
അഹമ്മദാബാദ്: കേന്ദ്രസര്‍ക്കാരിന്റെ വരുമാനം വെളിപ്പെടുത്തല്‍ പദ്ധതി പ്രകാരം കള്ളപ്പണം വെളിപ്പെടുത്തിയ ഗുജറാത്തി വ്യവസായി ഒടുവില്‍ പൊലിസ് കസ്റ്റഡിയില്‍. ഒരു പ്രാദേശിക ചാനല്‍ സ്റ്റുഡിയോയില്‍ വച്ചാണ് വ്യവസായിയായ മഹേഷ് ഷാ(45) യെ പൊലിസ് കസ്റ്റഡിയില്‍ എടുത്തത്.
എന്നാല്‍ താന്‍ എവിടേയ്ക്കും ഒളിച്ചോടിയില്ലെന്നും തല്‍ക്കാലത്തേക്ക് മാധ്യമങ്ങളില്‍നിന്ന് അകന്നു നില്‍ക്കുകയായിരുന്നെന്നും മഹേഷ് ഷാ ചാനല്‍ ചര്‍ച്ചയ്ക്കിടെ പറഞ്ഞു.
തന്റെ കൈയിലുള്ള പണം മുഴുവനും രാഷ്ട്രീയക്കരുടേതും ഉദ്യേഗസ്ഥരുടേതുമാണ്. കമ്മിഷനു വേണ്ടിയാണ് താന്‍ പണം സൂക്ഷിച്ചത്. കള്ളപ്പണക്കരുടെ പേരുകള്‍ ആദായനികുതി ഉദ്യോഗസ്ഥരുടെ മുന്പില് വെളിപ്പെടുത്തുമെന്നും മഹേഷ് ഷാ പറഞ്ഞു.
കേന്ദ്രസര്‍ക്കാരിന്റെ വരുമാനം വെളിപ്പെടുത്തല്‍ പദ്ധതി പ്രകാരം ഒക്ടോബറില്‍ 13,860 കോടി രൂപയുടെ കള്ളപ്പണമാണ് മഹേഷ് ഷാ വെളിപ്പെടുത്തിയത്.
വെളിപ്പെടുത്തിയ പണത്തിന്റെ 45 ശതമാനം നികുതിയായി നവംബര്‍ 30 ന് അടയ്ക്കാന്‍ മഹേഷ് ഷായോട് അധികൃതര്‍ നിര്‍ദേശിച്ചിരുന്നു. ഈ തീയതിക്ക് കുറച്ചു ദിവസം മുമ്പാണ് ഇയാളെ കാണാതായത്.
ഷായുടെ വസതിയിലും ഓഫിസിലും കള്ളപ്പണം വെളിപ്പെടുത്താന്‍ സഹായിച്ച ചാര്‍ട്ടേഡ് അക്കൗണ്ടന്റ് തെഹ്മുല്‍ സെന്ത്ന എന്നയാളുടെ വീട്ടിലും തെരച്ചില്‍ നടത്തിയെങ്കിലും ഇദ്ദേഹത്തെ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല.ഷായുടെ ബിസിനസ് നിക്ഷേപങ്ങള്‍ ഉള്‍പ്പെടെയുള്ള മറ്റു കാര്യങ്ങള്‍ അറിയില്ലെന്ന് തെഹ്മുല്‍ സെന്ത്ന പ്രതികരിച്ചിരുന്നു.