2021 April 19 Monday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

കേരള വികസനത്തിലെ മലബാര്‍ ചര്‍ച്ച ചെയ്യപ്പെടാത്ത വിവേചനം

ഫഹദ് ഹുദവി തൃക്കരിപ്പൂര്‍

ജനാധിപത്യാവകാശ സംരക്ഷണപ്പെരുമ അവകാശപ്പെടാവുന്ന ചുരുക്കം ചില ഇന്ത്യന്‍ സംസ്ഥാനങ്ങളിലെ മുഖ്യസ്ഥാനീയമായി ഗണിക്കപ്പെടുന്നിടമാണ് നമ്മുടെ കേരളം. മാത്രമല്ല, പ്രദേശിക/ വര്‍ണ / വര്‍ഗീയ വൈവിധ്യങ്ങളിലെ വിവേചനം ഏറ്റവും കുറഞ്ഞ നിലയില്‍ മാത്രം പ്രകടമാകുന്ന ഒരു സംസ്ഥാനം കൂടിയാണ് നമ്മുടേത്. സാമ്പത്തിക സ്ഥിരത നിലനില്‍ക്കുമ്പോഴും മാനവ വിഭവ വികസന സൂചികകളില്‍ തുടര്‍ച്ചയായി ലോകോത്തര പ്രകടനം കാഴ്ചവയ്ക്കാനാകുന്നതും കേരളത്തിനു തന്നെയാണ്. എന്നാല്‍ ഈ മികവും പ്രകടനവും പ്രാദേശിക സമത്വം പാലിക്കുന്നതിലും സാര്‍വത്രിക പരിഗണന ലഭ്യമാക്കുന്നതിലും പ്രതിഫലിച്ചിട്ടുണ്ടോ എന്നത് സമകാലിക കേരളീയ പരിസരങ്ങളില്‍ ഗൗരവതരമായി ചര്‍ച്ച ചെയ്യപ്പെടുന്നില്ല എന്നത് ഏറെ ഖേദകരമാണ്.
സര്‍ക്കാര്‍ തലങ്ങളില്‍നിന്നു ലഭ്യമായ രേഖകളുടെ പ്രത്യക്ഷ ചിത്രങ്ങളില്‍നിന്നു തന്നെ സാമ്പത്തിക-വിഭവ വിന്യാസങ്ങളില്‍ നിലനില്‍ക്കുന്ന വിവേചനങ്ങളുടെ ആഴം പ്രകടമാകുന്നുണ്ട്. ഈയടുത്ത് കേരള സര്‍ക്കാര്‍ മുന്‍കൈയെടുത്ത് പ്രസിദ്ധീകരിച്ച ആരോഗ്യ വകുപ്പ് നടപ്പിലാക്കിയ/ നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന നേട്ടങ്ങളുടെ പട്ടിക പ്രസ്തുത വിവേചനത്തിന്റെ പരസ്യപ്രഖ്യാപനമായിരുന്നു എന്നു വേണം കരുതാന്‍. പ്രഥമദൃഷ്ട്യാ വിവേചനം പ്രകടമാകുന്ന പോസ്റ്ററുകള്‍ പരസ്യപ്പെടുത്താന്‍ കാണിക്കുന്ന ധൈര്യത്തിനു/ ധാര്‍ഷ്ട്യത്തിനു പിന്നിലും ഇരകള്‍ പരമ്പരാഗതമായി തുടര്‍ന്നുപോരുന്ന കുറ്റകരമായ നിസംഗതയിലുള്ള ഭരണകര്‍ത്താക്കളുടെ ആത്മവിശ്വാസം തന്നെയാണ് എന്ന് വേണം വായിച്ചെടുക്കാന്‍. വീണ്ടുമൊരു തെരഞ്ഞെടുപ്പ് പടിവാതില്‍ക്കലെത്തുമ്പോഴെങ്കിലും കൊട്ടിഘോഷിച്ച് നടപ്പാക്കപ്പെടുന്ന വികസനങ്ങളുടെ പിന്നാമ്പുറങ്ങളില്‍ നടക്കുന്ന വിവേചനപരമായ സമീപനങ്ങളെ തുറന്നുകാണിക്കാന്‍ പൊതുജനങ്ങളായ നാം മുന്നേട്ടുവരേണ്ടതാണ്. കരയുന്ന കുഞ്ഞിനേ പാലുള്ളൂ എന്ന യാഥാര്‍ഥ്യം വൈകിയാണെങ്കിലും തിരിച്ചറിയേണ്ടിയിരിക്കുന്നു. പാലിക്കപ്പെടാത്ത വാഗ്ദാനങ്ങളുമായി ഒരിക്കല്‍കൂടി തെരഞ്ഞെടുപ്പ് ഗോദയിലിറങ്ങുന്ന സിറ്റിങ് ജനപ്രതിനിധികള്‍ ചോദ്യം ചെയ്യപ്പെടേണ്ടതുണ്ട്. പ്രചാരണ പരിപാടികളുമായി മലബാറിന്റെ പടി ചവിട്ടുന്ന ഓരോ മന്ത്രിയും മലബാറിനോട് കാണിച്ച വിവേചനത്തിനു മറുപടി പറയാന്‍ നിര്‍ബന്ധിതരാകുന്ന രീതിയില്‍ നമ്മുടെ ഇടപെടലുകള്‍ വളര്‍ന്നുവരണം.

ആഭ്യന്തര രംഗത്തുള്ള വികസനത്തില്‍ വിശകലന സൗകര്യത്തിനായി സംസ്ഥാനത്തെ മൂന്നായി തരംതിരിക്കാം. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ ഉള്‍ക്കൊള്ളുന്ന ദക്ഷിണമേഖല, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട് ഉള്‍ക്കൊള്ളുന്ന മധ്യകേരളം, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ഉള്‍പ്പെടുന്ന മലബാര്‍ അല്ലെങ്കില്‍ ഉത്തരകേരളം. കേരളത്തിന്റെ തലസ്ഥാനമുള്‍പ്പെടുന്ന ദക്ഷിണമേഖലയും ഉത്തരമേഖലയായ മല ബാറും വിഭവശേഷി വിതരണത്തിലും വികസനം നടപ്പിലാക്കുന്നതിലും നേരിടുന്ന വിവേചനങ്ങളെ ജനസംഖ്യ, ഭൂമിശാസ്ത്ര പശ്ചാത്തലത്തില്‍ വിലയിരുത്തലാണ് ഈ കുറിപ്പിലൂടെ ശ്രമിക്കുന്നത്.

തലസ്ഥാനത്തുനിന്നു തുടങ്ങുന്ന വിവേചന യാത്ര

മുപ്പത്തിയെണ്ണായിരത്തിലധികം ചതുരശ്രകിലോമീറ്റര്‍ വിസ്തീര്‍ണമുള്ള കേരളത്തിന്റെ തലസ്ഥാനം തെക്കേ അറ്റത്തുള്ള തിരുവനന്തപുരത്താക്കിയത് തന്നെയാണ് വിവേചനങ്ങളുടെ പ്രാരംഭം. പലപ്പോഴും തെരഞ്ഞെടുപ്പുകള്‍ക്ക് മുന്നോടിയായുള്ള രാഷ്ട്രീയകക്ഷികളുടെ അവകാശവാദ യാത്രകളുടെ പ്രാരംഭകേന്ദ്രം മാത്രമായി മാറുകയാണ് അത്യുത്തര ജില്ലയായ കാസര്‍കോട്. പ്രസ്തുത ജില്ലക്കാരനായ ഒരാള്‍ക്ക്/ പഞ്ചായത്തിനു/ ജനപ്രതിനിധിക്ക് ഭരണ പിന്തുണയോടെയുള്ള ഏതൊരു കാര്യം സാധിക്കാനായി ഏറ്റവും ചുരുങ്ങിയത് 12 മണിക്കൂര്‍ യാത്ര ചെയ്യേണ്ടി വരുന്നു. ഈയൊരു യാത്രാദൈര്‍ഘ്യം ആവശ്യങ്ങളുന്നയിക്കുന്നിടത്തും നേടിയെടുക്കുന്നതിലുമുണ്ടാക്കുന്ന കാലതാമസം നിസ്സാരമായി കാണേണ്ടതല്ല. ഏത് ന്യായത്തിന്റെ അടിസ്ഥാനത്തിലാണ് തിരുവനന്തപുരത്തെ മാത്രമായി ഇപ്പോഴും തലസ്ഥാനമായി നിലനിര്‍ത്തുന്നത്? സംസ്ഥാനത്തിനകത്തു ജീവിക്കുന്ന മുഴുവന്‍ പൗരന്മാര്‍ക്കും ഒരുപോലെ എത്തിപ്പെടാന്‍ സാധ്യമാകുന്ന മധ്യകേരളത്തിലല്ലേ തലസ്ഥാനം വേണ്ടത്? അല്ലെങ്കില്‍ ഉത്തര, മധ്യമേഖലകളിലുള്ളവര്‍ക്ക് എളുപ്പത്തിലെത്താനാവുന്ന ഏറ്റവും ഉചിതമായ സ്ഥലത്ത് രണ്ടാമതൊരു ആസ്ഥാനം രൂപീകരിക്കുകയും സെക്രട്ടേറിയറ്റിന്റെ ഒരുഭാഗം പ്രസ്തുത സ്ഥലത്ത് സംവിധാനിക്കുകയും ചെയ്യണമെന്നത് ന്യായമായ വാദമല്ലേ?

എന്തുകൊണ്ട് മലബാര്‍?

കേരളത്തിന്റെ മുപ്പത്തിമൂന്ന് ശതമാനം ഭൂവിസ്തൃതിയും നിലകൊള്ളുന്നത് മലബാര്‍ എന്നു പൊതുവെ വിശേഷിപ്പിക്കപ്പെടുന്ന ഉത്തരകേരളത്തിലാണ്. ജനസംഖ്യയുടെ മുപ്പത്തിയഞ്ച് ശതമാനത്തിലധികം അധിവസിക്കുന്ന പ്രദേശമാണിവിടം. ഭൂവിസ്തൃതി പരിഗണിക്കുമ്പോഴും ജനസംഖ്യ കണക്കിലെടുത്താലും മലബാര്‍ തന്നെയാണ് ഇതര പ്രദേശങ്ങളേക്കാള്‍ മുന്നില്‍നില്‍ക്കുന്നത്. എന്നാല്‍ നിയമനിര്‍മാണ സഭകളിലെ പ്രാതിനിധ്യം പരിഗണിക്കുന്നിടത്ത് പ്രസ്തുത പ്രദേശത്തിന്റെ പ്രാതിനിധ്യം പുറകിലേക്കു നീങ്ങുന്നതായാണ് കാണുന്നത്. ജനസംഖ്യ/ ഭൂവിസ്തൃതിക്കാനുപാതികമായി ചുരുങ്ങിയത് 51 എം.എല്‍.എമാര്‍ എങ്കിലും മലബാറില്‍ നിന്നുണ്ടാവേണ്ടതായിരുന്നു. എന്നാല്‍ ഇപ്പോഴും 48 പേരേ ഉള്ളൂവെന്നതാണ് യാഥാര്‍ഥ്യം. ഒരു എം.എല്‍.എ മുഖേന കൊണ്ടുവരാവുന്ന വികസനപ്രവര്‍ത്തനങ്ങള്‍ പരിഗണിക്കുമ്പോഴാണ് ഈ സംഖ്യ ചെറുതല്ല എന്ന് നാം തിരിച്ചറിയേണ്ടത്. തലസ്ഥാനത്തു നിന്നു ഉത്തരമേഖലയിലേക്കുള്ള ദൈര്‍ഘ്യം കൂടി പരിഗണിക്കുമ്പോള്‍ പ്രസ്തുത പ്രദേശവാസികളുടെ അവകാശ സംരക്ഷണത്തിനും വികസനത്തിനുമായി കൂടുതല്‍ പ്രതിനിധികള്‍ ഉണ്ടാവണമെന്നത് തന്നെയല്ലേ യുക്തിയും ശരിയും?

ഹയര്‍ സെക്കന്‍ഡറി വിദ്യാഭ്യാസം

ആനുപാതികമായ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ എണ്ണത്തിലും ഈ വിവേചനം കൃത്യമായി പ്രതിഫലിക്കുന്നത് കാണാം. 2020-ലെ എസ്.എസ്.എല്‍.സി പരീക്ഷ പാസായി ഹയര്‍ സെക്കന്‍ഡറി പഠനത്തിനു യോഗ്യത ലഭിച്ചവരില്‍ നാല്‍പത്തിനാലു ശതമാനം വിദ്യാര്‍ഥികളും മലബാര്‍ മേഖലയില്‍ നിന്നുള്ളവരാണ്. എന്നാല്‍ ആകെയുള്ള പ്ലസ്ടു ബാച്ചുകളില്‍ 38 ശതമാനം മാത്രമേ ഈ മേഖലയിലേക്ക് നീക്കിവെക്കപ്പെട്ടിരുന്നുള്ളൂ. അതേസമയം 28 ശതമാനം വിദ്യാര്‍ഥികള്‍ മാത്രം പ്ലസ്ടു യോഗ്യത നേടിയ തെക്കന്‍ മേഖലയിലേക്കായിരുന്നു 33 ശതമാനം ബാച്ചുകളും നല്‍കപ്പെട്ടിരുന്നത്. അതായത് ആകെ നിലവിലുള്ള 7250 പ്ലസ്ടു ബാച്ചുകളില്‍ ആനുപാതികമായി മലബാര്‍ ബാച്ചുകള്‍ക്കവകാശപ്പെട്ടത് 3195 ബാച്ചുകള്‍. എന്നാല്‍ ഇതുവരെയായി അനുവദിച്ചത് 2779 ബാച്ചുകള്‍ മാത്രം. 2030 ബാച്ചുകള്‍ക്ക് മാത്രം അര്‍ഹയതയുള്ള തെക്കന്‍ജില്ലകള്‍ക്ക് നല്‍കിയത് 2363 ബാച്ചുകളും.

വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളുടെ കാര്യത്തിലാണെങ്കില്‍ ഈ വിവേചനം അങ്ങേത്തലയിലെത്തിയിരിക്കുന്നു. ആകെ 1101 വൊക്കേഷനല്‍ ബാച്ചുകളില്‍ 44 ശതമാനവും തെക്കന്‍ ജില്ലകള്‍ക്കായി മാറ്റിവച്ചപ്പോള്‍ മലബാറിനു നല്‍കിയത് വെറും 28 ശതമാനം ബാച്ചുകള്‍ മാത്രം. മുഖ്യമന്ത്രിയുള്‍പ്പെടെയുള്ള മന്ത്രിമാര്‍ ഉണ്ടായിട്ടും കാലങ്ങളായി മലബാര്‍ മേഖല അനുഭവിച്ചുകൊണ്ടിരിക്കുന്ന വിവേചനത്തിന്റെ അന്തരം കുറക്കാന്‍ ഉത്തരവാദപ്പെട്ടവര്‍ എന്തു ചെയ്തു? തെക്കന്‍ ജില്ലകളിലെ ഹയര്‍ സെക്കന്‍ഡറി സീറ്റുകള്‍ നിരന്തരം ഒഴിഞ്ഞുകിടക്കുമ്പോഴും മലബാറുകാരുടെ വിധി പാരലല്‍ കോളജുകളില്‍ അഭയം തേടല്‍ തന്നെ. ആര്‍ക്കും കൊടുക്കരുത് എന്നല്ല മറിച്ച്, കൊടുക്കുന്നത് അര്‍ഹതപ്പെട്ടവരുടെ അവകാശത്തെ അവഗണിച്ചുകൊണ്ടാവരുതെന്ന് മാത്രം.
(തുടരും)

(തേസ്പൂര്‍ യൂനിവേഴ്‌സിറ്റിയിലെ ഗവേഷകനാണ് ലേഖകന്‍)

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.