2023 December 06 Wednesday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

ആര്‍.എസ്.എസില്‍ വിശ്വസിക്കുന്നവരെ കോണ്‍ഗ്രസിന് ആവശ്യമില്ലെന്ന് രാഹുല്‍ ഗാന്ധി

   

ന്യൂഡല്‍ഹി: ആര്‍.എസ്.എസിന്റെ ആശയധാരയില്‍ വിശ്വസിക്കുന്നവരേയും ആര്‍.എസ്.എസിനെ പേടിക്കുന്നവരേയും കോണ്‍ഗ്രസിന് ആവശ്യമില്ലെന്ന് രാഹുല്‍ ഗാന്ധി. അത്തരക്കാരെ പിടിച്ചു പുറത്താക്കണമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. കോണ്‍ഗ്രസ് സാമൂഹമാധ്യമ വിഭാഗത്തിന്റെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു രാഹുല്‍. ആര്‍.എസ്.എസിന്റെ ആദര്‍ശം കൊണ്ടുനടക്കുന്നവര്‍ക്ക് പ്രവര്‍ത്തിക്കാനുള്ള ഇടമല്ല കോണ്‍ഗ്രസ് പാര്‍ട്ടി. അവര്‍ക്ക് ആര്‍.എസ്.എസിലേക്ക് പോകാം.
പൊയ്‌ക്കോളൂ സഹോദരാ.. ആര്‍.എസ്.എസില്‍ ചേര്‍ന്നോളൂ, പാര്‍ട്ടിക്ക് നിങ്ങളെ ആവശ്യമില്ല എന്ന് അവരോട് പറയാം. ആര്‍.എസ്.എസിനെ പേടിക്കാത്ത നിരവധി പേര്‍ പുറത്തുണ്ട്. അവരെ പാര്‍ട്ടിക്കുള്ളിലേക്ക് കൊണ്ടുവരാം. ഭയമില്ലാത്തവരെയാണ് കോണ്‍ഗ്രസിന് വേണ്ടതെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. പേടിച്ചു തുടങ്ങിയാല്‍ നിങ്ങള്‍ പിന്നെ കോണ്‍ഗ്രസുകാരനല്ല. അതാണ് നമ്മുടെ ആശയം. അതാണ് നമ്മുടെ അടിസ്ഥാന സന്ദേശമെന്നും രാഹുല്‍ പറഞ്ഞു.
പണവും കൊട്ടാരവും നഷ്ടപ്പെടുമെന്ന് പേടിച്ചതിനാലാണ് ജ്യോതിരാദിത്യ സിന്ധ്യ ആര്‍.എസ്.എസില്‍ ചേര്‍ന്നതെന്നും രാഹുല്‍ പറഞ്ഞു. നിങ്ങളെ പേടിപ്പിക്കാന്‍ അവര്‍ പലതും ചെയ്യും. പലതും പറയും. നിങ്ങള്‍ നിങ്ങളുടെ കൈപ്പത്തി ചിഹ്നം ഓര്‍ക്കുക, നിങ്ങളെ അവര്‍ക്ക് പേടിപ്പിക്കാന്‍ കഴിയില്ലെന്ന് ഉറപ്പിക്കുക- രാഹുല്‍ പറഞ്ഞു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.