മഹാഭാരത കഥയിലെ ഇതിഹാസനായകനായിരുന്ന കര്ണന് സംഭവിച്ച ദുരന്തത്തോട് സമാനത പുലര്‍ത്തുന്നു കൊല്‍ക്കത്ത ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് പി.എസ് കര്ണന് നേരിട്ടിരിക്കുന്നത്. ഏത് ആക്രമണത്തെയും പ്രതിരോധിക്കാന്‍ കെല്‍പ്പുണ്ടായിരുന്ന കവചകുണ്ഡലം അമ്മ കുന്തീദേവിയുടെ അപേക്ഷയുടെ മുന്പില് അഴിച്ചുവച്ചാണ് പുരാണത്തിന്റെ മഹാഭാരതയുദ്ധത്തില്‍ കര്ണന് പരാജയം ഏറ്റുവാങ്ങിയതെങ്കില്‍ ജസ്റ്റിസ് കര്ണന് തന്റെ സുരക്ഷാവലയമായിരുന്ന പദവി നഷ്ടപ്പെടുത്തിക്കൊണ്ടാണ് പരാജയപ്പെട്ടിരിക്കുന്നത്. സുപ്രിംകോടതി ആറുമാസത്തെ തടവിന് ജസ്റ്റിസ് കര്ണന് ശിക്ഷവിധിച്ചപ്പോള്‍ സ്ഥാനത്തിരിക്കുന്നൊരു ന്യായാധിപനെ ശിക്ഷിക്കാമോ എന്ന് പ്രസിദ്ധ അഭിഭാഷകന് കെ.കെ വേണുഗോപാല്‍ സുപ്രിംകോടതിയില്‍ സംശയം പ്രകടിപ്പിച്ചപ്പോള്‍ അദ്ദേഹം മറ്റുള്ളവരെപ്പോലെത്തന്നെ പൗരനാണെന്നായിരുന്നു കോടതിയുടെ മറുപടി.
പുരാണത്തിലെ കര്‍ണനും സൂദപുത്രനായിത്തന്നെയാണ് ജനിച്ചത്. പക്ഷേ, മനസറിഞ്ഞുകൊണ്ടാണ് തന്റെ രക്ഷാകവചമായിരുന്ന കുണ്ഡലം അമ്മക്കുവേണ്ടി ഉപേക്ഷിച്ചത്. ജസ്റ്റിസ് കര്‍ണനാകട്ടെ പിടിപ്പുകേടുകൊണ്ടും. താന്‍ ഒരു ദലിതനാണെന്ന അപകര്‍ഷതാബോധമായിരിക്കാം അദ്ദേഹത്തെകൊണ്ട് ഇവ്വിധമെല്ലാം ചെയ്യിച്ചത്. ജസ്റ്റിസ് കര്‍ണനെ അറസ്റ്റുചെയ്ത് ആറുമാസത്തേക്ക് തടവിലിടാന്‍ കൊല്‍ക്കത്ത ഡി.ജി.പിയോടാണ് സുപ്രിംകോടതി ആവശ്യപ്പെട്ടിരിക്കുന്നത്. ജസ്റ്റിസ് കര്ണന് പുറപ്പെടുവിക്കുന്ന ഉത്തരവുകളെല്ലാം കഴിഞ്ഞ ഫെബ്രുവരിമുതല്‍ തന്നെ സുപ്രിംകോടതി സ്റ്റേ ചെയ്തിരിക്കുകയാണ്.
ഹൈക്കോടതി ജഡ്ജിയായിരിക്കേ ജയിലില്‍ പോകേണ്ടിവരുന്ന ആദ്യത്തെ ന്യായാധിപനായി ചരിത്രം ജസ്റ്റിസ് കര്ണന് രേഖപ്പെടുത്തും. കോടതിയോടും ജുഡീഷ്യറിയോടും നീതിന്യായപ്രക്രിയയോടുമുള്ള അലക്ഷ്യത്തിനാണ് ശിക്ഷയെന്നും മറ്റുകാരണങ്ങള്‍ പിന്നീട് പറയാമെന്നും ചീഫ് ജസ്റ്റിസ് ജെ.എസ് കെഹാറിന്റെ അധ്യക്ഷതയിലുള്ള ഏഴംഗ ഭരണഘടനാബെഞ്ച് വിധിപ്രസ്താവത്തില്‍ എടുത്തുപറഞ്ഞിരിക്കുകയാണ്. ജസ്റ്റിസ് കര്ണന് നടത്തുന്ന പ്രസ്താവനകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതും സുപ്രിം കോടതി വിലക്കിയത് വിധിയിലെ കല്ലുകടിയായി അനുഭവപ്പെടുന്നു.
പൊതുസമൂഹത്തെ വിവരങ്ങള്‍ അറിയിക്കുകയെന്ന മാധ്യമധര്‍മമാണ് ഇവിടെ നിഷേധിക്കപ്പെടുന്നത്. ജസ്റ്റിസ് കര്ണന് എന്തുപറയുന്നു എന്നറിയുവാന്‍ പൊതുസമൂഹത്തിന് അവകാശമുണ്ട്. അറിയുവാനുള്ള അവകാശമാണ് നിഷേധിക്കപ്പെടുന്നത്. കൊളീജിയം സമ്പ്രദായത്തിലൂടെയാണ് ജഡ്ജിമാര്‍ നിയമിക്കപ്പെടുന്നത്. സുപ്രിംകോടതിയിലെയും ഹൈക്കോടതിയിലെയും ന്യായാധിപന്മാരെ നിയമിക്കുന്നത് കൊളീജിയമാണ്. ജസ്റ്റിസ് കര്‍ണനെ ഹൈക്കോടതി ജഡ്ജിയാക്കിയതും സുപ്രിംകോടതി ജഡ്ജിമാരടങ്ങുന്ന കൊളീജിയമായിരുന്നു. പ്രസ്തുത പദവിയില്‍ അദ്ദേഹത്തെ നിയമിക്കും മുന്‍പ് അദ്ദേഹത്തെക്കുറിച്ച് കൂടുതല്‍ അന്വേഷിക്കാതെ പോയോ കൊളീജിയം ?
സഹപ്രവര്‍ത്തകരോടുള്ള അദ്ദേഹത്തിന്റെ ഇടപെടലുകളും അന്വേഷണവിധേയമായിരുന്നില്ലേ? ജഡ്ജിമാരെ ജഡ്ജിമാര്‍ തന്നെ നിയമിക്കുന്ന വ്യവസ്ഥയിലെ പാളിച്ചയാണോ ജസ്റ്റിസ് കര്ണന് സംഭവത്തിലുണ്ടായത്? ജഡ്ജിമാരുടെ വഴക്ക് ജഡ്ജിമാര്‍ തന്നെ തീര്‍ക്കട്ടെയെന്ന നിലപാടിലാണ് കേന്ദ്രസര്‍ക്കാര്‍.
കൊളീജിയം സമ്പ്രദായത്തിനു പകരം ബി.ജെ.പി സര്‍ക്കാര്‍ കൊണ്ടുവന്ന ജുഡീഷ്യല്‍ നിയമന കമ്മീഷന് സുപ്രിംകോടതി ഭരണഘടനാവിരുദ്ധമെന്ന് പറഞ്ഞത് 2015 ഒക്ടോബര്‍ 16 ന് തള്ളിയതിലെ പക കേന്ദ്രസര്‍ക്കാര്‍ തീര്‍ക്കുകയുമാവാം. അതുകൊണ്ടായിരിക്കാം സര്‍ക്കാര്‍ കാഴ്ചക്കാരെപ്പോലെ മാറിനില്‍ക്കുന്നത്. കയ്യിലുള്ള അധീകാരം വിട്ടുകൊടുക്കാന്‍ ആര്‍ക്കും താല്‍പര്യമുണ്ടാവില്ലെന്നത് സ്വാഭാവികം.
കൊളീജിയം സമ്പ്രദായം കുറ്റമറ്റതല്ലെന്നും മെച്ചപ്പെടുത്താന്‍ നിര്‍ദേശങ്ങള്‍ വേണമെന്നും ജസ്റ്റിസ് കെഹാര്‍ അധ്യക്ഷനായിരുന്ന ബെഞ്ച് സര്‍ക്കാരിന് നിര്‍ദേശം നല്‍കിയിരുന്നുവെങ്കിലും ഇതുവരെ മറുപടിയൊന്നും നല്‍കിയിട്ടില്ല. ജഡ്ജിമാരെ ജഡ്ജിമാര്‍ തന്നെ നിയമിക്കുന്നതിലെ അപാകതയാണ് ജസ്റ്റിസ് കര്‍ണനിലൂടെ കണ്ടത്. നേരത്തേയും പല ജഡ്ജിമാരും അഴിമതിയാരോപണങ്ങള്‍ക്ക് വിധേയരായിരുന്നു. എന്നാല്‍ കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കുവാന്‍ ഉദ്ദേശിക്കുന്ന ജുഡീഷ്യല്‍ നിയമനകമ്മീഷനും കുറ്റമറ്റതല്ല. രാഷ്ട്രീയക്കാരും മന്ത്രിമാരും നിയമിക്കപ്പെടുന്ന കമ്മീഷനില്‍ സര്‍ക്കാരിന് താല്പര്യമുള്ളവരായിരിക്കും വരിക. സര്‍ക്കാര്‍ എതിര്കക്ഷികളായിവരുന്ന കേസുകളില്‍ ഈ തരത്തില്‍ നിയമനം കിട്ടുന്നവര്‍ സ്വാഭാവികമായും സര്‍ക്കാര്‍ അനുകൂല നിലപാടെടുക്കും. ജുഡീഷ്യറിയുടെ തകര്‍ച്ചയായിരിക്കും ഇതുവഴി സംഭവിക്കുക.
അടുത്തമാസം പന്ത്രണ്ടിനു വിരമിക്കേണ്ടിയിരുന്ന ജസ്റ്റിസ് കര്ണന് ചോദിച്ചുവാങ്ങിയ ശിക്ഷയാണിത്. അദ്ദേഹത്തിന്റെ പരാതികളും പരിഭവങ്ങളും സാധൂകരിക്കാനാവശ്യമായ തെളിവുകള്‍ ഹാജരാക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞിരുന്നില്ല. താന്‍ മറ്റുള്ളവരാല്‍ അപമാനിക്കപ്പെടുകയാണോ എന്ന മിഥ്യാധാരണയായിരിക്കാം അദ്ദേഹത്തെക്കൊണ്ട് ഇവ്വിധം പ്രവര്ത്തിപ്പിച്ചിട്ടുണ്ടാവുക. ഏതായാലും പൊതുസമൂഹത്തിന്റെ വിശ്വാസം തകര്‍ക്കുന്ന പ്രവര്‍ത്തനങ്ങള്‍ ജുഡീഷ്യറിയില്‍ നിന്നും ഉണ്ടാകാന്‍ പാടില്ലാത്തതാണ്.