
തിരുവനന്തപുരം
വീണ്ടും ഹെലികോപ്ടർ വാടകയ്ക്കെടുക്കാനൊരുങ്ങി സംസ്ഥാന സർക്കാർ. നേരത്തെ ഉയർന്ന വിവാദം കെട്ടടങ്ങും മുമ്പെയാണ് പുതിയ നീക്കം.
പൊലിസിനു വേണ്ടി ഹെലികോപ്ടർ വാടകയ്ക്ക് എടുക്കാനുള്ള സാങ്കേതിക ലേലനടപടികൾ ആരംഭിച്ചു. അടുത്തമാസം നാലിനു ഡി.ജി.പി അധ്യക്ഷനായ സമിതി ബിഡ് തുറന്ന് പരിശോധിക്കും. ആറു യാത്രക്കാരെ ഉൾക്കൊള്ളുന്ന ഇരട്ട എൻജിൻ ഹെലികോപ്ടർ മൂന്നു വർഷത്തേക്കാണ് വാടകയ്ക്കെടുക്കുന്നത്. വി.ഐ.പി സുരക്ഷാ മാനദണ്ഡങ്ങളും എയർ ആംബുലൻസ് സജ്ജീകരണവുമള്ള കോപ്ടറുകൾക്ക് മുൻഗണന നൽകുന്ന തരത്തിലാണ് ടെൻഡർ.
ആവശ്യം വരുന്ന ഘട്ടത്തിൽ വീണ്ടും ടെൻഡർ വിളിച്ച് കോപ്ടർ കുറഞ്ഞ വാടകക്ക് എടുക്കുന്നത് പരിശോധിക്കാമെന്ന് ഡി.ജി.പി സർക്കാരിനെ അറിയിച്ചു.
നേരത്തെ പവൻഹാൻസ് കമ്പനിയിൽനിന്ന് ഹെലികോപ്ടർ വാടകയ്ക്കെടുത്തത് ധൂർത്തും അനാവശ്യ ചെലവുമാണെന്ന ആരോപണം ഉയർന്നതിനെ തുടർന്ന് നീക്കം ഓഗസ്റ്റിൽ സർക്കാർ ഉപേക്ഷിക്കുകയായിരുന്നു. പവൻഹാൻസ് കോപ്ടറിന്റെ കരാർ കാലാവധി അവസാനിച്ച് മാസങ്ങൾ കഴിഞ്ഞാണ് അടുത്ത ടെൻഡർ നടപടിയുമായി മുന്നോട്ടുപോകുന്നത്.
ടെൻഡർ വിളിക്കാതെയായിരുന്നു പഴയ ഇടപാട്. വാടകയ്ക്കും കോപ്ടർ സംരക്ഷണത്തിനുമായി ചെലവാക്കിയിരുന്നത് 22.21കോടി രൂപയായിരുന്നു. വാടക മാത്രം 21.64 കോടി രൂപയും. 20 മണിക്കൂർ പറത്താൻ 1.4 ലക്ഷം കോടി രൂപ വാടകയ്ക്കാണ് പവൻ ഹാൻസ് കമ്പനിക്ക് സർക്കാർ കരാർ നൽകിയിരുന്നത്.
കുറഞ്ഞ നിരക്ക് വാഗ്ദാനം ചെയ്ത കമ്പനിയെ തഴഞ്ഞ് മൂന്നിരട്ടി ഉയർന്ന നിരക്കുള്ള പവൻഹാൻസ് കമ്പനിയുടെ കോപ്ടർ വാടയ്ക്കെടുക്കാനുള്ള തീരുമാനമാണ് വിവാദമായത്.
ബംഗളൂരുവിലെ ചിപ്സൺ ഏവിയേഷൻ ഇതേ തുകയ്ക്ക് മൂന്ന് കോപ്ടറുകൾ വാടകയ്ക്കു നൽകാമെന്ന് അറിയിച്ചിരുന്ന കാര്യം പുറത്തുവന്നതോടെയാണ് സംഭവം കൂടുതൽ വിവാദമായത്.