പാരിസ്
പി.എസ്.ജിയുമായി പുതിയ കരാർ ഒപ്പിട്ടതിനു പിന്നാലെ ടീമിലെ പതിനാലു താരങ്ങളെ ഒഴിവാക്കാൻ ആവശ്യപ്പെട്ടുവെന്ന വാർത്തകൾ നിഷേധിച്ച് കിലിയൻ എംബാപ്പെ. നെയ്മറും പോച്ചട്ടിനോയുമടക്കം ഈ സമ്മറിൽ പതിനാലു പേരെ ഒഴിവാക്കാൻ ആവശ്യപ്പെട്ടുവെന്ന സ്പാനിഷ് മാധ്യമം മുണ്ടോ ഡീപോർറ്റീവോയുടെ റിപ്പോർട്ടാണ് എംബാപ്പെ തള്ളിക്കളഞ്ഞത്.
റയൽ മാഡ്രിഡും പി.എസ്.ജിയും സമാനമായ ഓഫറാണ് മുന്നോട്ടു വെച്ചതെങ്കിലും തന്റെ സ്വപ്‌നക്ലബായ റയൽ മാഡ്രിഡിനെ എംബാപ്പെ തഴയുകയാണു ചെയ്തത്. പി.എസി.ജിയുടെ സ്‌പോർട്ടിങ് വിഷയത്തിലടക്കം ഇടപെടലുകൾ നടത്താൻ എംബാപ്പക്ക് അധികാരം നൽകിയതു കൊണ്ടാണ് കരാർ പുതുക്കിയതെന്ന റിപ്പോർട്ടുകളുടെ ഇടയിലാണ് ചില കളിക്കാരെ ഒഴിവാക്കാൻ താരം ആവശ്യപ്പെട്ടുവെന്ന വാർത്തകളും പുറത്തു വന്നത്.
റിപ്പോർട്ടുകൾ പ്രകാരം പരിശീലകൻ മൗറീസിയോ പോച്ചട്ടിനോ, നെയ്മർ എന്നിവർക്കു പുറമെ തിലോ കെഹ്ലർ, ജൂലിയൻ ഡ്രാക്‌സ്‌ലർ, ഡാനിയൽ പെരേര, ലിയാൻഡ്രോ പരഡെസ്, ആൻഡർ ഹെരേര, ലായ്വിൻ കുർസാവ, മൗറോ ഇകാർഡി, പാബ്ലോ സാറാബിയ, യുവാൻ ബെർനറ്റ്, ഇഡ്രിസ ഗുയെ, കോളിൻ ഡാഗ്ബ, സെർജിയോ റിക്കോ എന്നിവരെയാണ് എംബാപ്പെ ഒഴിവാക്കാൻ ആവശ്യപ്പെട്ടത്.എന്നാൽ തന്റെ ട്വിറ്റർ അക്കൗണ്ടിലൂടെ അഭ്യൂഹങ്ങൾ എംബാപ്പെ പൂർണമായും നിഷേധിക്കുകയായിരുന്നു.
Comments are closed for this post.