പാലക്കാട്
പുതുപ്പരിയാരം ഓട്ടൂർക്കാവിൽ വൃദ്ധരായ മാതാപിതാക്കളെ അരുംകൊല നടത്തിയ മകൻ സനൽ പിടിയിൽ. കൊലപാതകം നടന്ന വീട്ടിൽനിന്ന് കണ്ടെടുത്ത സിറിഞ്ചുകളിൽനിന്ന് കൃത്യം ചെയ്യുന്ന സമയത്ത് സനൽ മയക്കുമരുന്ന് ഉപയോഗിച്ചിരുന്നെന്ന പ്രാഥമിക നിഗമനത്തിലാണ് പൊലിസ്.
ചന്ദ്രനെയും ദേവിയെയും മകൻ സനൽ ക്രൂരമായാണ് വെട്ടിക്കൊലപ്പെടുത്തിയത്. ഇരുവരുടെയും മുഖത്ത് നിരവധി വെട്ടേറ്റിരുന്നു. കൃത്യം നടന്നതിന് ശേഷം സനൽ ഒളിവില്‍ പോവുകയായിരുന്നു. മൈസൂരിൽ ഒളിവിൽ പോയിരുന്ന പ്രതിയെ സഹോദരൻ പാലക്കാട്ടേക്ക് വിളിച്ചു വരുത്തുകയായിരുന്നു. പുതുപ്പരിയാരത്തെ വീട്ടിലെത്തിയ പ്രതിയെ നാട്ടുകാരാണ് പിടികൂടി പൊലിസിലേൽപിച്ചത്. ഇന്നലെ രാവിലെ 7.30 ഓടെയാണ് പ്രതി വീട്ടിലെത്തിയതെന്ന് അയൽവാസികൾ പറയുന്നു. ഓട്ടോയിലാണ് വന്നത്.
ഗേറ്റ് പൂട്ടിയിട്ടത് കണ്ട് തിരികെ പോകാനൊരുങ്ങി. ഉടനെ പൊലിസിൽ വിവരമറിയിക്കുകയും പൊലിസിൻ്റെ നിർദേശ പ്രകാരം ഓട്ടോയെ പിന്തുടര്‍ന്നാണ് പ്രതിയെ പിടികൂടിയതെന്ന് നാട്ടുകാർ പറയുന്നു. ചെറുത്തുനിൽപ്പ് കൂടാതെയാണ് പ്രതി കീഴടങ്ങിയതെന്നും അയൽവാസി ശ്രീഹരി പറഞ്ഞു.
65കാരൻ ചന്ദ്രനെയും 55 വയസുള്ള ദേവിയേയും വീടിനുള്ളിലാണ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. എറണാകുളത്തുള്ള മകൾ സൗമിനി തിങ്കളാഴ്ച രാവിലെ ഇവരെ ഫോണിൽ വിളിച്ച് കിട്ടാതായതോടെ സമീപവാസിയെ വിളിക്കുകയായിരുന്നു. തുടർന്ന് ബന്ധുവും പഞ്ചായത്ത് മെംബറുമായ രമേഷ് സ്ഥലത്തെത്തി പരിശോധിച്ചപ്പോഴാണ് ഇരുവരെയും കൊല്ലപ്പെട്ട നിലയിൽ കാണുന്നത്.
നേരത്തെ മുംബെയിൽ സ്വർണഭരണ നിർമാണ മേഖലയുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചിരുന്ന സനൽ ലോക്ക്ഡൗൺ സമയത്താണ് നാട്ടിലെത്തിയത്.
Comments are closed for this post.