2021 May 16 Sunday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

സംഘ്‌രാഷ്ട്രീയമല്ല ആര്‍ഷസംസ്‌കാരം

എ.വി ഫിര്‍ദൗസ്‌

വംശീയരാഷ്ട്രീയത്തിന്റെ തികവൊത്ത പ്രത്യയശാസ്ത്രരേഖയാണു മാധവസദാശിവ ഗോള്‍വാള്‍ക്കറുടെ വിചാരധാര. എന്നാല്‍, ഇന്ത്യയിലെ സംഘ്പരിവാര്‍ വക്താക്കള്‍ ഒരുകാലത്തും ഈ യാഥാര്‍ഥ്യം അംഗീകരിച്ചുതരില്ല. അവരുടെ കാഴ്ചപ്പാടില്‍ ഹൈന്ദവസമാജത്തിന്റെ നഷ്ടപ്പെട്ട ആഭിജാത്യം വീണ്ടെടുക്കാനും ജനതയെ ശാക്തീകരിക്കാനുമുള്ള വിചാരമന്ത്രങ്ങള്‍ മുന്നോട്ടുവയ്ക്കുന്ന ഈശ്വരീയത കലര്‍ന്ന ഗ്രന്ഥമാണു വിചാരധാര.

ഗോള്‍വാള്‍ക്കര്‍ക്ക് അവര്‍ കല്‍പ്പിക്കുന്ന ‘ഗുരുജി’ വിശേഷണം രാഷ്ട്രീയഹിന്ദുത്വത്തിന്റെ ഭാഷയാണ്. ആത്മീയഹിന്ദുത്വത്തില്‍ ഈ ഗുരുജിക്ക് ഈശ്വരീയതയോ ആത്മീയനേതൃത്വപദവിയോ കല്‍പ്പിക്കുക അസാധ്യമാണ്. 1925 ല്‍ ആര്‍.എസ്.എസ് സ്ഥാപിച്ച കേശവബലിറാം ഹെഡ്‌ഗേവാറും ആര്‍.എസ്.എസിന്റെ താത്വികാശയങ്ങള്‍ വികസിപ്പിച്ച ഗോള്‍വാള്‍ക്കറും ആര്‍ഷസ്വഭാവമുള്ളതും ആത്മീയവുമായ ഹിന്ദുത്വത്തെയല്ല അവരുടെ ചിന്തകളുടെ പ്രചോദനമായി സ്വീകരിച്ചത്.

ഹിറ്റ്‌ലര്‍ ജര്‍മ്മനിയില്‍ പ്രയോഗവല്‍കരിച്ച വംശീയാധിഷ്ഠിതരാഷ്ട്ര സങ്കല്‍പത്തില്‍നിന്ന് ഊര്‍ജം സ്വീകരിക്കുകയും രാഷ്ട്രഘടനയെ നിര്‍വചിക്കുന്നതില്‍ ഹിറ്റ്‌ലറുടെ നാസി ഉപാധികള്‍ അവലംബിക്കുകയുംചെയ്തുകൊണ്ടു തന്നെയാണു വിചാരധാരയില്‍ വംശീയത മുഖ്യസ്വഭാവമായിത്തീര്‍ന്നത്. ആര്‍.എസ്.എസ് വിഭാവനംചെയ്യുന്ന ഹൈന്ദവതയ്ക്കു പുറത്തുള്ളവരെയെല്ലാം അധിനിവേശശക്തികളായി ചിത്രീകരിക്കുന്നതാണ് ആ തത്വശാസ്ത്രം. നാസി വംശീയഭാവനയായതിനാലാണ് മുസ്‌ലിംകളും ക്രിസ്ത്യാനികളും അവര്‍ണരും ദലിതുകളുമെല്ലാം അഹിന്ദുക്കളായി വിചാരധാരയില്‍ ചിത്രീകരിക്കപ്പെട്ടത്.
വര്‍ണാശ്രമധര്‍മം അനുഷ്ഠിക്കുന്നവരും വൈദികസംസ്‌കാരത്തെ അംഗീകരിക്കുന്നവരും വേദ-മന്ത്രാചരണങ്ങള്‍ പാലിക്കുന്നവരും ഷോഡശക്രിയകള്‍ അനുവര്‍ത്തിക്കുന്നവരുമായ ശ്രേഷ്ഠജനതയായിട്ടാണു ഗോള്‍വാള്‍ക്കര്‍ ഹിന്ദുക്കളെ വിഭാവനംചെയ്തത്. ഇത് സവര്‍ണതയുടെ മഹത്വവല്‍കരണവും അവര്‍ണതയെ തിരസ്‌കരിക്കലുമാണ്. വര്‍ണാശ്രമധര്‍മങ്ങളും വൈദികസംസ്‌കാരവുമെല്ലാം ആര്യനിസത്തില്‍നിന്നു കൈമാറിവന്ന ഘടകങ്ങളാണ്. സ്വാഭാവികമായും ഇന്ത്യയിലെ ബഹുഭൂരിപക്ഷം ജനതയും ആര്യനിസത്തിന്റെയും അതിന്റെ പില്‍കാല രൂപമായ സവര്‍ണതയുടെയും പരിധികള്‍ക്കുപുറത്താണ്.
അവര്‍ ഭാരതീയസംസ്‌കാരവുമായി ബന്ധപ്പെടുന്നില്ലെന്നല്ല. ആര്യനിസത്തോടു വിയോജിക്കുകയും, അതേസമയം, ആത്മീയമായ ആര്‍ഷപാരമ്പര്യത്തെ അംഗീകരിക്കുകയും ചെയ്തവരില്‍ അവര്‍ണരും വര്‍ണാശ്രമത്തിനു പുറത്തുള്ളവരുമുണ്ടായിരുന്നു. ഉപനിഷത്തുക്കളില്‍ പലതിന്റെയും രചയിതാക്കള്‍ അവര്‍ണരാണ്. സംസ്‌കൃതത്തിന്റെ ആര്യന്‍ സ്വത്വം നിഷേധിച്ചുകൊണ്ടുതന്നെ അതേഭാഷയില്‍ നിരവധി അവര്‍ണമഹര്‍ഷിമാര്‍ ആത്മീയരചന നടത്തിയിരുന്നു. ഉപനിഷത്തുകള്‍ ദാര്‍ശനികവും ഒരുപരിധിവരെ മനുഷ്യോന്മുഖവുമാകാന്‍ കാരണം ഈ അവര്‍ണബന്ധമാണ്.

ബാഹ്യമായ ആശയങ്ങളെയും ജനതകളെയും ഉള്‍ക്കൊള്ളാന്‍ മടിയാണ് ആര്യന്‍പാരമ്പര്യത്തിന്റെ തുടര്‍ച്ചയായ സവര്‍ണതയ്ക്ക്. ഈ സങ്കുചിതത്വം കൊണ്ടാണ് അതു വംശീയതയായി മാറുന്നത്. സവര്‍ണതയില്‍ അടിഞ്ഞുകൂടിയാല്‍ അധികാരത്തിലെത്താന്‍ നൂറ്റാണ്ടുകള്‍ കാത്തിരിക്കേണ്ടിവരുമെന്ന തിരിച്ചറിവില്‍നിന്നാണു പരിവാറുകളെ സൃഷ്ടിച്ചു നാനാജാതി ഹിന്ദുക്കള്‍ക്കള്‍ക്കു പരിഗണന നല്‍കുകയെന്ന നിലപാടിലേയ്‌ക്കെത്തിച്ചേര്‍ന്നത്. വിശ്വഹിന്ദുപരിഷത്തിന്റെ രൂപീകരണവും മറ്റും അങ്ങനെയാണുണ്ടായത്.

അവര്‍ണരിലേയ്ക്കുള്ള രാഷ്ട്രീയവഴികള്‍ അന്വേഷിക്കുമ്പോഴും അവരെ സവര്‍ണതയുടെ സാംസ്‌കാരികസ്വഭാവങ്ങളണിയാന്‍ ആര്‍.എസ്.എസ് ശ്രദ്ധിച്ചു. മന്ത്രദീക്ഷ, പൂജ തുടങ്ങിയ സവര്‍ണരീതികള്‍ അവര്‍ണര്‍ക്കിടയില്‍ പ്രചാരത്തില്‍ വരുത്തി അവരെ പ്രച്ഛന്നസവര്‍ണരാക്കി നിര്‍ത്തി. പില്‍കാലത്തു അവര്‍ണരില്‍ ഗണ്യമായ ഒരു വിഭാഗം ഈ തന്ത്രങ്ങളില്‍ അകപ്പെട്ടു. എന്നാല്‍, ആര്‍.എസ്.എസ് വിഭാവനംചെയ്യുന്ന ഹിന്ദുത്വം അംഗീകരിക്കാനും അതിന്റെ വംശീയവും വര്‍ഗീയവുമായ ആസുരതകള്‍ ഉള്‍ക്കൊള്ളാനും ഇന്ത്യയിലെ മൂന്നിലൊന്നു ജനങ്ങളെങ്കിലും തയാറായിട്ടില്ല. അതു സംഭവിച്ചാല്‍, ഇന്ത്യ പരിവാര്‍ കല്‍പ്പിത ഹിന്ദുരാഷ്ട്രമായി പരിണമിക്കും. ആ ദൗര്‍ഭാഗ്യത്തെ അടിത്തട്ടില്‍ പ്രതിരോധിച്ചു നിര്‍ത്തുന്നത് ബഹുഭൂരിപക്ഷ അവര്‍ണര്‍തന്നെയാണ്. കാരണം, അവരുടെ സംസ്‌കാരവും അവരില്‍ ആഴത്തില്‍ വേരോടിയ ശീലങ്ങളും ആര്‍.എസ്.എസിന്റെ ഹിന്ദുത്വത്തിനെതിരാണ്.

ഇന്ത്യയിലെ അവര്‍ണര്‍ പരിപാലിച്ചുവന്ന ഒരു ആര്‍ഷപാരമ്പര്യമുണ്ട്. ആര്‍ഷമെന്ന വാക്കുകേള്‍ക്കുമ്പോള്‍ ഉടനെ മനുസ്മൃതിയിലേയ്ക്കും പരാശരസ്മൃതിയിലേക്കും ഭഗവത്ഗീതയിലേയ്ക്കും മനസ്സുപായിക്കേണ്ടതില്ല. അവര്‍ണപാരമ്പര്യമുള്ള അനേകായിരം മഹര്‍ഷിമാര്‍ തപസ്സിന്റെയും ധ്യാനത്തിന്റെയും മനത്തിന്റെയും സഹായത്തോടെ വികസിപ്പിച്ചെടുത്ത സനാതനമായ ആത്മീയപാരമ്പര്യമാണത്.
ശങ്കരാചാര്യര്‍ ആവിഷ്‌കരിച്ച ദശനാമി പരമ്പരയ്ക്കുപുറത്ത് അവര്‍ണ ഋഷിമാര്‍ സ്വതന്ത്രമായി കണ്ടെത്തിയ അനേകം പാരമ്പര്യങ്ങളുണ്ട്. സമന്വയവും പാരമ്പര്യവും സഹവര്‍ത്തിത്വവും മാനുഷികതയുമാണ് അതിന്റെ അന്തഃസത്ത.

സവര്‍ണദൈവ, അവതാരഭാവനകള്‍ കടമെടുക്കുമ്പോള്‍ത്തന്നെ അവയെ മനുഷ്യോന്മുഖമായി വികസിപ്പിക്കുകയും പുനരാവിഷ്‌കരിക്കുകയും ചെയ്തവരാണ് ഈ അവര്‍ണ ഗുരുക്കന്മാര്‍. അങ്ങനെയാണു രാമായണത്തിലെ ശ്രീരാമനും മഹാഭാരതത്തിലെ ശ്രീകൃഷ്ണനുമൊക്കെ അവര്‍ണഭാഷ്യങ്ങളുണ്ടായത്. അവ കൂടുതല്‍ സ്വതന്ത്രവും കാവ്യാത്മകവുമായിരുന്നു. കഴിഞ്ഞനൂറ്റാണ്ടുകളില്‍ ഇന്ത്യയില്‍ ഒരു അവര്‍ണ രാമായണാവബോധധാര ഉണ്ടാവുകയും സ്വീകാര്യതനേടുകയും ചെയ്തു.

സവര്‍ണേതരമായി വികസിച്ച ആത്മീയഭാവനകള്‍ പിന്തുടര്‍ന്ന ജനവിഭാഗങ്ങള്‍ക്കു മുന്‍തൂക്കമുണ്ടായിരുന്ന കാലങ്ങളിലും നൂറ്റാണ്ടുകളിലുമാണ് ഇന്ത്യ സഹിഷ്ണുതയുടെയും സമന്വയത്തിന്റെയും മഹാഗാഥ രചിച്ചത്. ഇസ്‌ലാമും ക്രിസ്തുമതവും ജൂതമതവും പാഴ്‌സിമതവുമൊക്കെ ഇന്ത്യയിലേയ്ക്കു കടന്നുവരാനും വേരോട്ടം നേടുവാനും അന്തരീക്ഷമൊരുക്കിയത് യഥാര്‍ഥത്തില്‍ അവര്‍ണ ആര്‍ഷത്വത്തിന്റെ വക്താക്കളാണ്.

ഇരുപതാംനൂറ്റാണ്ടിന്റെ ആദ്യദശകങ്ങളില്‍ രൂപീകൃതമായ ആര്‍.എസ്.എസ് മുസ്‌ലിമിനെയും ക്രിസ്ത്യാനിയെയുമൊക്കെ വംശശത്രുക്കളായി ചിത്രീകരിച്ചപ്പോള്‍ നൂറ്റാണ്ടുകള്‍ക്കു മുന്‍പ് ഇവിടത്തെ ആത്മജ്ഞാനികള്‍ ഈ കടന്നുവരവുകാരെ ഹൃദയത്തോടു ചേര്‍ത്തുനിര്‍ത്തിയ ചരിത്രമാണു തിരസ്‌കരിക്കപ്പെട്ടത്. ഇസ്‌ലാമിന്റെ കാര്യത്തില്‍ ആര്‍.എസ്.എസിന്റെ ചരിത്രവ്യാഖ്യാനങ്ങള്‍ കൂടുതല്‍ പരുഷവും കര്‍ക്കശവുമായതു നമുക്കറിയാം. കടന്നാക്രമണങ്ങളുടെയും വാള്‍ച്ചിലമ്പലുകളുടെയും രക്തച്ചൊരിച്ചിലുകളുടെയും നിരവധി കഥകളാണ് നിര്‍മിക്കപ്പെട്ടത്. മധ്യകാലഘട്ടങ്ങളില്‍ ചില മുസ്‌ലിം ആക്രമണകാരികള്‍ സ്വാര്‍ഥതാല്‍പ്പര്യം മുന്‍നിര്‍ത്തി നടത്തിയ ആക്രമണങ്ങളെ മതത്തിന്റെ കണക്കില്‍ ചേര്‍ക്കുകയുമുണ്ടായി.

ഭോലേറാം, തുക്കാറാം, മഹാവീര്‍സന്ത്, റഹീം, കബീര്‍, ചൈതന്യ മഹാപ്രഭു എന്നിങ്ങനെ ശ്രീരാമകൃഷ്ണ പരമഹംസരുള്‍പ്പെടെയുള്ള സമന്വയസാമ്രാട്ടുകളായ മഹാഗുരുക്കന്മാരില്‍ ആരും മുസ്‌ലിംകള്‍ ആക്രമണകാരികളാണെന്നു പറഞ്ഞിട്ടില്ല. ഇവരെല്ലാം രാമനെയും റഹീമിനെയും മനസില്‍ക്കൊണ്ടുനടന്നവരായിരുന്നു. ‘ഏകം സത് തത് വിപ്രാ ബഹൂധാ വദന്തി’ (ഏകമായ സത്യത്തെ ജ്ഞാനികള്‍ പലതായിപ്പറയുന്നു) എന്ന യഥാര്‍ഥ ആര്‍ഷപരിപ്രേക്ഷ്യം പിന്തുടര്‍ന്നവരായിരുന്നു ഇവരെല്ലാം. അതുകൊണ്ടുതന്നെ മന്ദിറുകളുടെ പേരിലോ മസ്ജിദുകളുടെ പേരിലോ അവരാരും കലഹമുണ്ടാക്കിയില്ല.
ഇന്ത്യയിലൊരു ബാബരി മസ്ജിദ് സംഭവമുണ്ടായതുതന്നെ ആര്‍ഷ സംസ്‌കാരവുമായി ബന്ധപ്പെട്ട ചരിത്രദുര്‍വിധിയുടെ ഭാഗമല്ല; ആര്‍.എസ്.എസ് ആവിഷ്‌കരിച്ച കൃത്രിമഹിന്ദുത്വത്തിന്റെ ആക്രമണസ്വഭാവമെന്ന നിലയിലാണ്. അവര്‍ണ ഋഷിമാര്‍ക്കു സ്വാധീനമുണ്ടായിരുന്ന കാലത്ത് ഇവിടെ മസ്ജിദുകളുണ്ടായിരുന്നു. യഥാര്‍ഥമായ ആര്‍ഷപാരമ്പര്യം തിരസ്‌കരിക്കപ്പെടുന്നിടത്തുമാത്രമേ മസ്ജിദ് പൊളിച്ചു മന്ദിര്‍ ഉണ്ടാക്കണമെന്ന ചിന്ത ഉടലെടുക്കൂ. അതാണ് ബാബരിസംഭവത്തില്‍ തെളിഞ്ഞത്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.