2024 February 25 Sunday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

അവിവാഹിതരായ സഊദി പൗരന്‍മാര്‍ക്ക് വീട്ടുജോലിക്കാരെ നിയമിക്കാന്‍ 24 വയസ് നിര്‍ബന്ധം

റിയാദ്: അവിവാഹിതരായ സഊദി പൗരന്‍മാര്‍ക്ക് വീട്ടുജോലിക്കാരെ നിയമിക്കുന്നതിന് 24 വയസ് നിര്‍ബന്ധമാക്കി. സഊദി പുരുഷനോ,സ്ത്രീക്കോ ഗാര്‍ഹിക തൊഴിലാളി വിസ ലഭിക്കുന്നതിനുള്ള കുറഞ്ഞ പ്രായപരിധി 24 വയസ്സാണെന്ന് റിക്രൂട്ട്മെന്റ് ചട്ടങ്ങള്‍ അനുശാസിക്കുന്നതായി ഹ്യൂമന്‍ റിസോഴ്സസ് ആന്‍ഡ് സോഷ്യല്‍ ഡെവലപ്മെന്റ് മന്ത്രാലയം അറിയിച്ചു.

ഗാര്‍ഹിക തൊഴിലാളി വിസ നടപടികള്‍ പൂര്‍ത്തിയാക്കുന്ന മന്ത്രാലയത്തിനു കീഴിലുള്ള മുസാനിദ് പ്ലാറ്റ്ഫോം ആണ് ഇത് സംബന്ധിച്ച് വിശദീകരണം നല്‍കിയത്. വിസയ്ക്ക് അപേക്ഷിക്കുന്നവര്‍ https://musaned.com.sa/terms/faq_reg എന്ന ലിങ്ക് വഴി വിസ നേടാനുള്ള യോഗ്യത പരിശോധിക്കണം. റിക്രൂട്ട്മെന്റ് ചട്ടങ്ങള്‍ക്ക് അനുസൃതമായി സമര്‍പ്പിക്കുന്ന അപേക്ഷകള്‍ മാത്രമാണ് പരിഗണിക്കുകയെന്നും മുസാനിദ് പ്ലാറ്റ്ഫോം അറിയിച്ചു.

അപേക്ഷകന്റെ സാമ്പത്തിക ശേഷിക്കനുസരിച്ച് മാത്രമാണ് ഗാര്‍ഹിക തൊഴിലാളി വിസ അനുവദിക്കുക. ജോലിക്കാരെ നിയമിക്കാനുള്ള സാമ്പത്തിക ശേഷി തെളിയിക്കണം. സഊദി പൗരന്‍മാര്‍, ജിസിസി രാജ്യങ്ങളിലെ പൗരന്മാര്‍, സൗദി പൗരന്റെ വിദേശി ഭാര്യ, സൗദി പൗരന്റെ വിദേശി മാതാവ്, പ്രത്യേക പരിഗണന അര്‍ഹിക്കുന്ന ഗോത്രവിഭാഗക്കാര്‍, പ്രീമിയം ഇഖാമയുള്ള വിദേശികള്‍ എന്നിവര്‍ക്ക് വിസയ്ക്ക് അപേക്ഷിക്കാം.

   

ഒരു വിസ അനുവദിക്കാന്‍ വരുമാനം തെളിയിക്കുന്നതിനൊപ്പം 40,000 റിയാല്‍ ബാങ്ക് ബാലന്‍സ് രേഖകള്‍ ഹാജരാക്കണം. വിസ ഇഷ്യൂ ചെയ്യുമ്പോള്‍ ശമ്പളം വ്യക്തമാക്കിയാല്‍ മതിയാകും. രണ്ടാമത്തെ വിസ ലഭിക്കാന്‍ ഏറ്റവും കുറഞ്ഞ ശമ്പളം 7000 റിയാലാണ്. കൂടാതെ ബാങ്ക് ബാലന്‍സ് 60,000 റിയാല്‍ വേണം. മൂന്നാമത്തെ വിസ നല്‍കുന്നതിന് ആവശ്യമായ ഏറ്റവും കുറഞ്ഞ ശമ്പളം 25,000 റിയാല്‍ ആണ്. ബാങ്ക് അക്കൗണ്ടില്‍ 200,000 റിയാല്‍ ഉണ്ടായിരിക്കുകയും വേണം.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.