കോഴിക്കോട്: സ്‌കൂള്‍ തുറന്നതോടെ വീടുവിട്ടിറങ്ങുന്ന കുട്ടികളുടെ എണ്ണവും കൂടി. പഠനത്തോടുള്ള താല്‍പര്യമില്ലായ്മ കൊണ്ടും മറ്റും വീടുവിട്ടിറങ്ങുന്ന കുട്ടികളെ നേര്‍വഴിക്കു നടത്തുകയാണ് കോഴിക്കോട് റെയില്‍വേ സ്‌റ്റേഷനിലെ ചൈല്‍ഡ് ലൈന്‍ ഹെല്‍പ് ഡെസ്‌ക്. വനിതാ ശിശുക്ഷേമ മന്ത്രാലയവും ചൈല്‍ഡ് ലൈന്‍ ഫൗണ്ടേഷനും സംയുക്തമായാണ് പദ്ധതി നടപ്പാക്കുന്നത്.
അലഞ്ഞുതിരിഞ്ഞു നടക്കുന്ന കുട്ടികളെ സുരക്ഷിതസ്ഥാനത്ത് എത്തിക്കുകയാണ് ഈ കേന്ദ്രം. റെയില്‍വേ സ്‌റ്റേഷനിലെ പ്ലാറ്റ്‌ഫോം രണ്ടില്‍ 2018 മെയിലാണ് ചൈല്‍ഡ്‌ലൈന്‍ ഹെല്‍പ്പ്‌ഡെസ്‌ക്ക് ആംരഭിക്കുന്നത്.
അഞ്ചുവര്‍ഷത്തിനിടെ 1551 കുട്ടികളെയാണ് ഈ പദ്ധതിയില്‍ കണ്ടെത്തി ബന്ധുക്കള്‍ക്ക് തിരിച്ചു നല്‍കിയത്. ജൂണില്‍ ഇതുവരെ മൂന്ന് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്.
അസ്വാഭാവിക സാഹചര്യങ്ങളില്‍ കണ്ടെത്തുന്ന കുട്ടികളുടെ എണ്ണം വര്‍ധിച്ചുവരുകയാണെന്ന് ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ വ്യക്തമാക്കുന്നു. വഴിതെറ്റിയെത്തുന്നവരില്‍ കൂടുതലും 12 മുതല്‍ 17 വരെ പ്രായമുള്ളവരാണ്. കുട്ടികളില്‍ ഭൂരിഭാഗവും ആദ്യം എത്തുന്നത് റെയില്‍വേ സ്‌റ്റേഷനിലാണ്. ഇവരെ കണ്ടെത്തുന്നതിനായി മൂന്ന് ഷിഫ്റ്റുകളിലായി 12 ജീവനക്കാര്‍ ഇവിടെ ജോലിചെയ്യുന്നുണ്ട്. ഒരു കോര്‍ഡിനേറ്റര്‍, ഒരു കൗണ്‍സലര്‍ പത്ത് വളണ്ടിയര്‍മാരും ഉള്‍പ്പെടുന്നു. അസ്വാഭാവിക സാഹചര്യത്തില്‍ കാണപ്പെടുന്ന കുട്ടികളില്‍ നിന്ന് പ്രാഥമിക വിവരങ്ങള്‍ മനസ്സിലാക്കി ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയുടെയും റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്‌സിന്റെയും സാഹായത്തോടെയാണ് കേസുകള്‍ തീര്‍പ്പാക്കുന്നത്.
കുടുംബ പ്രശ്‌നങ്ങള്‍, പഠനത്തോടുള്ള താല്‍പര്യമില്ലായ്മ, പ്രണയ ബന്ധങ്ങള്‍ തുടങ്ങി വഴി തെറ്റിയെത്താന്‍ കാരണങ്ങള്‍ പലതാണെങ്കിലും പ്രശ്‌നങ്ങള്‍ കണ്ടെത്തി രക്ഷിതാക്കള്‍ക്കൊപ്പം വിട്ടയക്കുകയോ, സംരക്ഷിക്കാനാളില്ലാത്തവരെ സംരക്ഷണ ക്രേന്ദത്തിലയക്കുകയോ ആണ് പതിവെന്ന് കോ ഓര്‍ഡിനേറ്റര്‍ അജു ജോസഫ് പറഞ്ഞു. ഇവരില്‍ പല കുട്ടികളും തങ്ങളോട് സഹകരിക്കാന്‍ വിസമ്മതിക്കാറുണ്ടെന്നും, ശരിയായ കൗണ്‍സലിംഗ് കെടുക്കാന്‍ സ്ഥലപരിമിതിയുണ്ടെന്നും കൗണ്‍സലര്‍ ദിവ്യയും ചൂണ്ടിക്കാട്ടി.
രണ്ടാമത്തെ പ്ലാറ്റ്‌ഫോമിലെ വിശ്രമ മുറിയുടെ അടുത്തുള്ള ചെറിയ ഏരിയയിലാണ് ചൈല്‍ഡ് ലൈന്‍ ഹെല്‍പ്പ് ഡെസ്‌ക്ക്. അത്യാവശ്യ ഘട്ടങ്ങളില്‍ വിശ്രമ മുറി ഉപയോഗിക്കാന്‍ റെയില്‍വേയുടെ അനുമതിയുണ്ട്. നിലവില്‍ കോഴിക്കോട്, എറാണാകുളം, തൃശൂര്‍, തിരുവനന്തപുരം സ്റ്റേഷനുകളിലാണ് റെയില്‍വേ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തിക്കുന്നത്.
Comments are closed for this post.