തൃശൂര്‍: കൊടകര കുഴല്‍പ്പണ കവര്‍ച്ചാക്കേസില്‍ അന്വേഷണസംഘം 23ന് കുറ്റപത്രം സമര്‍പ്പിക്കും. ഇരിങ്ങാലക്കുട കോടതിയിലാണ് സമര്‍പ്പിക്കുക. കേസില്‍ അറസ്റ്റിലായ 22 പേരെ പ്രതിചേര്‍ത്തുള്ള കുറ്റപത്രത്തില്‍ കവര്‍ച്ചയില്‍ പരോക്ഷമായി ഇടപെട്ട മൂന്ന് ബി.ജെ.പി നേതാക്കളെയും ഉള്‍പ്പെടുത്താനുള്ള നീക്കത്തിലാണ് അന്വേഷണസംഘം.
ബി.ജെ.പിയുടെ രണ്ട് ജില്ലാ നേതാക്കളെയും ഒരു മേഖലാ നേതാവിനെയും പ്രതിചേര്‍ക്കുന്നത് സംബന്ധിച്ച് അന്വേഷണസംഘം നിയമവിദഗ്ധരില്‍ നിന്ന് ഉപദേശം തേടി. കവര്‍ച്ചയ്ക്ക് മുന്‍പും ശേഷവും പ്രതികളുമായി നേരിട്ട് ബന്ധപ്പെട്ടവരാണിവര്‍. ഇവര്‍ പ്രതികളുമായി ബന്ധപ്പെട്ടതിന്റെ ഫോണ്‍ രേഖകളും സി.സി.ടി.വി ദൃശ്യങ്ങളും അന്വേഷണസംഘം ശേഖരിച്ചിട്ടുണ്ട്.
പ്രതികള്‍ തട്ടിയെടുത്ത കുഴല്‍പ്പണം ബി.ജെ.പിയുടേതാണെന്ന് അന്വേഷണസംഘം നേരത്തെ കോടതിയില്‍ രേഖാമൂലം അറിയിച്ചിരുന്നു. ഇത് സാധൂകരിക്കുന്ന മൊഴികള്‍ പ്രതികളില്‍ നിന്ന് കിട്ടിയിട്ടുമുണ്ട്. 25ലക്ഷം നഷ്ടപ്പെട്ടെന്ന ധര്‍മരാജന്റെ പരാതിയില്‍ അന്വേഷണം നടത്തിയ സംഘം ഇതിനകം 1.4 കോടി രൂപയും 20 ലക്ഷത്തിന്റെ തൊണ്ടി മുതലും കണ്ടെടുത്തിട്ടുണ്ട്.
Comments are closed for this post.