
ശ്രീനഗര്‍: ഹിസ്ബുല്‍ മുജാഹിദീന്‍ കമ്മാണ്ടര്‍ ബുര്‍ഹാന്‍ മുസാഫര്‍ വനിയുടെ വധത്തെത്തുടര്‍ന്ന് കശ്മീരിലുണ്ടായ സംഘര്‍ഷത്തിന് അയവായില്ല. പ്രതിഷേധക്കാരും സുരക്ഷാ സേനയും തമ്മിലുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 15 ആയി. ഇരനൂറിലധികം പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു.
അനന്ദ്നാഗ്, കുല്‍ഗാം, ഷോപിയാന്‍ തുടങ്ങിയ സ്ഥലങ്ങളില്‍ പൊലിസ് സ്റ്റേഷനുകള്‍ക്കു നേരെ വ്യാപകമായ ആക്രമണമുണ്ടായി. പരുക്കേറ്റവരില്‍ 90 പേരും സുരക്ഷാ ഉദ്യോഗസ്ഥരാണെന്ന് പൊലിസ് അറിയിച്ചു.
മരണസംഖ്യ ഉയരുന്നതില്‍ ദു:ഖം പ്രകടിപ്പിച്ച മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തി, പ്രതിഷേധത്തെ നേരിടുമ്പോള്‍ സംയമനം പാലിക്കണമെന്ന് പൊലിസിനു നിര്‍ദേശം നല്‍കിയതായും പറഞ്ഞു.
വെള്ളിയാഴ്ച ഉച്ചയോടെയാണ് ബുര്‍ഹാന്‍ വനിയെ സൈന്യം വധിച്ചത്. ഇതോടെ വിഘടന വാദികള്‍ പ്രതിഷേധവുമായി തെരുവില്‍ ഇറങ്ങുകയായിരുന്നു. പ്രതിഷേധം നിയന്ത്രിക്കാന്‍ ശ്രീനഗര്‍, ദക്ഷിണ കശ്മീര്‍ മേഖലകളില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചെങ്കിലും സംഘര്‍ഷത്തിന് അയവുണ്ടായില്ല.