2024 February 29 Thursday
രാജീവ് ഗാന്ധി വധക്കേസില്‍ ജയില്‍മോചിതനായ ശാന്തന്‍ മരിച്ചു

2024ലെ തെരഞ്ഞെടുപ്പിന് കർമസമിതി രൂപീകരിച്ച് കോൺഗ്രസ്; പ്രശാന്ത് കിഷോറിന്റെ നിർദേശങ്ങളിൽ ഭൂരിഭാഗവും അംഗീകരിച്ചു

ചിന്തൻ ശിവിർ മെയ് 13 മുതൽ
15 വരെ ഉദയ്പൂരിൽ
ന്യൂഡൽഹി
പ്രമുഖ തെരഞ്ഞെടുപ്പ് തന്ത്രജ്ഞൻ പ്രശാന്ത് കിഷോറിന്റെ കോൺഗ്രസ് പ്രവേശനത്തിൽ അവ്യക്തത തുടരുന്നതിനിടെ 2024ലെ തെരഞ്ഞെടുപ്പിനു പാർട്ടിയെ സജ്ജമാക്കാനുള്ള കർമസമിതി രൂപീകരിച്ചു. പാർട്ടിക്ക് പുത്തനുണർവ് നൽകാനുള്ള ചിന്തൻ ശിവിറിന്റെ തീയതിയും പ്രഖ്യാപിച്ചു. മെയ് 13 മുതൽ 15 വരെ രാജസ്ഥാനിലെ ഉദയ്പൂരിലാണ് ചിന്തൻ ശിവിർ നടത്തുക. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി 400ഓളം പേർ പങ്കെടുക്കും. ഇതിനായി ആറു സമിതികൾക്കും കോൺഗ്രസ് നേതൃത്വം രൂപംനൽകിയിട്ടുണ്ട്. ഈ സമിതിയിൽ ജി 23 നേതാക്കളിൽ ചിലരെയും ഉൾപ്പെടുത്തി. പാർട്ടി നേരിടുന്ന പ്രശ്നങ്ങൾ ചർച്ച ചെയ്ത് പരിഹാരം കാണുന്നതിനാണ് ചിന്തൻ ശിവിർ നടത്തുന്നത്. പാർട്ടിയെ ശക്തിപ്പെടുത്തുന്നതിന് പ്രശാന്ത് കിഷോർ മുന്നോട്ടുവച്ച നിർദേശങ്ങൾ പഠിക്കുന്ന സമിതി ഇതിനകം പലതവണ കോൺഗ്രസ് അധ്യക്ഷ സോണിയാഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്.

പ്രശാന്ത് കിഷോറിന്റെ നിർദേശങ്ങളിൽ ഭൂരിഭാഗവും സമിതി അംഗീകരിച്ചിട്ടുണ്ട്. എന്നാൽ ഇതുമായി ബന്ധപ്പെട്ട് പ്രഖ്യാപനങ്ങളൊന്നുമുണ്ടായിട്ടില്ല. പ്രശാന്ത് കിഷോർ കോൺഗ്രസിൽ ചേരുന്നതിൽ പാർട്ടിയിലെ മുതിർന്ന നേതാക്കൾക്ക് എതിർപ്പുണ്ട്. സമിതി അംഗങ്ങളായ എ.കെ ആന്റണി, ദിഗ് വിജയ് സിങ്, മുകുൾ വാസ്‌നിക്, ജയ്‌റാം രമേശ്, രൺദീപ് സിങ് സുർജെവാല, കെ.സി വേണുഗോപാൽ തുടങ്ങിയ നേതാക്കൾ പ്രശാന്ത് കിഷോറിന്റെ കോൺഗ്രസ് പ്രവേശനത്തെ എതിർക്കുന്നവരാണ്. പ്രിയങ്കാ ഗാന്ധി, അംബികാ സോണി എന്നിവർക്ക് മാത്രമാണ് ഇക്കാര്യത്തിൽ എതിർപ്പില്ലാത്തത്.

അതോടൊപ്പം പാർട്ടിയുമായി ചർച്ച നടത്തിക്കൊണ്ടിരിക്കെ തന്നെ തെലങ്കാന തെരഞ്ഞെടുപ്പിൽ തെലങ്കാന രാഷ്ട്രീയ സമിതിക്ക് വേണ്ടി തന്ത്രങ്ങൾ ആവിഷ്‌കരിക്കാൻ പ്രശാന്ത് കിഷോർ കരാറുണ്ടാക്കിയത് കോൺഗ്രസ് നേതാക്കൾക്കിടയിൽ അതൃപ്തിയുണ്ടാക്കിയിട്ടുണ്ട്. പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസ്, ആന്ധ്രയിൽ വൈ.എസ്.ആർ കോൺഗ്രസ് തുടങ്ങിയ കോൺഗ്രസിന്റെ എതിർപാർട്ടികളുമായാണ് പ്രശാന്ത് കിഷോറിന്റെ ഇന്ത്യൻ പൊളിറ്റിക്കൽ ആക്ഷൻ കമ്മിറ്റിക്ക് കരാറുള്ളത്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.