ന്യൂഡല്‍ഹി: രാജ്യത്തെ 150 ഓളം മെഡിക്കല്‍ കോളജുകള്‍ക്ക് നാഷണല്‍ കമ്മിഷന്റെ(എന്‍.എം.സി) അംഗീകാരം നഷ്ടമായേക്കുമെന്ന് റിപ്പോര്‍ട്ട്. ചട്ടങ്ങള്‍ പാലിക്കാത്തതും മികവ് പ്രകടിപ്പിക്കാത്തതുമായ കോളജുകള്‍ക്കാണ് അംഗീകാരം നഷ്ടമാകുക. ഇത്തരത്തിലുള്ള 40 സ്ഥാപനങ്ങള്‍ക്കെതിരെ നിലവില്‍ നടപടിയെടുത്തിട്ടുണ്ട്.
ഗുജറാത്ത്, അസം, പുതുച്ചേരി, തമിഴ്‌നാട്, പഞ്ചാബ്, ആന്ധ്രപ്രദേശ്, ത്രിപുര, പശ്ചിമ ബംഗാള്‍ തുടങ്ങിയ സംസ്ഥാനങ്ങളിലെ മെഡിക്കല്‍ കോളേജുകളാണ് എന്‍.എം.സിയുടെ പട്ടികയിലുള്ളതെന്നാണ് റിപ്പോര്‍ട്ട്. മെഡിക്കല്‍ കമ്മിഷന്റെ നിയമങ്ങള്‍ അനുസരിച്ചല്ല കോളജുകള്‍ പ്രവര്‍ത്തിക്കുന്നതെന്നാണ് ബോര്‍ഡ് കണ്ടെത്തിയത്. കോളജില്‍ നടത്തിയ പരിശോധനയില്‍ സി.സി.ടി.വി ക്യാമറകള്‍, ആധാര്‍ ബന്ധിപ്പിച്ചുള്ള ബയോമെട്രിക് ഹാജര്‍ നടപടിക്രമത്തിലെ അപാകതകള്‍ തുടങ്ങിയ കാര്യങ്ങളിലാണ് പോരായ്മകള്‍ വെളിപ്പെട്ടത്. ഫാക്കല്‍റ്റികളിലെ പല തസ്തികകളും ഒഴിഞ്ഞുകിടക്കുന്നതായും പരിശോധനയില്‍ കണ്ടെത്തി.
നടപടി നേരിടാനൊരുങ്ങുന്ന കോളജുകള്‍ക്ക് അപ്പീല്‍ നല്‍കാന്‍ 30 ദിവസത്തെ സാവകാശം നല്‍കിയിട്ടുണ്ട്. ഈ അപ്പീല്‍ തള്ളിയാല്‍ കേന്ദ്ര ആരോഗ്യമന്ത്രാലയത്തെ സമീപിക്കേണ്ടിവരും. മാനദണ്ഡങ്ങള്‍ പാലിക്കാത്ത മെഡിക്കല്‍ കോളേജുകള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി മന്‍സുഖ് മാണ്ഡവ്യ നേരത്തെ വ്യക്തമാക്കിയിരുന്നു.
Comments are closed for this post.