
ബ്രസല്‍സ്: മോദി സര്‍ക്കാര്‍ കൊണ്ടുവന്ന പൗരത്വ നിയമ ഭേദഗതിക്കെതിരെ (സി.എ.എ) പ്രമേയം പാസാക്കാനൊരുങ്ങി യൂറോപ്യന്‍ യൂനിയന്‍. 154 യൂറോപ്യന്‍ പാര്‍ലമെന്റ് അംഗങ്ങളാണ് പ്രമേയം കൊണ്ടുവന്നത്. കോടിക്കണക്കിന് പേരെ പൗരന്മാരല്ലാതാക്കിത്തീര്ക്കുന്നതാണ് സി.എ.എയെന്നതാണ് പ്രമേയത്തിലെ പ്രധാന ആരോപണം.
അടുത്തയാഴ്ച ബ്രസല്‍സില്‍ തുടങ്ങാനിരിക്കുന്ന യൂറോപ്യന്‍ പാര്‍ലമെന്റ് പ്ലീനറി സെഷനില്‍ അവതരിപ്പിക്കാനാണ് അഞ്ച് പേജുള്ള പ്രമേയം മേശപ്പുറത്ത് വച്ചത്.
സി.എ.എ ‘വിവേചനപരവും അപകടമായ ഭിന്നിപ്പുണ്ടാക്കുന്നതും’ എന്ന വിശേഷണത്തിനൊപ്പം, ഇന്റര്‍നാഷണല്‍ കോവിനന്റ് ഓണ്‍ സിവില്‍ പൊളിറ്റിക്കല്‍ റൈറ്റ്സിനു കീഴിലെ ഇന്ത്യയുടെ അന്താരാഷ്ട്ര ഉടമ്പടി ലംഘനമാണിതെന്നും പ്രമേയത്തില്‍ കുറ്റപ്പെടുത്തുന്നു. കൂടാതെ, ഇന്ത്യ ഒപ്പുവച്ച നിരവധി മനുഷ്യാവകാശ കരാറുകളുടെ ലംഘനമാണെന്നും പ്രമേയത്തില്‍ പറയുന്നു.
തീരുമാനം അന്താരാഷ്ട്ര തലത്തില്‍ രാജ്യത്തിന്റെ പ്രതിച്ഛായയ്ക്കു തന്നെ മങ്ങലേല്‍പ്പിക്കും. ‘സി.എ.എ ലോകത്തിലെ ഏറ്റവും വലിയ അപൗരത്വ പ്രതിസന്ധി സൃഷ്ടിക്കുമെന്നും അതീവ ഗുരുതരമായ മനുഷ്യയാതനകള്‍ക്ക് ഹേതുവാകുമെന്നും’ യൂറോപ്യന്‍ പാര്‍ലെന്റ് അംഗങ്ങള്‍ മുന്നറിയിപ്പു നല്കി.
Read more at: ‘അസഹിഷ്ണുത ഇന്ത്യ’: മോദിയെയും ബി.ജെ.പിയെയും രൂക്ഷമായി വിമര്‍ശിച്ച് ദ ഇക്കണോമിസ്റ്റ്
26 യൂറോപ്യന്‍ രാഷ്ട്രങ്ങളില്‍ നിന്നുള്ള എസ് ആന്‍ഡ് ഡി ഗ്രൂപ്പ് എന്നറിയപ്പെടുന്ന ജനപ്രതിനിധികളാണ് മോദി സര്‍ക്കാറിന്റെ തീരുമാനത്തിനെതിരെ രംഗത്തുവന്നിട്ടുള്ളത്. സമത്വം, വൈവിധ്യം, നീതി എന്നീ ജനാധിപത്യ മൂല്യങ്ങള്‍ ഉറപ്പുവരുത്തുകയാണ് എസ് ആന്‍ഡ് ഡി ഗ്രൂപ്പിന്റെ ലക്ഷ്യം.
രാജ്യത്തിന്റെ ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 14ന്റെ ലംഘനമാണ് സി.എ.എ എന്നും പ്രമേയത്തില്‍ വ്യക്തമാക്കുന്നു. മതപീഡനം അടിസ്ഥാനമാക്കിയാണ് പൗരത്വം നല്‍കുന്നത് എങ്കില്‍ പാകിസ്താനിലെ അഹമ്മദിയ്യാക്കള്‍ക്കും ഹസാറകള്‍ക്കും മ്യാന്മറിലെ റോഹിന്‍ഗ്യകള്‍ക്കും പൗരത്വം നല്കേണ്ടിയിരുന്നു. ശ്രീലങ്കര്‍ തമിഴര്‍ക്കും പൗരത്വം നല്‍കേണ്ടതുണ്ട്. മുപ്പതു വര്‍ഷത്തോളമായി ഇന്ത്യയില്‍ അഭയാര്‍ഥികളായി താമസിക്കുന്നവര്‍ കൂടിയാണ് ലങ്കന്‍ തമിഴരെന്നും പ്രമേയം ചൂണ്ടിക്കാട്ടുന്നു.
നേരത്തെ, യു.എന്നും നിയമത്തെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. പ്രാഥമികദൃഷ്ട്യാ നിയമം വിവേചനപരമാണ് എന്നാണ് യു.എന്‍ മനുഷ്യാവകാശ കൗണ്‍സില്‍ വ്യക്തമാക്കിയിരുന്നത്.