2020 December 04 Friday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

20,000 പാക്കറ്റ് പുകയില ഉല്‍പന്നങ്ങള്‍ പിടികൂടി

കൊട്ടാരക്കര: വാഹനത്തില്‍ ചില്ലറ വില്‍പന കേന്ദ്രങ്ങളിലേക്ക് കൊണ്ടുപോയ 20,000 പാക്കറ്റ് നിരോധിച്ച പുകയില ഉല്‍പന്നങ്ങളുമായി തമിഴ്‌നാട് സ്വദേശി ഉള്‍പ്പടെ മൂന്നുപേര്‍ അറസ്റ്റില്‍. അഞ്ചല്‍ പനയഞ്ചേരി മംഗലപ്പള്ളി വീട്ടില്‍ ശശാങ്കന്‍ പിള്ള(61), അഞ്ചല്‍ തഴമേല്‍ പുതുവീട്ടില്‍ രാജീവ്(48), തമിഴ്‌നാട് ചെങ്കോട്ട വല്ലം സ്വദേശി ദുരൈ(45) എന്നിവരെയാണ് കൊട്ടാരക്കര പൊലിസ് അറസ്റ്റ് ചെയ്തത്. പുകയില ഉല്‍പന്നങ്ങള്‍ കടത്താനുപയോഗിച്ച കാറും സ്‌കൂട്ടറും ഇവരില്‍ നിന്നും പിടിച്ചെടുത്തു.
കാറില്‍ സ്റ്റോക്ക് ചെയ്തിട്ടുള്ള സാധനങ്ങള്‍ ദുരൈ സ്‌കൂട്ടറില്‍ സഞ്ചരിച്ചാണ് ചില്ലറ വില്‍പ്പന കേന്ദ്രങ്ങളില്‍ നല്‍കുന്നത്. നൂറ് മീറ്റര്‍ ദൂരത്തില്‍ കാര്‍ മാറ്റിയിടും. ഒരു കടയില്‍ സാധനം കൊടുത്ത ശേഷം ദുരൈ കാറിനടുത്തെത്തി വീണ്ടും അടുത്ത കടയിലേക്കുള്ള പുകയില ഉല്‍പന്നങ്ങളുടെ പായ്ക്കറ്റ് എടുക്കും. കൊല്ലം, തിരുവനന്തപുരം ജില്ലകളിലാണ് പ്രധാനമായും ഇവര്‍ ഇത്തരത്തില്‍ പുകയില ഉല്‍പന്നങ്ങള്‍ വില്‍പ്പന നടത്തിയിരുന്നത്. പൊലിസ് ആദ്യം ദുരൈയെ പിടികൂടി. ചോദ്യം ചെയ്യലില്‍ തൊട്ടുപിന്നാലെയുള്ള വാഹനത്തിന്റെ വിവരങ്ങള്‍ വ്യക്തമാവുകയും ശശാങ്കന്‍ പിള്ളയെയും രാജീവിനെയും കാര്‍ സഹിതം കസ്റ്റഡിയില്‍ എടുക്കുകയുമായിരുന്നു. എട്ട് ചാക്കുകളിലായി 20,000 പായ്ക്കറ്റ് പുകയില ഉല്‍പന്നങ്ങളാണ് ഇവരുടെ പക്കലുണ്ടായിരുന്നത്. തമിഴ്‌നാട്ടില്‍ നിന്നാണ് ഇവര്‍ പാന്‍മസാല കൊണ്ടുവരുന്നതെന്ന് പൊലിസ് പറഞ്ഞു. അന്വേഷണം അവിടേക്കും വ്യാപിപ്പിക്കും. കൊട്ടാരക്കര സി.ഐ എസ് ന്യൂഅ്മാന്‍, എസ്.ഐ പി. ഹരിലാല്‍, എ.എസ്.ഐ വിജയകുമാര്‍, സി.പി.ഒ ഹരിലാല്‍, ഹോംഗാര്‍ഡ് തുളസി എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്.

Advt.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.