
റിയാദ്: വിവിധ രാജ്യങ്ങളുടെ കൂട്ടായമയായ ജി 20 അംഗ രാജ്യങ്ങളുടെ ഉച്ചകോടി നവംബറിൽ നടക്കും. സഊദി അധ്യക്ഷതയിൽ തലസ്ഥാന നഗരിയായ റിയാദിൽ നടത്താനിരുന്ന കൂട്ടായ്മയുടെ പതിനഞ്ചാമത് ഉച്ചകോടി നിലവിലെ കൊവിഡ് പ്രതിസന്ധി സാഹചര്യത്തിൽ ഓൺലൈൻ വഴിയായിരിക്കും നടക്കുക. സഊദി ഭരണാധികാരി സൽമാൻ ബിൻ അബ്ദുൽ അസീസ് രാജാവിന്റെ അധ്യക്ഷതയിൽ നവംബർ 21, 22 തീയതികളിലായിരിക്കും ഉച്ചകോടി അരങ്ങേറുകയെന്നു ഈ വർഷത്തെ ഉച്ചകോടിക്ക് നേതൃത്വം നൽകുന്ന സഊദി അറേബ്യ അറിയിച്ചു.
കഴിഞ്ഞ വർഷം ഒസാക്കയിൽ നടന്ന ഉച്ചകോടിയിലാണ് ഈ വർഷത്തെ അധ്യക്ഷത പദവി സഊദിയെ തേടിയെത്തിയത്. ഒസാക ഉച്ചകോടിക്കിടെ 2020 ഉച്ചകോടിയുടെ അധ്യക്ഷ പദവി സഊദി അറേബ്യ ഏറ്റെടുത്തിരുന്നു. ’21ാം നൂറ്റാണ്ടിൻറെ അവസരങ്ങൾ ഉപയോഗപ്പെടുത്തൽ’ എന്ന തലക്കെട്ടിൽ നടക്കുന്ന ഉച്ചകോടിയുടെ കീഴിൽ നൂറിലധികം അനുബന്ധ സമ്മേളനങ്ങൾ ഇതിനകം തന്നെ നടന്നു കഴിഞ്ഞു. കൊവിഡ് വൈറസ് വ്യാപന പശ്ചാത്തലത്തിൽ ഇതിനെ നേരിടുന്നതിനുള്ള കാര്യങ്ങൾ വിലയിരുത്താൻ സഊദിയുടെ അധ്യക്ഷതയിൽ അടിയന്തിര ഉച്ചകോടിയും അരങ്ങേറിയിരുന്നു.
കൊവിഡ് വാക്സിൻ വികസിപ്പിക്കൽ, ഉത്പാദനം, വിതരണം എന്നിവക്കായി ജി 20 കൂട്ടായ്മ 21 ബില്യൺ ഡോളർ സംഭാവന പ്രഖ്യാപിച്ചിട്ടുണ്ട്. ആഗോള സമ്പദ്വ്യവസ്ഥയെ സംരക്ഷിക്കുന്നതിനായി 11 ട്രില്യൺ ഡോളറും സംഭാവന നൽകിയിരുന്നു. ലോകത്തെ 20 പ്രമുഖ രാജ്യങ്ങളുടെ കൂട്ടായ്മയായ ജി 20 യിൽ സഊദി അറേബ്യയെ കൂടാതെ, അമേരിക്ക, ഇന്ത്യ തുടങ്ങിയ രാജ്യങ്ങളും യൂറോപ്യൻ യൂണിയൻ രാജ്യങ്ങളുമുൾപ്പെടെയുള്ള രാജ്യങ്ങളാണ് അംഗത്വമുള്ളത്. ഉച്ചകോടികളിൽ ചില രാജ്യങ്ങളും കൂട്ടായ്മകളും പ്രത്യേക ക്ഷണിതാക്കളായും പങ്കെടുക്കാറുണ്ട്.
Comments are closed for this post.