ട്രംപ് ആദ്യം ഇതിനെ പിന്തുണച്ചെങ്കിലും പിന്നീട് പിന്മാറി
ദോഹ: സഊദിയുടെ നേതൃത്വത്തിലുള്ള ഗള്‍ഫ് രാജ്യങ്ങളും ഈജിപ്തും 2017ല്‍ ഉപരോധമേര്‍പ്പെടുത്തുന്നതിനു മുമ്പേ ഖത്തറിനെ ആക്രമിക്കാന്‍ പദ്ധതിയിട്ടിരുന്നതായി വെളിപ്പെടുത്തല്‍. ഖത്തര്‍ ഉപ പ്രതിരോധമന്ത്രി ഖാലിദ് ബിന്‍ മുഹമ്മദ് അല്‍ അതിയ്യയാണ് അല്‍ജസീറ ഡോക്യുമെന്ററിയിലൂടെ ഇക്കാര്യം പുറം ലോകത്തെ അറിയിച്ചത്.
ഖത്തറിനുമേല്‍ സൈനിക അധിനിവേശം നടത്താന്‍ അവര്‍ പദ്ധതിയിട്ടതിന്റെ രഹസ്യാന്വേഷണ രേഖകള്‍ ലഭിച്ചതായി അദ്ദേഹം പറയുന്നു. സഊദി സഖ്യം ഖത്തറിനുമേല്‍ പിന്നീട് ഏര്‍പ്പെടുത്തിയ ഉപരോധത്തെക്കുറിച്ച് ഉപ പ്രതിരോധമന്ത്രി ഡോക്യുമെന്ററിയില്‍ വിശദീകരിക്കുന്നുണ്ട്.
തുടക്കത്തില്‍ ഉപരോധത്തെ പിന്തുണച്ച അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പിന്നീട് യാഥാര്‍ഥ്യം മനസിലാക്കിയതോടെ അതില്‍ നിന്നു പിന്മാറി. ‘പരസ്പര ബഹുമാനവും പൊതുതാല്‍പര്യങ്ങളും അടിസ്ഥാനമാക്കി യു.എസും ഖത്തറും തമ്മില്‍ നയതന്ത്രപരമായ സൗഹൃദമുണ്ട്’- അദ്ദേഹം പറഞ്ഞു.
2017 മധ്യത്തില്‍ ട്രംപ് ഉപരോധനീക്കത്തിന് പിന്തുണ നല്‍കിയിരുന്നെങ്കിലും പിന്നീട് ഖത്തറിനനുകൂലമായ നയമാണ് സ്വീകരിച്ചത്. ഖത്തര്‍ അമീര്‍ തമീം ബിന്‍ ഹമദ് ആല്‍ ഥാനിയെ തന്റെ സുഹൃത്ത് എന്നാണ് ട്രംപ് വിശേഷിപ്പിച്ചത്. ഭീകരതയെ ചെറുക്കാനുള്ള അദ്ദേഹത്തിന്റെ ശ്രമങ്ങളെ പ്രശംസിക്കുകയും ചെയ്തിരുന്നു.
തീവ്രവാദത്തെ പിന്തുണയ്ക്കുകയും മറ്റു രാജ്യങ്ങളുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടുകയും ചെയ്യുന്നതായി ആരോപിച്ച് സഊദി, യു.എ.ഇ, ബഹ്‌റൈന്‍, ഈജിപ്ത് എന്നീ രാജ്യങ്ങള്‍ 2017ല്‍ ഖത്തറുമായുള്ള ബന്ധം വിഛേദിക്കുകയും കര, കടല്‍, വ്യോമ ഉപരോധം ഏര്‍പ്പെടുത്തുകയായിരുന്നു. എന്നാല്‍ ഖത്തര്‍ ഈ ആരോപണങ്ങള്‍ നിഷേധിക്കുകയും പ്രതിസന്ധി അവസാനിപ്പിക്കാനുള്ള സമവായ ചര്‍ച്ചയ്ക്ക് തയാറാണെന്ന് പല തവണ ആവര്‍ത്തിക്കുകയും ചെയ്തിരുന്നു.
അതിനിടെ ഖത്തറിനെതിരായ ഉപരോധം അവസാനിപ്പിക്കാന്‍ സഊദി സഖ്യം ഒരുങ്ങുന്നതായും ഉടുത്തു തന്നെ അതുണ്ടാവുമെന്നും യു.എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റിലെ കിഴക്കന്‍രാജ്യ കാര്യങ്ങളുടെ ചുമതലയുള്ള അസി. സെക്രട്ടറി ഡേവിഡ് ഷെന്‍കര്‍ ഈമാസമാദ്യം പറഞ്ഞിരുന്നു.
കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.