തിരുവനന്തപുരം: മുന്‍കരുതലുകള്‍ സ്വീകരിച്ചതിനാല്‍ കേരളത്തില്‍ 89.3 ശതമാനം പേരും കൊവിഡില്‍ നിന്ന് സ്വയം സുരക്ഷിതരായെന്ന് റിപ്പോര്‍ട്ട്. കൊവിഡ് ബാധിച്ചതിനെ തുടര്‍ന്ന് 10.7 ശതമാനം പേരില്‍ ആന്റിബോഡി രൂപപ്പെട്ടു. ജനുവരി, ഫെബ്രുവരി മാസങ്ങളില്‍ സംസ്ഥാനത്തൊട്ടാകെ ആരോഗ്യവകുപ്പ് നടത്തിയ ‘സെറോ സര്‍വേ’യുടെ റിപ്പോര്‍ട്ടിലാണ് കൊവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട പുതിയ വിവരങ്ങള്‍.
കഴിഞ്ഞ വര്‍ഷത്തെ കൊവിഡ് പ്രോട്ടോക്കോള്‍ നടപടികളാണ് രോഗവ്യാപന തോത് കുറയ്ക്കാന്‍ കാരണമായത്. കൊവിഡിനെതിരായ ആന്റിബോഡിയുടെ സാന്നിധ്യം കണ്ടെത്തിയത് 10 ശതമാനം പേരില്‍ മാത്രമായതിനാല്‍ രോഗവ്യാപനം അനിയന്ത്രിതമായില്ലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
ഉറവിടരഹിത കേസുകളുടെ എണ്ണം കേരളത്തില്‍ ദേശീയ ശരാശരിയേക്കാള്‍ കുറവാണ്. ദേശീയതലത്തില്‍ നാലില്‍ ഒരു കേസ് ഉറവിടമറിയാത്തതാകുമ്പോള്‍ കേരളത്തില്‍ അത് 30ല്‍ ഒന്നു മാത്രമാണ്. രോഗവ്യാപനം ജനസാന്ദ്രതയുമായും ബന്ധപ്പെട്ടിരിക്കുന്നുവെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
ജനസാന്ദ്രത കുറഞ്ഞ ഇടുക്കിയില്‍ രോഗവ്യാപനവും കുറവാണ്. അവിടെ ആന്റിബോഡി പോസിറ്റിവിറ്റി നിരക്ക് 5.96 ശതമാനം മാത്രമാണ്. ആലപ്പുഴ (15.04), കോഴിക്കോട് (13.33), മലപ്പുറം (13.03), തിരുവനന്തപുരം (12.50), കൊല്ലം (11.89), കാസര്‍കോട് (10.80), പത്തനംതിട്ട (10.27), പാലക്കാട് (10.04) എന്നിങ്ങനെയും രേഖപ്പെടുത്തി. മറ്റിടങ്ങളില്‍ 10നു താഴെയാണ് ആന്റിബോഡി പോസിറ്റിവിറ്റി നിരക്ക്.
നഗരപ്രദേശങ്ങളെ അപേക്ഷിച്ച് ഗ്രാമീണ മേഖലകളില്‍ രോഗവ്യാപനം കുറവായിരുന്നു. ഗ്രാമീണ മേഖലകളില്‍ 9.59 ശതമാനം പേരില്‍ മാത്രമാണ് ആന്റിബോഡി കണ്ടെത്തിയത്. എന്നാല്‍ മുനിസിപ്പാലിറ്റികളില്‍ അത് 11.87 ശതമാനവും കോര്‍പറേഷനുകളില്‍ 12.98 ശതമാനവുമാണ്.
റിവേഴ്‌സ് ക്വാറന്റൈന്‍ പ്രവര്‍ത്തനങ്ങള്‍ ഫലപ്രദമായതിനാല്‍ പ്രായമായവരിലെ രോഗവ്യാപനം കുറവാണ്. 81 വയസിനു മുകളിലുള്ളവരില്‍ 7.4 ശതമാനം പേര്‍ക്കും 71നും 80നും ഇടയിലുള്ളവരില്‍ 8.2 ശതമാനം പേര്‍ക്കും മാത്രമാണ് രോഗബാധയുണ്ടായത്. 18നും 20നും ഇടയില്‍ ഒന്‍പതുശതമാനമാണ് രോഗബാധ. മറ്റുള്ളവരിലെ രോഗബാധ 10 ശതമാനത്തിന് മുകളിലാണ്.
പുരുഷന്‍മാരില്‍ 10.8 ശതമാനവും സ്ത്രീകളില്‍ 10.7 ശതമാനവും രോഗബാധിതരായി. ആരോഗ്യപ്രവര്‍ത്തകരില്‍ 10.5 ശതമാനവും പൊലിസുകാരില്‍ 15.3 ശതമാനവും തദ്ദേശ സ്ഥാപന ജീവനക്കാരില്‍ 8.8 ശതമാനവും രോഗബാധിതരായെന്നും റിപ്പോര്‍ട്ടിലുണ്ട്. സംസ്ഥാനത്ത് വാക്‌സിന്‍ വിതരണ നടപടികള്‍ വേഗത്തിലാക്കണമെന്ന് റിപ്പോര്‍ട്ട് ശുപാര്‍ശ ചെയ്യുന്നുണ്ട്. കൊവിഡ് പ്രോട്ടോക്കോള്‍ കര്‍ശനമായി തുടരണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
Comments are closed for this post.