2021 March 07 Sunday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

2021-22 സംസ്ഥാന ബജറ്റ് ധനകാര്യ രേഖയോ പ്രകടന പത്രികയോ?

പ്രൊഫ. കെ. അരവിന്ദാക്ഷന്‍

കേരളത്തിലെ ഇടതുമുന്നണി സര്‍ക്കാരുകളിലെ ധനമന്ത്രി പദവിയിലിരുന്നുകൊണ്ട് 12 ബജറ്റുകള്‍ അവതരിപ്പിക്കുന്നതിന് അപൂര്‍വ അവസരം ലഭിച്ച വ്യക്തിയാണ് ഡോ. തോമസ് ഐസക്. ഓരോ ബജറ്റ് അവതരിപ്പിക്കുമ്പോഴും അദ്ദേഹം സ്വയം ഓര്‍മപ്പെടുത്താറുള്ള ഒരു കാര്യമുണ്ട്. താന്‍ പഠിക്കുകയും ഗവേഷണം നടത്തുകയും പഠിപ്പിക്കുകയും ചെയ്തിരുന്ന ധനശാസ്ത്രത്തിലെ തത്വവും പ്രയോഗവും തമ്മില്‍ പൊരുത്തപ്പെടുത്തുക എന്നതിലെ സങ്കീര്‍ണത വെളിപ്പെടുക ബജറ്റ് രേഖ തയാറാക്കാന്‍ പുറപ്പെടുമ്പോഴാണ് എന്നതാണത്. ഏതൊരു ധനമന്ത്രിയേയും പോലെ ഈ സങ്കീര്‍ണത പരമാവധി കുറക്കുന്നതിന് ഡോ. തോമസ് ഐസക് ശ്രമിക്കാറുണ്ട്. എന്നാല്‍ ഇതില്‍ പൂര്‍ണ വിജയം കൈവരിക്കാറുമില്ല. ഇത് മനുഷ്യസാധ്യവുമല്ല.

2021-22 ലേക്കുള്ള ബജറ്റ് രേഖ തയാറാക്കുന്ന അവസരത്തില്‍, മുന്‍ വര്‍ഷങ്ങളിലേതിനു പുറമേ പ്രശ്‌നത്തിന്റെ പുതിയ ചില മാനങ്ങള്‍ കൂടി ധനമന്ത്രിക്കു മുന്‍പില്‍ നിലനില്‍ക്കുന്നു. ഈ മാനങ്ങള്‍ കൃത്യമായി സാമ്പത്തിക അവലോകന രേഖയില്‍ അദ്ദേഹം രേഖപ്പെടുത്തിയിട്ടുമുണ്ട്. ഇതില്‍ ഏറ്റവും പ്രധാനപ്പെട്ടത് സാമ്പത്തിക വളര്‍ച്ചയുടെ ദയനീയാവസ്ഥയാണ്. വളര്‍ച്ചാ നിരക്കില്‍ കേരള സമ്പദ്‌വ്യവസ്ഥ 2019-2020 ല്‍ മുന്‍ വര്‍ഷത്തിലെ നിരക്കായ 6.49 ശതമാനം എന്നതില്‍ നിന്ന് 3.45 ശതമാനത്തിലേക്കാണ് കൂപ്പുകുത്തിയത്. അതേസമയം മറ്റൊന്നു കൂടി ഇവിടെ സൂചിപ്പിക്കേണ്ടതുണ്ട്. അതായത് ഈ നിരക്ക് ദേശീയ വളര്‍ച്ചാ നിരക്കായ 4.2 ശതമാനത്തിലും താഴെയാണ്. ഈ തകര്‍ച്ചക്ക് പല കാരണങ്ങളാണുള്ളത്. ഓഖി ചുഴലിക്കാറ്റ്, രണ്ട് വര്‍ഷം ആവര്‍ത്തിക്കപ്പെട്ട പ്രളയം എന്നിവയ്ക്കും പുറമേ കൊവിഡ് 19 എന്ന മഹാമാരി വരുത്തിവച്ച ദുരന്തങ്ങളുമാണ്. സംസ്ഥാന സര്‍ക്കാരിന്റെ പൊതുകടമാണെങ്കില്‍ 2.60 ലക്ഷം കോടിയായി കുതിച്ചുയര്‍ന്നു. കടത്തിന്റെ പ്രതിശീര്‍ഷ വര്‍ധന 2.93 ശതമാനമായിരുന്നെങ്കില്‍ തൊഴിലില്ലായ്മ നിരക്ക് 11.4 ശതമാനത്തില്‍ നിന്ന് ഒന്‍പത് ശതമാനമായി കുറഞ്ഞുവെന്നത് നേരിയ ഒരു ആശ്വാസമാണ്. റവന്യു വരുമാനത്തില്‍ 2629.8 കോടി രൂപ ഇടിവുണ്ടായപ്പോള്‍ റവന്യു ചെലവില്‍ 74.70 ശതമാനം വര്‍ധനവാണുണ്ടായതെന്നും ആ രേഖ ചൂണ്ടിക്കാട്ടുന്നു.

ഇതും തീര്‍ത്തും ഒഴിവാക്കാന്‍ കഴിയുമായിരുന്നില്ല. പ്രകൃതി ദുരന്തങ്ങള്‍ക്കും കൊവിഡിനും പുറമേ പ്രവാസികളുടെ പ്രത്യകിച്ച് ഗള്‍ഫ് മേഖലയില്‍നിന്നുള്ളവരുടെ തിരിച്ചുവരവും പ്രശ്‌നത്തിന്റെ ആക്കം വര്‍ധിപ്പിച്ചിട്ടുണ്ട്. മൈഗ്രേഷന്‍ പഠനം വെളിവാക്കുന്നത് 12.95 ലക്ഷം പേര്‍ മടങ്ങിയെത്തി എന്നതാണ്. സാമാന്യം മെച്ചപ്പെട്ടിരുന്ന കാര്‍ഷിക വളര്‍ച്ചയും രണ്ട് വര്‍ഷം തുടര്‍ച്ചയായ നെഗറ്റീവ് വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്. 2.38ല്‍ നിന്ന് മൈനസ് 6.62 ശതമാനത്തിലേക്ക്. നോട്ടുനിരോധനത്തോടൊപ്പം ജി.എസ്.ടി വരുത്തിവച്ച അനിശ്ചിതത്വവും ഗ്രാമീണ അനൗപചാരികമേഖലകളെ മാത്രമല്ല, സാമാന്യം നല്ല വളര്‍ച്ച നിലനിന്നിരുന്ന നിര്‍മാണ മേഖലയുടെ വളര്‍ച്ചാനിരക്കും 9.96 ശതമാനത്തില്‍ നിന്ന് 3.7 ശതമാനത്തിലേക്കുള്ള കുത്തനെയുള്ള ഇടിവാണുണ്ടായിരിക്കുന്നത്. തൊഴിലാളികളുടെ കൂട്ടപ്പലായനവും നിര്‍മാണ മേഖലയെ പ്രതിസന്ധിയിലാക്കിയിരുന്നു.
ഇത്തരമൊരു പശ്ചാത്തലത്തില്‍ വേണം 2021-22 ധനകാര്യ വര്‍ഷത്തിലേക്കുള്ള സംസ്ഥാന ബജറ്റ് രേഖ വിലയിരുത്തപ്പെടാന്‍. മാത്രമല്ല, നിയമസഭ തെരഞ്ഞെടുപ്പിന് മൂന്നു മാസത്തോളം മാത്രമാണ് അവശേഷിക്കുന്നതെന്ന സാഹചര്യത്തില്‍ പരമാവധി ജനപ്രിയ നിര്‍ദേശങ്ങളും പദ്ധതികളുമായിരിക്കും ബജറ്റില്‍ ഇടം കണ്ടെത്തുക. ബജറ്റ് രേഖയിലൂടെ ഒരുവട്ടം കണ്ണോടിക്കുന്നവരില്‍ ആര്‍ക്കെങ്കിലും ഇതൊരു ബജറ്റല്ല എല്‍.ഡി.എഫിന്റെ പ്രകടന പത്രികയാണെന്ന് തോന്നുന്നുവെങ്കില്‍ അവരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല.

ഏതായാലും ഇതിന് മുന്‍പ് ഉമ്മന്‍ ചാണ്ടിയുടെ രണ്ട് മണിക്കൂര്‍ 54 മിനിറ്റ് എന്ന സമയ ദൈര്‍ഘ്യം മറികടന്ന് മൂന്ന് മണിക്കൂര്‍ 18 മിനിറ്റ് സമയമെടുത്താണ് ഡോ. തോമസ് ഐസക് ബജറ്റ് രേഖ അവതരിപ്പിച്ചത്. പതിവുതെറ്റിക്കാതെ ഇക്കുറിയും ഏതാനു സ്‌കൂള്‍ വിദ്യാര്‍ഥികള്‍ മന്ത്രിക്ക് അയച്ചുകൊടുത്ത കവിതാ രൂപത്തിലുള്ള സന്ദേശങ്ങള്‍ അവസരോചിതമായി വിളക്കിച്ചേര്‍ത്തായിരുന്നു അദ്ദേഹത്തിന്റെ അവതരണ ശൈലി. പുതിയ വികസനപാത, കൊവിഡ് മഹാമാരിയുടേയും സാമ്പത്തികമാന്ദ്യത്തിന്റേയും ഉല്‍പാദന തകര്‍ച്ചയുടേയും തൊഴിലില്ലായ്മ വര്‍ധനവിന്റേയും പശ്ചാത്തലത്തില്‍, ഏതുവിധേനയും പണിതീര്‍ക്കാമെന്ന തത്രപ്പാടാണ് ഡോ. ഐസക്കിനെ നിയന്ത്രിച്ച വികാരമെന്ന് അദ്ദേഹത്തിന്റെ ശരീര ഭാഷയില്‍നിന്ന് വായിച്ചെടുക്കാന്‍ കഴിയുമായിരുന്നു. കൊവിഡ് പ്രതിരോധ നടപടികള്‍ എണ്ണിപ്പറഞ്ഞ് സര്‍ക്കാരിനെ വെള്ളപൂശാന്‍ പെടാപ്പാട് പെടുമ്പോഴും, കൊവിഡ് പ്രതിരോധമേഖലയില്‍ വിലമതിക്കാനാവാത്തവിധം സേവനമനുഷ്ഠിച്ച ആരോഗ്യപ്രവര്‍ത്തകരെയും സന്നദ്ധപ്രവര്‍ത്തകരെയും അഭിനന്ദനങ്ങള്‍ ചൊരിഞ്ഞുമൂടാന്‍ ശ്രമിക്കുമ്പോഴും അദ്ദേഹത്തിന്റെ മുഖത്ത് ഒരിക്കല്‍പോലും പുഞ്ചിരി വിരിഞ്ഞതായി കണ്ടില്ല. കേരളത്തിന്റെ കൊവിഡ് വിരുദ്ധ പോരാട്ടത്തിലെ വീരഗാഥകള്‍ വര്‍ണിക്കുന്നതിനോടൊപ്പം, സംസ്ഥാനം ഒരു ഫെഡറല്‍ ഘടനയുടെ ഭാഗമെന്ന നിലയില്‍ നേരിടേണ്ടിവരുന്ന പരിമിതികള്‍ ചൂണ്ടിക്കാട്ടാനും ധനമന്ത്രി സമയം കണ്ടെത്തി. പ്രതിസന്ധികള്‍ അവസരങ്ങളായി മാറ്റുകയെന്നതാണ് ഫെഡറല്‍ സംവിധാനത്തിന്റെ ഭാഗമായ കമ്മിറ്റെഡ് രാഷ്ട്രീയ നേതൃത്വത്തിന്റെയും നേതാവിന്റെയും പ്രഥമവും പ്രധാനവുമായ കടമയെന്ന് വര്‍ണിക്കാനും ഡോ. ഐസക് മറന്നില്ല. കൊവിഡ് അതിവേഗം വ്യാപിക്കുമ്പോഴും പകച്ചുനില്‍ക്കാതെ ആരോഗ്യവകുപ്പിന്റെ കരുത്ത് തെളിയിക്കുന്നതില്‍ ഭരണ നേതൃത്വം വിജയിച്ചുവെന്ന യാഥാര്‍ഥ്യം പ്രത്യേകം പരാമര്‍ശിക്കുകയുണ്ടായി. സൗജന്യ ചികിത്സ അത് യഥാര്‍ഥത്തില്‍ അര്‍ഹിക്കുന്നവരെ അത്യധ്വാനത്തിനുശേഷം കണ്ടെത്തി ബന്ധപ്പെട്ട സൗകര്യങ്ങള്‍ അവര്‍ക്കെല്ലാം ലഭ്യമാക്കുന്നതില്‍ ആഗോള പ്രശംസ പിടിച്ചുപറ്റാന്‍ സര്‍ക്കാരിനായി എന്നദ്ദേഹം വളച്ചുകെട്ടില്ലാതെ വ്യക്തമാക്കുകയും ചെയ്തു. ഇത്തരം സേവനങ്ങള്‍ കണക്കിലെടുത്ത് 2021-22 ബജറ്റ് കാലയളവില്‍ ആരോഗ്യവകുപ്പിന്റെ ആവശ്യാനുസരണം 4000 പുതിയ തസ്തികകള്‍ ആരോഗ്യവകുപ്പില്‍ പുതുതായി സൃഷ്ടിക്കും. കൊവിഡ് പ്രതിരോധത്തിലേക്കായി 20000 കോടി രൂപയുടെ പാക്കേജിന്റെ ശേഷിക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്കായി പുതിയൊരു പാക്കേജ് പ്രഖ്യാപിക്കാനും സര്‍ക്കാര്‍ തുക വകയിരുത്തിയിട്ടുണ്ട്. ക്ഷേമ പെന്‍ഷനുകള്‍ 100 രൂപ ഉയര്‍ത്തി 1600 രൂപയാക്കിയതിനു പുറമേ, കൊവിഡ് മൂലം വലയുന്ന കുടുംബങ്ങള്‍ക്കെല്ലാം തുടര്‍ന്നും 1000 രൂപ വിലയുള്ള ഉല്‍പന്നങ്ങളുടെ സൗജന്യ കിറ്റുകളും ലഭ്യമാക്കും. പ്രാദേശിക ഭരണസ്ഥാപനങ്ങള്‍ക്ക് 1000 കോടി രൂപ നിരക്കില്‍ അധിക ധനസഹായവും ഉറപ്പാക്കും. കിഫ്ബി ഫണ്ടിലൂടെ കൊവിഡാനന്തര പുനര്‍നിര്‍മാണം ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ക്കായി 6000 കോടി രൂപ ഇതിനകം പ്രഖ്യാപിച്ചിട്ടുള്ളതിനു പുറമേ 15000 കോടിരൂപ കൂടി പുതിയ ബജറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടത്രേ. ഇതിനകം പ്രഖ്യാപിച്ച കിഫ്ബി വികസന പാക്കേജിന്റെ പ്രോഗ്രസ് റിപ്പോര്‍ട്ട് എന്തെന്ന് വ്യക്തമാക്കാന്‍ ധനമന്ത്രി തയാറായിട്ടില്ലെന്നത് ചോദ്യചിഹ്നമായി നില്‍ക്കുകയാണ്. തുക 7000 കോടി രൂപയാണെന്ന് ധനമന്ത്രി സമ്മതിക്കുന്നു.

മാന്ദ്യത്തിന്റെയും കൊവിഡിന്റെയും പശ്ചാത്തലത്തില്‍ തൊഴിലില്ലായ്മ രൂക്ഷമായി മാറിയിരിക്കുന്നത് കണക്കിലെടുത്ത് പുതുതായി എട്ടുലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് ധനമന്ത്രി പറയുന്നു. വിദ്യാഭ്യാസം നേടിയ തൊഴിലന്വേഷകര്‍ക്കും മറ്റ് വിഭാഗക്കാര്‍ക്കുമായി എട്ട് ലക്ഷം തൊഴിലവസരങ്ങള്‍ ലഭ്യമാക്കാന്‍ ബജറ്റില്‍ പദ്ധതികളൊരുക്കിയിട്ടുണ്ട്. കേന്ദ്രസര്‍ക്കാര്‍ ഈയിടെ പാസാക്കിയെടുത്ത കര്‍ഷക വിരുദ്ധ നിയമങ്ങള്‍ അതിശക്തമായ ഭാഷയില്‍ വിമര്‍ശിക്കുന്ന ധനമന്ത്രി സംസ്ഥാനത്തെ കര്‍ഷകവിളകള്‍ക്ക് മെച്ചപ്പെട്ട താങ്ങുവിലയും പ്രഖ്യാപിച്ചിട്ടുണ്ട്. ഇവ ഏപ്രിലില്‍ പ്രാബല്യത്തില്‍ വരികയും ചെയ്യു.

(തുടരും)

Advt.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.