2022 January 29 Saturday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

Editorial

ഫെഡറല്‍ സംവിധാനത്തിന് അവഹേളനം


ഇന്ത്യന്‍ ജനാധിപത്യത്തെയും ഫെഡറല്‍ ഭരണസംവിധാനത്തെയും അപമാനിച്ചിരിക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി. മുഖ്യമന്ത്രി പിണറായി വിജയന്‍ വിശേഷിപ്പിച്ചതുപോലെ ഹിറ്റ്‌ലറില്‍നിന്നും മുസോളിനിയില്‍നിന്നുമാണ് അദ്ദേഹം ആവേശമുള്‍ക്കൊള്ളുന്നതെന്നു തോന്നിപ്പോകുന്നു.
ആര്‍.എസ്.എസ് നേതാവിന് അങ്ങനെയൊക്കെയാകാം. പക്ഷേ, മതേതര ജനാധിപത്യ ഭരണ സംവിധാനത്തിന്റെ നായകത്വം വഹിക്കുന്ന പ്രധാനമന്ത്രിയില്‍നിന്ന് അത്തരമൊരു സമീപനമുണ്ടാകുമ്പോള്‍ തീര്‍ച്ചയായും ആശങ്കപ്പെടണം. കേരളത്തില്‍നിന്നു മുഖ്യമന്ത്രി നേതൃത്വം നല്‍കുന്ന സര്‍വകക്ഷി നേതാക്കളെ കാണാന്‍ വിസമ്മതിച്ചതിലൂടെയും പാര്‍ലമെന്റിന്റെ ഇരുസഭകളിലും പ്രതിഷേധജ്വാലകള്‍ ആളിപ്പടര്‍ന്നുകൊണ്ടിരിക്കുന്ന നേരത്ത് സഭയില്‍ ഹാജരാകാതെ വഴിമാറി നടക്കുന്നതിലൂടെയും പ്രധാനമന്ത്രി ജനാധിപത്യഭരണക്രമത്തെ അവഹേളിക്കുകയും അപഹസിക്കുകയുമാണ്.

ജനാധിപത്യത്തിന്റെ ശ്രീകോവിലെന്നും പരിപാവനമായ ഇടമെന്നും കരുതിപ്പോരുന്ന പാര്‍ലമെന്റ് തനിക്കു തൃണസമാനമാണെന്ന വിപല്‍സന്ദേശമല്ലേ അദ്ദേഹം ഇതിലൂടെ നല്‍കുന്നത്. ഇത്തരം അവഗണനാമനോഭാവത്തിലൂടെ പ്രധാനമന്ത്രി ആക്ഷേപിച്ചുകൊണ്ടിരിക്കുന്നതു നമ്മുടെ ജനാധിപത്യ ഭരണസംവിധാനത്തെയാണ്. ഫാസിസ്റ്റ് ഭരണക്രമത്തില്‍ ജനപ്രതിനിധിസഭ അപ്രസക്തമാണ്. ഏകാധിപതികളുടെ മനോധര്‍മം മാത്രമാണ് അവിടെ നിയമമായി വരുന്നത്.
പാര്‍ലമെന്റിനെയും ജനാധിപത്യസംവിധാനത്തെയും ഇരുട്ടില്‍ നിര്‍ത്തിയ ഏകാധിപതികളായിരുന്നു മുസോളിനിയും ഹിറ്റ്‌ലറും. പ്രധാനമന്ത്രിയുടെ ഇപ്പോഴത്തെ നീക്കങ്ങള്‍ അവരെ ഓര്‍മിപ്പിക്കുന്നതാണ്. ഉലകം മുഴുവന്‍ സഞ്ചരിക്കുകയും മന്‍ കി ബാത്ത് മുടങ്ങാതെ നടത്തുകയും ഫേസ്ബുക്കില്‍ പ്രത്യക്ഷപ്പെട്ടുകൊണ്ടിരിക്കുകയും ചെയ്യുന്ന പ്രധാനമന്ത്രിക്ക് കേരളസംസ്ഥാനത്തെ കാണാനും കേള്‍ക്കാനും സമയമില്ല. സമാധാനപൂര്‍ണമായ സഹവര്‍ത്തിത്വത്തിന്റെ വാതിലുകളാണ് ഇതുവഴി അദ്ദേഹം കൊട്ടിയടച്ചത്.

പ്രധാനമന്ത്രിക്ക് കേരള നേതാക്കളെ കാണാന്‍ പറ്റാത്തത്ര തിരക്കുള്ള ദിവസമായിരുന്നെങ്കില്‍ മറ്റൊരു ദിവസം കാണാമെന്നു പറയാമായിരുന്നു. അദ്ദേഹത്തിനു സൗകര്യമുള്ള ദിവസവും സമയവും നിര്‍ദേശിക്കാമായിരുന്നു. രണ്ടുമുണ്ടായില്ല. പകരം വേണമെങ്കില്‍ ധനമന്ത്രിയെ കണ്ടുകൊള്ളൂവെന്ന നിലപാട് ധാര്‍ഷ്ട്യം തന്നെയാണ്. അരുണ്‍ ജെയ്റ്റ്‌ലിയല്ലല്ലോ അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകള്‍ അസാധുവായി പ്രഖ്യാപിച്ച് ഇന്ത്യന്‍ ജനതയെ  അസ്തപ്രജ്ഞരാക്കിയത്. ഈ ദുരന്തത്തിനു കാരണക്കാരനായ പ്രധാനമന്ത്രി തന്റെ ഭാഗം വിശദീകരിക്കാനെങ്കിലും കേരളത്തില്‍നിന്നുള്ള ഭരണപ്രതിപക്ഷ നേതാക്കളെ കാണേണ്ടതായിരുന്നു.
ചില സെലിബ്രിറ്റികള്‍ അവരുടെ സ്ഥാപിതതാല്‍പര്യങ്ങള്‍ സംരക്ഷിക്കാനായിരിക്കാം നരേന്ദ്രമോദിയെ പുകഴ്ത്തുന്നതില്‍ മത്സരിക്കുകയാണ്. ഇതു ജനാധിപത്യവിരുദ്ധനീക്കങ്ങളെ പുകഴ്ത്തുന്നതിനു തുല്യമാണ്. തീക്കൊള്ളികൊണ്ടാണ് അവര്‍ തലചൊറിയുന്നത്. ഇത്തരം പ്രവര്‍ത്തനങ്ങളിലൂടെ ഫാസിസത്തിനു ജനസമ്മിതി നേടിക്കൊടുക്കാനാണ് അതിന്റെ വക്താക്കള്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നതെന്നു സെലിബ്രിറ്റികള്‍ ഓര്‍ക്കണം.

കേരള നിയമസഭ സംയുക്തമായി അംഗീകരിച്ച പ്രമേയം ജനാധിപത്യ ഭരണസംവിധാനത്തിന്റെ ഉല്‍പന്നമാണ്. അതു സ്വീകരിക്കേണ്ടത് ഫെഡറല്‍സംവിധാനത്തില്‍ രാജ്യംഭരിക്കുന്നയാളുടെ  ചുമതലയാണ്. അതിനെ നിരാകരിക്കുന്ന ഭരണാധികാരി ഇന്ത്യന്‍ ജനാധിപത്യത്തെ അംഗീകരിക്കുന്നില്ലെന്നല്ലേ മനസ്സിലാക്കേണ്ടത്. ഇവിടെയാണ് ഫാസിസത്തിന്റെ കാലൊച്ച അടുത്തുവരുന്നതായി അനുഭവപ്പെടുന്നത്.
ഇന്ത്യന്‍ ജനാധിപത്യത്തിന്റെയും മതേതരത്വത്തിന്റെയും ഫെഡറല്‍ സംവിധാനത്തിന്റെയും അടിത്തറ ഇളക്കിക്കൊണ്ടിരിക്കുന്ന നടപടികള്‍ നിസ്സാരമായി കാണാനാകില്ല. തെരഞ്ഞെടുക്കപ്പെടുന്ന ജനപ്രതിനിധികളുടെ അഭിപ്രായങ്ങള്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രതിനിധാനം ചെയ്യുന്ന രാഷ്ട്രീയപ്പാര്‍ട്ടിക്ക് അരോചകമായിരിക്കാം. പക്ഷേ, അവരുടെ അപ്രിയങ്ങള്‍ പ്രകടിപ്പിക്കാനുള്ള ഇടമല്ലല്ലോ പ്രധാനമന്ത്രിയുടെ ഇരിപ്പിടം.
പാര്‍ലമെന്റിനെ അവഗണിക്കുന്നതും സംസ്ഥാനങ്ങളുടെ ആവശ്യങ്ങള്‍ക്കു മുമ്പില്‍ മുഖം തിരിഞ്ഞുനില്‍ക്കുന്നതും  മതേതരജനാധിപത്യ സംവിധാനത്തെ ഇകഴ്ത്തലാണ്. കാര്യങ്ങള്‍ ഇങ്ങനെപോയാല്‍ ജനങ്ങള്‍ കലാപത്തിനിറങ്ങുമോ എന്ന് ഭയപ്പെടേണ്ടിയിരിക്കുന്നുവെന്ന സുപ്രിംകോടതിയുടെ ആശങ്ക അസ്ഥാനത്തല്ലെന്നു വരും. അതിലേയ്ക്കു നയിക്കുന്ന സംഭവങ്ങളാണ് ഇന്ത്യയില്‍ അനുദിനം അരങ്ങേറിക്കൊണ്ടിരിക്കുന്നത്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.