മൊബൈല്‍ ഫോണ്‍ ഡാമില്‍ വീണു; മൊബൈല്‍ വീണ്ടെടുക്കാന്‍ ഡാം വറ്റിച്ച് ഉദ്യോഗസ്ഥന്‍
ന്യൂഡല്‍ഹി: വിലകൂടിയ മൊബൈല്‍ ഫോണ്‍ ഡാമില്‍ വീണതിനെത്തുടര്‍ന്ന് അത് വീണ്ടെടുക്കുക്കാന്‍ ഡാമിലെ 21 ലക്ഷം ലിറ്റര്‍ വെള്ളം വറ്റിച്ച സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്തു. ഒരുലക്ഷം രൂപയുടെ മൊബൈല്‍ ഫോണ്‍ വീണ്ടെടുക്കാന്‍, വെള്ളം ഉപയോഗ യോഗ്യമല്ലെന്ന് കള്ളം പറഞ്ഞാണ് പുറത്തേക്ക് ഒഴുക്കിക്കളഞ്ഞത്. ഇതിനായി മേലുദ്യോഗസ്ഥനില്‍ നിന്ന് അനുമതി വാങ്ങുകയും ചെയ്തു. അധികാരം ദുര്‍വിനിയോഗം നടത്തിയതിനാണ് ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥനായ ഇയാളെ കളക്ടര്‍ സസ്‌പെന്‍ഡ് ചെയ്തത്.
ഛത്തീസ്ഗഡിലെ കാന്‍കര്‍ ജില്ലയിലെ കോലിബേഡ ബ്ലോക്കിലെ ഭക്ഷ്യസുരക്ഷാ ഉദ്യേഗസ്ഥനായ രാജേഷ് വിശ്വാസിനെതിരെയാണ് നടപടി. ഇയാള്‍ അവധിക്കാലം ആഘോഷിക്കാനായാണ് ഖേര്‍ക്കട്ട ഡാമിലെത്തിയപ്പോഴാണ് പതിനഞ്ച് അടി ആഴമുള്ള വെള്ളത്തിലേക്ക് ഫോണ്‍ അബദ്ധത്തില്‍ വീണത്. ഫോണ്‍ ലഭിക്കുന്നതിനായി 1500 ഏക്കര്‍ കൃഷി നനയ്ക്കാന്‍ ആവശ്യുള്ള അത്രയും വെള്ളമാണ് ഒഴുക്കിക്കളഞ്ഞത്. മൂന്ന് ദിവസമാണ് ഇത്തരത്തില്‍ വെള്ളം പുറത്തേക്ക് ഒഴുക്കിക്കളഞ്ഞതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
വെള്ളം പുറന്തള്ളി മൂന്ന് ദിവസത്തിനു ശേഷം മൊബൈല്‍ വീണ്ടെടുത്തെങ്കിലും പ്രവര്‍ത്തനരഹിതമായിരുന്നു. അതേസമയം, വെള്ളം ഒഴിക്കാന്‍ വാക്കാല്‍ അനുമതി നല്‍കിയ എസ്ഡിഒ ആര്‍കെ ധീവര്‍ എന്ന ഉദ്യോഗസ്ഥന്റെ ശമ്പളത്തില്‍ നിന്ന് നഷ്ടം ഈടാക്കാന്‍ സൂപ്രണ്ടിംഗ് എഞ്ചിനീയര്‍ ഉത്തരവിട്ടു.
Comments are closed for this post.