
അഹമ്മദാബാദ്: ഗുജറാത്തില്‍ നാളെ ആരംഭിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്ന ആകെയുള്ള 1,621 സ്ഥാനാര്‍ത്ഥികളില്‍ 330 പേരും ക്രിമിനല്‍ കേസ് പ്രതികള്‍. സ്ഥാനാര്‍ത്ഥികളില്‍ 20 ശതമാനം പേരും
കൊലപാതകം, ബലാത്സംഗം, കൊലപാതകശ്രമം തുടങ്ങിയ ഗുരുതര കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെട്ടവരാണെന്ന് അസോസിയേഷന് ഫോര്‍ ഡെമോക്രാറ്റിക് റിഫോംസ് വെളിപ്പെടുത്തി.
61 പേരുമായി എ.എ.പിയാണ് മുന്നില്‍. കോണ്‍ഗ്രസില്‍ 60 പേരും ബി.ജെ.പിയില്‍ 32 പേരും ക്രിമിനല്‍ പശ്ചാത്തലമുള്ളവരാണ്. 2017ല്‍ 238 ക്രിമിനല്‍ കേസ് പ്രതികളാണ് നിയമസഭയിലേക്ക് മല്‍സരിച്ചിരുന്നത്.
അഹമ്മദാബാദ് ജില്ലയിലെ ദസ്ക്രോയ് സീറ്റില്‍ എ.എ.പി ടിക്കറ്റില്‍ മത്സരിക്കുന്ന കിരണ്‍ പട്ടേലിനെതിരേ കൊലക്കുറ്റത്തിന് കേസെടുത്തിട്ടുണ്ട്. പത്താന് മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി കിരിത് പട്ടേലിനെതിരേ വധശ്രമത്തിനാണ് കേസ്. പഞ്ച്മഹല്‍ ജില്ലയിലെ ഷെഹ്റ സീറ്റില്‍ മത്സരിക്കുന്ന ബി.ജെ.പിയുടെ ജേതാ ഭര്വാദിനെതിരേ ബലാത്സംഗം, തട്ടിക്കൊണ്ടുപോകല്‍, കൊള്ളയടിക്കല്‍, സ്ത്രീത്വത്തെ അപമാനിക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.
സ്ഥാനാര്‍ത്ഥികളെ തെരഞ്ഞെടുക്കുമ്പോള്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ സുപ്രിം കോടതിയുടെ നിര്‍ദേശങ്ങള്‍ പരിഗണിക്കുന്നില്ലെന്ന് എ.ഡി.ആര് പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നു.
ക്രിമിനല്‍ പശ്ചാത്തലമില്ലാത്തവരെ സ്ഥാനാര്‍ത്ഥികളായി തെരഞ്ഞെടുക്കാന്‍ കഴിയാത്തത് എന്തുകൊണ്ടാണെന്ന് 2020 ഫെബ്രുവരി 13ന് സുപ്രിംകോടതി ആരാഞ്ഞിരുന്നു. പ്രതികളായവരെ സ്ഥാനാര്‍ത്ഥികളാക്കാനുള്ള കാരണം വിശദീകരിക്കാന്‍ രാഷ്ട്രീയ പാര്‍ട്ടികളോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഒരാളുടെ യോഗ്യതകളും നേട്ടങ്ങളും പരിഗണിച്ചാവണം സ്ഥാനാര്‍ത്ഥിയായി നിശ്ചയിക്കേണ്ടതെന്നും സുപ്രിംകോടതി നിര്‍ദേശിച്ചിരുന്നു.
Comments are closed for this post.