
സോള്‍: ഉത്തരകൊറിയയില്‍ നിന്നും സൈനികന് ഓടിരക്ഷപ്പെടുന്നതിന്റെ വീഡിയോ പുറത്ത്. അമേപിക്കന് നിയന്ത്രിത സൈനിക യൂണിറ്റായ യുണൈറ്റഡ് നേഷന്‍സ് കമാന്‍ഡ് ആണ് ദൃശ്യങ്ങള്‍ പുറത്തുവിട്ടത്.
ഓടിരക്ഷപ്പെടുന്നതിനിടെ ഉത്തരകൊറിയന്‍ സൈന്യത്തിന്റെ വെടിയേറ്റു ഗുരുതരാവസ്ഥയില്‍ കഴിയുന്ന സൈനികനെക്കുറിച്ച് കഴിഞ്ഞ ദിവസങ്ങളില്‍ വാര്‍ത്തയുണ്ടായിരുന്നു. കഴിഞ്ഞ 13ാം തീയതിയാണ് സൈനികന് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ വെടിയേറ്റത്. ഇത് സ്ഥിരീകരിക്കുന്ന വീഡിയോ ആണ് യു.എസ് കമാന്‍ഡന്റ് പുറത്തുവിട്ടത്.
പന്‍മുന്‍ജം ട്രൂസ് ഗ്രാമത്തിലായിരുന്നു സംഭവം. ഉത്തര, ദക്ഷിണ കൊറിയന്‍ സൈനികര്‍ മുഖാമുഖം നില്ക്കുന്ന ഏക അതിര്‍ത്തിയാണിത്.
വാഹനം അതിര്‍ത്തിയിലേക്ക് വേഗത്തില്‍ ഓടിച്ചുവരുന്ന ദൃശ്യമാണ് വീഡിയോയില്‍ ആദ്യം കാണുന്നത്. വാഹനത്തില്‍ നിന്നും പുറത്തിറങ്ങി ദക്ഷിണകൊറിയന്‍ അതിര്‍ത്തിയിലേക്ക് ഓടുന്ന സൈനികനെ പിന്നാലെയെത്തിയ സൈനികര്‍ തുരുതുരാ വെടിവയ്ക്കുന്നതും ദൃശ്യങ്ങളിലുണ്ട്. അതിര്‍ത്തി കടന്ന ശേഷം കുഴഞ്ഞുവീണ സൈനികനെ ദക്ഷിണകൊറിയന്‍ സൈന്യം ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.