2021 July 28 Wednesday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

പൗരാവകാശത്തിന് ശവപ്പറമ്പ് തീര്‍ക്കുന്ന പെഗാസസ്

 

കെ.പി നൗഷാദ് അലി

ഇന്ത്യയുടെ ജനാധിപത്യപെരുമയും പൗരാവകാശങ്ങളും അസ്ഥിരപ്പെടുത്തി പെഗാസസ് വിവാദം രാജ്യത്തിനു മേല്‍ കരിമ്പടം പുതക്കുകയാണ്. ലോക്‌സഭയിലെ വലിയ ഭൂരിപക്ഷത്തിനു തടഞ്ഞുനിര്‍ത്താനാവാത്തവണ്ണം ചോദ്യശരങ്ങള്‍ ഭരണപക്ഷത്തെ പ്രതിരോധത്തിലാക്കി. ഫോണ്‍ ചോര്‍ത്തല്‍ ആരോപണങ്ങള്‍ക്ക് പുതുമയില്ല. പക്ഷേ ലോകവ്യാപകമായി ജനാധിപത്യവാദികള്‍ വെളിച്ചത്തു കൊണ്ടുവന്ന അധാര്‍മികതയില്‍ ഇന്ത്യക്കുള്ള പങ്ക് കൃത്യമായി പുറത്ത് വരുമ്പോള്‍ അതു ചെന്നു തറക്കുന്നത് അധികാരം നിലനിര്‍ത്താന്‍ കുറുക്കുവഴികള്‍ മാത്രം സ്വീകരിക്കുന്ന കേന്ദ്ര ഭരണത്തിലാണ്. യുദ്ധത്തിലും പ്രണയത്തിലും മാത്രമല്ല രാഷ്ട്രീയത്തിലും എന്തുമാകാം എന്ന പുതിയ തത്ത്വം കൂടി ഇന്ത്യയില്‍ പുലരുകയാണ്.

പെഗാസസ്

2010ല്‍ രൂപീകൃതമായ ഇസ്‌റാഈല്‍ കമ്പനിയായ എന്‍.എസ്.ഒയാണ് പെഗാസസിന്റെ ഉപജ്ഞാതാക്കള്‍. സ്മാര്‍ട്ട് ഫോണുകളിലെ രഹസ്യം ചോര്‍ത്താന്‍ പര്യാപ്തമായ ചാര നെറ്റ്‌വര്‍ക്കിനെയാണ് പെഗാസസ് പ്രതിനിധീകരിക്കുന്നത്. എസ്.എം.എസുകള്‍, വാട്‌സ്ആപ്പ് സംഭാഷണങ്ങള്‍, കാമറ, ചിത്രങ്ങള്‍, കാള്‍ ലോഗുകള്‍, ജി.പി.എസ് മാര്‍ഗശ്രേണികള്‍, ഇ.മെയില്‍ തുടങ്ങി സമ്പൂര്‍ണമായി ചോര്‍ത്താന്‍ ഇതിനു സാധിക്കും. ലക്ഷ്യമിടുന്ന വ്യക്തിയുടെ വിവരങ്ങളിലേക്ക് കടന്നുകയറുകയും അത് വിജയകരമായി ചോര്‍ത്തി തങ്ങളുടെ കരാര്‍ ദാതാക്കള്‍ക്ക് കൈമാറുകയും ചെയ്യുന്ന രീതിയാണ് പെഗാസസ് അവലംബിച്ചു പോരുന്നത്.

കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ലോകമെങ്ങും വിജയകരമായി ദൗത്യങ്ങള്‍ പൂര്‍ത്തിയാക്കി മുന്നേറുന്ന പെഗാസസ് മനുഷ്യാവകാശങ്ങള്‍ക്കും ജനാധിപത്യത്തിനും വേണ്ടി നിലകൊള്ളുന്ന സന്നദ്ധ സംഘടനകള്‍ക്കും മാധ്യമസ്ഥാപനങ്ങള്‍ക്കും വലിയ ഭീഷണിയാണ് ഉയര്‍ത്തിയിരുന്നത്. വാഷിങ്ടണ്‍ പോസ്റ്റ് ഉള്‍പ്പടെയുള്ള പതിനാറ് വ്യത്യസ്ത മാധ്യമസ്ഥാപനങ്ങളും സംഘടനകളും നടത്തിയ സമഗ്ര അന്വേഷണവും കണ്ടെത്തലുകളുമാണ് ഇന്ന് ചര്‍ച്ചക്ക് ചൂടുപിടിപ്പിച്ചിരിക്കുന്നത്. ഫ്രാന്‍സിലെ മാധ്യമ സ്ഥാപനമായ ഫോര്‍ബിഡന്‍ സ്റ്റോറീസും ആംനസ്റ്റി ഇന്റര്‍നാഷണലും ടൊറന്റോ യൂണിവേഴ്‌സിറ്റി ലബോറട്ടറിയുടെ സാങ്കേതിക ഉപദേശത്തോടെ രൂപപ്പെടുത്തിയ ഡിജിറ്റല്‍ ഫൊറന്‍സിക് പരിശോധന വഴിയാണ് പെഗാസസിന്റെ ഇടപെടലുകള്‍ ശാസ്ത്രീയമായി സ്ഥിരീകരിച്ചു പരസ്യപ്പെടുത്തിയത്. ഇന്ത്യയില്‍ പെഗാസസ് ലക്ഷ്യമിട്ടെന്ന് സംശയിക്കുന്ന ആയിരം ഫോണ്‍ നമ്പറുകളില്‍ 300 എണ്ണത്തിലെ ചോര്‍ത്തല്‍ ഇവര്‍ സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്ത്യന്‍ വിപണിയിലുള്ള 22 സ്മാര്‍ട്ട് ഫോണുകള്‍ പരിശോധനക്കു വിധേയമാക്കി. അതില്‍ പത്തെണ്ണത്തില്‍ ചോര്‍ത്തല്‍ സാന്നിധ്യം കണ്ടെത്തുകയും ഏഴിനങ്ങളിലെ ചോര്‍ത്തല്‍ സ്ഥിരീകരിക്കുകയും ചെയ്തു. ഐഫോണുകളെ അപേക്ഷിച്ച് ആന്‍ഡ്രോയ്ഡുകളില്‍ പെഗാസസ് സാന്നിധ്യം കുറവാണെന്നും കണ്ടെത്തി.

ഇന്ത്യയിലെ ഫോണ്‍ ചോര്‍ത്തലുകള്‍

ലോകമെങ്ങും അദൃശ്യപ്രാതിനിധ്യമുള്ള പെഗാസസിന്റെ ഇന്ത്യയിലെ സാന്നിധ്യം സ്ഥിരീകരിച്ച വാട്‌സ്ആപ്പ് 2019 ല്‍ അവര്‍ക്കെതിരേ യു.എസിലെ സാന്‍ഫ്രാന്‍സിസ്‌കോ കോടതിയില്‍ സ്വകാര്യത ലംഘനത്തിനെതിരായ പരാതി ഫയല്‍ ചെയ്തിരുന്നു. തങ്ങള്‍ക്ക് സ്വകാര്യ കമ്പനികളുമായോ വ്യക്തികളുമായോ പങ്കാളിത്തമില്ലെന്നും അതത് രാജ്യങ്ങളിലെ സര്‍ക്കാരുകളുമായി മാത്രമാണ് ഇടപാടുകളെന്നുമാണ് പെഗാസസ് വാദിച്ചു പോരുന്നത്. സ്വാഭാവികമായും ഇന്ത്യയില്‍ കഴിഞ്ഞ മൂന്നു വര്‍ഷമായി സജീവ സാന്നിധ്യമുണ്ടെന്ന് തെളിഞ്ഞ സാഹചര്യത്തില്‍ കരാര്‍ ദാതാക്കള്‍ കേന്ദ്ര സര്‍ക്കാരാണ് എന്ന് വ്യക്തമാണ്. മോദി സര്‍ക്കാരിന്റെ നിഷേധവാദങ്ങള്‍ ജലരേഖയാവുന്നത് ഈ വസ്തുതയുടെ മുന്നിലാണ്.

ഇന്ത്യന്‍ ഐ.ടി ആക്ട് 2000 ത്തിലെ സെക്ഷന്‍ 69 പ്രകാരം രാജ്യത്തിന്റെ സുരക്ഷയും പരമാധികാരവും സംരക്ഷിക്കുന്നതിന്റെ ഭാഗമായി ഫോണുള്‍പ്പെടെയുള്ള സ്വകാര്യ വിവരങ്ങള്‍ ചോര്‍ത്താനും ശേഖരിക്കാനും വിവിധ വകുപ്പുകള്‍ക്ക് അനുമതിയുണ്ട്. ഐ.ബി, ഇ.ഡി, സി.ബി.ഐ, എന്‍.ഐ.എ, റോ, ഡി.ആര്‍.ഐ, നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ, സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയരക്റ്റ് ടാക്‌സസ്, ഡയരക്ടറേറ്റ് ഓഫ് സിഗ്നല്‍ ആന്‍ഡ് ഇന്റലിജന്‍സ് എന്നിവ ഇതില്‍ പെടുന്ന സ്ഥാപനങ്ങളാണ്. എന്നാല്‍ പെഗാസസ് ചോര്‍ത്തിയ വ്യക്തികളുടെയും അവരുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളുടെയും വിവരങ്ങള്‍ ഈ നിയമവും സ്ഥാപനങ്ങളുമായും ഒരു നിലക്കും ബന്ധപ്പെടുന്നതല്ല. ഇത് കേന്ദ്ര സര്‍ക്കാരിനെ സമ്പൂര്‍ണമായി പ്രതിക്കൂട്ടിലാക്കുന്നു.
രാജ്യത്തെ ഏറ്റവും പ്രമുഖ രാഷ്ട്രീയ നേതാക്കളിലൊരാളായ രാഹുല്‍ ഗാന്ധിയും അദ്ദേഹത്തിന്റെ അടുത്ത സഹായികളായ അലങ്കാര്‍ സവായും സച്ചിന്‍ റാവുവും പെഗാസസിന് ഇരയായിട്ടുണ്ട്. നരേന്ദ്ര മോദിയുടെ താല്‍പര്യങ്ങള്‍ക്ക് ഭീഷണിയായതിനെ തുടര്‍ന്ന് തെരഞ്ഞെടുപ്പ് കമ്മിഷനില്‍ നിന്ന് പുകച്ച് പുറത്ത് ചാടിച്ച അശോക് ലവാസെ, എം. ഹരിമേനോന്‍, മോദി മന്ത്രിസഭയിലെ അംഗങ്ങളായ അശ്വിനി വൈഷണവ്, പ്രഹ്ലാദ് സിങ് പട്ടേല്‍, പ്രമുഖ വൈറോളജിസ്റ്റ് ഡോ. ഗഗന്‍ദീപ് കാങ് കൂടാതെ ഡസന്‍ കണക്കിന് മാധ്യമപ്രവര്‍ത്തകരും ആക്ടിവിസ്റ്റുകളും വ്യാപാര പ്രമുഖരും ഉദ്യോഗസ്ഥരും ആരോഗ്യവിദഗ്ധരും വിദേശ നയതന്ത്ര പ്രതിനിധികളുമുള്‍പ്പെടെ പട്ടിക നീണ്ടതാണ്.

കേന്ദ്ര സര്‍ക്കാരിന്റെ രാഷ്ട്രീയവും വ്യക്തിഗതവുമായ താല്‍പര്യങ്ങള്‍ക്ക് കാലാകാലങ്ങളില്‍ എതിരായി ശബ്ദിച്ചവരുടെ ഫോണ്‍ വിവരങ്ങളാണ് പെഗാസസ് ഇന്ത്യയില്‍ ചോര്‍ത്തിയത്. അമിത് ഷായുടെ മകന്‍ ജയ്ഷായുടെ സാമ്പത്തിക വളര്‍ച്ചയും മോദിയുടെ ഉറ്റ സുഹൃത്തായ നിഖില്‍ മര്‍ച്ചന്റിന്റെ ബിസിനസ് വിപുലീകരണവും കേന്ദ്ര മന്ത്രി പിയൂഷ് ഗോയലും വ്യവസായി അജയ് പിരമലുമായുള്ള വഴിവിട്ട ബന്ധങ്ങളും ലേഖനങ്ങളിലൂടെ ചര്‍ച്ചയാക്കിയ രോഹിണി സിങ്, റാഫേല്‍ ഇടപാടിന്റെ ഉള്ളറകളിലേക്ക് വെളിച്ചം വീശിയ റിപ്പോര്‍ട്ടറായ സുശാന്ത് സിങ്, ജാര്‍ഖണ്ഡിലെ ദുരൂഹമായ ആദിവാസി കൊലപാതകങ്ങള്‍ ലോകത്തിന്റെ മുന്നിലെത്തിച്ച രൂപേഷ് കുമാര്‍ സിങ് എന്നിവര്‍ ഇതില്‍ പ്രത്യേക പരാമര്‍ശമര്‍ഹിക്കുന്നു. രൂപേഷ് കുമാര്‍ സിങ് റിപ്പോര്‍ട്ടിന്റെ പേരില്‍ യു.എ.പി.എ ചുമത്തപ്പെട്ട് ജാമ്യമില്ലാതെ 6 മാസം ബിഹാറില്‍ തടവില്‍ കഴിഞ്ഞിട്ടുണ്ട്. ഷിഷിര്‍ ഗുപ്ത, രാഹുല്‍ സിങ്, പ്രശാന്ത് ഝാ, മുസ്സമില്‍ ജലീല്‍, റിഥിക ചോപ്ര, സന്ദീപ് ഉണ്ണിത്താന്‍, മനോജ് ഗുപ്ത, വിജിത സിങ്, സിദ്ധാര്‍ഥ് വരദരാജന്‍, എം.കെ വേണു, സ്വാതി ചതുര്‍വേദി, പ്രേം ശങ്കര്‍ ഝാ, ജെ. ഗോപീകൃഷ്ണന്‍, സ്മിത ശര്‍മ, പരന്‍ജോയ് ഗുഹ, ഇഫ്തികാര്‍ ഗിലാനി, എസ്.എന്‍.എം അബ്ദി തുടങ്ങി ഗോഡി മീഡിയയുടെ പിടിയില്‍ അകപ്പെടാത്ത മാധ്യമപ്രവര്‍ത്തകരുടെ നീണ്ടനിരതന്നെ ചോര്‍ത്തലിനിരയായിട്ടുണ്ട്.

ലോക ജനാധിപത്യത്തിനും ഉദാത്തമായ ഭരണഘടനക്കും മാതൃകയായി വിലയിരുത്തപ്പെട്ട രാജ്യം ഇന്ത്യയായിരുന്നു. നെഹ്‌റുവടക്കമുള്ള വിശ്വപൗരന്‍മാരുടെ ഭാഗധേയം ഉയര്‍ത്തിപ്പിടിച്ച രാഷ്ട്രീയ ഇന്ത്യ ലോകത്തിനു മുന്നില്‍ ഏതാനും കാലമായി പരുങ്ങിയായിരുന്നു നീങ്ങിയിരുന്നത്. പെഗാസസിന്റെ പരീക്ഷണ ഭൂമികയാക്കി ഭാരതത്തെ പണയപ്പെടുത്തിയ കോര്‍പറേറ്റ് രാഷ്ട്രീയ സംസ്‌കാരം പിടിമുറുക്കുന്നതോടെ ജനാധിപത്യ ഇന്ത്യയുടെ ദുരന്തം പൂര്‍ണമാവുകയാണ്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.