2024 March 01 Friday
രാജീവ് ഗാന്ധി വധക്കേസില്‍ ജയില്‍മോചിതനായ ശാന്തന്‍ മരിച്ചു

നിറഞ്ഞൊഴുകി ചെന്നൈ, രണ്ട് മരണം; ഹസന്‍ തടാകത്തിന് സമീപം മുതലയിറങ്ങി, ജാഗ്രതാ നിര്‍ദ്ദേശം

നിറഞ്ഞൊഴുകി ചെന്നൈ, രണ്ട് മരണം; ഹസന്‍ തടാകത്തിന് സമീപം മുതലയിറങ്ങി, ജാഗ്രതാ നിര്‍ദ്ദേശം

ചെന്നൈ: മിഗ്‌ജോം ചുഴലിക്കാറ്റിന്റെ ഭാഗമായുണ്ടായ കനത്ത മഴയില്‍ മുങ്ങി ചെന്നൈ നഗരം. ജനജീവിതം നിശ്ചലമായ അവസ്ഥയിലാണ് നഗരം. ഇന്നലെ രാത്രിയുണ്ടായ ശക്തമായ കാറ്റിലും മഴയിലും ചെന്നൈ നഗരത്തിലും പരിസരപ്രദേശത്തും വന്‍നാശനഷ്ടം. നഗരത്തിന്റെ പ്രധാനമേഖലയില്‍ വെള്ളം കയറി. ചെന്നൈ, തിരുവള്ളൂര്‍, ചെങ്കല്‍പ്പെട്ട്, കഞ്ചീപുരം ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മുന്‍കരുതലായി ചെന്നൈ അടക്കമുള്ള നാല് ജില്ലകളില്‍ ഇന്ന് പൊതുഅവധി പ്രഖ്യാപിച്ചിരിക്കുകയാണ്.

നഗരത്തിലെ പ്രധാന റോഡുകളിലെല്ലാം നിലവില്‍ വെള്ളം കയറിയ സ്ഥിതിയാണ്. വിവിധ മെട്രോ സ്റ്റേഷനുകളിലേക്കുള്ള പ്രവേശനവും വെള്ളം കയറിയതിനാല്‍ മുടങ്ങിയിരിക്കുകയാണ്. നിലവില്‍, ആവശ്യസര്‍വീസുകള്‍ക്ക് മാത്രമാണ് ആളുകള്‍ റോഡിലിറങ്ങുന്നത്. അത്യാവശമെങ്കില്‍ മാത്രം പുറത്തിറങ്ങിയാല്‍ മതിയെന്ന നിര്‍ദേശം ജനങ്ങള്‍ക്ക് നല്‍കിയിരിക്കുകയാണ്. ഇതിനിടെ, ഹസന്‍ തടാകത്തിന് സമീപം മുതലയിറങ്ങിയത് ജനങ്ങളെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. വഴിയാത്രക്കാരാണ് മുതലയെ കണ്ടത്. വിവരം പൊലിസില്‍ അറിയിച്ചിട്ടുണ്ട്.

മിഗ്‌ജോം നിലവില്‍ മധ്യ പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ തെക്കന്‍ ആന്ധ്രാ പ്രദേശ്, വടക്കന്‍ തമിഴ്‌നാട് തീരത്തിനു സമീപം ചെന്നൈയില്‍ നിന്ന് 110 കിലോമീറ്റര്‍ അകലെയായി സ്ഥിതി ചെയ്യുകയാണെന്ന് കാലാവസ്ഥ വിഭാഗം അറിയിച്ചു. വടക്ക് വടക്ക് പടിഞ്ഞാറു ദിശയില്‍ സഞ്ചരിച്ച് തീവ്ര ചുഴലിക്കാറ്റായി ശക്തി പ്രാപിക്കാന്‍ സാധ്യതയുണ്ട്. തുടര്‍ന്ന് വടക്ക് ദിശ മാറി തെക്കു ആന്ധ്ര പ്രദേശ് തീരത്തിന് സമാന്തരമായി സഞ്ചരിച്ച് തെക്കന്‍ ആന്ധ്രാ പ്രദേശ് തീരത്ത് നെല്ലൂരിനും മച്ചലിപട്ടണത്തിനും ഇടയില്‍ ഡിസംബര്‍ അഞ്ചിന് രാവിലെ തീവ്ര ചുഴലിക്കാറ്റായി മണിക്കൂറില്‍ പരമാവധി 110 കിലോമീറ്റര്‍ വരെ വേഗതയില്‍ കരയില്‍ പ്രവേശിക്കാന്‍ സാധ്യത എന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇതോടൊപ്പം, കേരളത്തില്‍ അടുത്ത അഞ്ച് ദിവസം മിതമായ / ഇടത്തരം ഇടിമിന്നലോട് കൂടിയ മഴക്ക് സാധ്യതയെന്നും മുന്നറിയിപ്പില്‍ പറയുന്നു.

മിഷോങ് ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ അതീവജാഗ്രതയിലാണ് തമിഴ്‌നാടും ആന്ധ്രയും. തമിഴ്‌നാട് തീരത്ത് മത്സ്യബന്ധനം പൂര്‍ണമായി വിലക്കി. ചെന്നൈ, തിരുവള്ളൂര്‍, ചെങ്കല്‍പ്പെട്ട്, കാഞ്ചീപുരം, റാണിപ്പെട്ട്, വിഴുപ്പുറം ജില്ലകളില്‍ പൊതു അവധി ആണ്. സ്വകാര്യ സ്ഥാപനങ്ങള്‍ വര്‍ക്ക് ഫ്രം ഹോം നടപ്പാക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. അതേസമയം മദ്രാസ് ഹൈകോടതിയും ചെന്നൈയിലെ കോടതികളും പ്രവര്‍ത്തിക്കും. ദേശീയ ദുരന്തനിവാരണ സേനയും സംസ്ഥാന ദുരന്തനിവാരണ സേനയും സജ്ജമാണെന്ന് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ അറിയിച്ചു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.