ കോളജിലെ 1,555ൽ 130 സീറ്റുകളിൽ മുന്നോക്ക സംവരണവുമാണ്.
തമിഴ്നാട്ടിൽ ആകെ 9,100 എം.ബി.ബി.എസ് സീറ്റുകളാണുള്ളത്. കർണാടകയിൽ 9,345 സീറ്റുകളും മഹാരാഷ്ട്രയിൽ 9,000 സീറ്റുകളുമുണ്ട്. ഉമ്മൻചാണ്ടി സർക്കാർ കാലത്ത് അഞ്ചു സർക്കാർ മെഡിക്കൽ കോളജുകളിലായി ആകെ 850 സീറ്റുകൾ മാത്രമാണ് ഉണ്ടായിരുന്നത്. എന്നാൽ, അഞ്ചു വർഷം കൊണ്ട് മഞ്ചേരി മെഡിക്കൽ കോളജ് ഉൾപ്പെടെ കൊണ്ടുവരികയും ആകെ പത്ത് സർക്കാർ മെഡിക്കൽ കോളജുകളിലായി 1400നടുത്ത് സീറ്റുകളാക്കുകയും ചെയ്തു.
ആ അവസ്ഥയിൽനിന്ന് ഇപ്പോഴും കാര്യമായ മാറ്റം ഉണ്ടായിട്ടില്ലെന്നാണ് ഇപ്പോഴത്തെ സീറ്റുകളുടെ എണ്ണത്തിൽനിന്ന് വ്യക്തമാകുന്നത്. അതേസമയം, മെഡിക്കൽ അനുബന്ധ കോഴ്സുകളിലെ പ്രവേശനത്തിനുള്ള സംസ്ഥാന റാങ്ക് പട്ടിക ശനിയാഴ്ച പ്രസിദ്ധീകരിക്കുമെന്ന് അറിയിച്ചിരുന്നുവെങ്കിലും അതുണ്ടായില്ല. നീറ്റ് ഫലം അപ്ലോഡ് ചെയ്യാൻ വിദ്യാർഥികൾക്ക് കൂടുതൽ സമയം അനുവദിച്ചതിനാലാണിത്.