ദോഹ: നിലവിലുള്ള തൊഴിലുടമയുടെ നോ ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റ് ഇല്ലാതെ ജോലി മാറുമ്പോള്‍ ഉപാധികള്‍ പാലിക്കേണ്ടതുണ്ടെന്ന് ഖത്തര്‍ തൊഴില്‍ മന്ത്രാലയം. തൊഴിലാളികള്‍ക്ക് മിനിമം വേതനം നിശ്ചയിക്കുകയും തൊഴില്‍ നിയമത്തില്‍ മാറ്റം വരുത്തുകയും ചെയ്ത് കൊണ്ട് ഈയിടെ അമീര്‍ പ്രഖ്യാപിച്ച നിയമഭേദഗതികളെക്കുറിച്ച് ഖത്തര്‍ ചേംബറും തൊഴില്‍ മന്ത്രാലയവും തമ്മില്‍ നടത്തിയ ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
തൊഴിലുടമയെ മുന്‍ കൂട്ടി വിവരമറിയിക്കുക, തൊഴിലാളി പുതുതായി ജോലിക്ക് കയറുന്ന കമ്പനി നിലവിലുളള കമ്പനിയുടെ നേരിട്ടുള്ള കോംപിറ്റീറ്റര്‍ അല്ലാതിരിക്കുക, കോംപന്‍സേഷന്‍ എന്നിവയാണ് എന്‍ഒസി ഇല്ലാതെ തൊഴില്‍ മാറുമ്പോഴുള്ള മൂന്ന് ഉപാധികളെന്ന് തൊഴില്‍ മന്ത്രാലയം ലേബര്‍ അഫയേഴ്‌സ് അണ്ടര്‍ സെക്രട്ടറി മുഹമ്മദ് ഹസന്‍ അല്‍ ഉബൈദലി പറഞ്ഞു.
രാജ്യത്തെ തൊഴില്‍ വിപണിയെ മെച്ചപ്പെടുത്താന്‍ ലക്ഷ്യമിട്ടാണ് മിനിമം വേതനം നിശ്ചയിക്കുന്നത് ഉള്‍പ്പെടെയുള്ള നിയമഭേദഗതികള്‍ കൊണ്ട് വന്നെതന്ന് അല്‍ ഉബൈദലി വിശദീകരിച്ചു. ഖത്തറിലെ സ്വകാര്യ മേഖല നേരിടുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് ചേംബര്‍, മന്ത്രാലയം പ്രതിനിധികള്‍ ഉള്‍പ്പെടുന്ന സംയുക്ത സമിതിക്ക് രൂപം നല്‍കിയിട്ടുണ്ട്. നിയമലംഘനം നടത്തുന്ന കമ്പനിയുമായി ബന്ധമുള്ള എല്ലാ കമ്പനികളെയും കരിമ്പട്ടികയില്‍ പെടുത്തുന്നത് ഒഴിവാക്കുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ ഈ സമിതി തീരുമാനമെടുക്കും.
Comments are closed for this post.