2020 October 01 Thursday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

വിടവാങ്ങിയത് നിരൂപക രംഗത്തെ കുലപതി

അന്‍ഷാദ് കൂട്ടുകുന്നം

കൊച്ചി: മലയാള ചെറുകഥാ സാഹിത്യലെ പരിപ്രേഷ്യങ്ങളെ സാഹിത്യലോകത്തിനു മുന്നില്‍ കൊണ്ടുവന്ന നിരൂപക കുലപതിയായിരുന്നു എം. അച്യുതന്‍. നാലു തലമുറകളിലൂടെ ചെറുകഥയ്ക്കുണ്ടായ വളര്‍ച്ചയെ നിരീക്ഷിച്ചറിയുവാനുള്ള ഉദ്യമമായ കൃതിയായിരുന്നു അദ്ദേഹം രചിച്ച ചെറുകഥ: ഇന്നലെ ഇന്ന് എന്നത്. ഈ കൃതിക്ക് കേരള സാഹിത്യ അക്കാദമി അവാര്‍ഡും സാഹിത്യ പ്രവര്‍ത്തക ബെനിഫിറ്റ് ഫണ്ട് അവാര്‍ഡും ലഭിക്കുകയുണ്ടായി. സാഹിത്യവിമര്‍ശനത്തിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്‌കാരം, സാഹിത്യപ്രവര്‍ത്തക ബെനിഫിറ്റ് ഫണ്ട് അവാര്‍ഡ്, പത്മപ്രഭാ പുരസ്‌കാരം, സമഗ്രസംഭാവനയ്ക്കുള്ള കേരള സാഹിത്യ അക്കാദമി പുരസ്‌കാരം എന്നിവ ലഭിച്ചു.

സാഹിത്യ നിരൂപണങ്ങളായി അദ്ദേഹത്തിന്റേതായി പുറത്തുവന്നത് 12 പുസ്തകങ്ങളാണ്. പാശ്ചാത്യ സാഹിത്യലോകത്തെ ദര്‍ശനങ്ങളെ വിമര്‍ശനാത്മകമായി വിലയിരുത്തുന്ന പാശ്ചാത്യസാഹിത്യദര്‍ശനം, മലയാള കവിതാസാഹിത്യത്തിലെ മാറ്റങ്ങളെ പരാമര്‍ശിക്കുന്ന കവിതയും കാലവും എന്നിവ ഏറെ ശ്രദ്ധേയമായിരുന്നു. നോവല്‍ പ്രശ്‌നങ്ങളും പഠനങ്ങളും മലയാള നോവല്‍ സാഹിത്യശാഖയുടെ വിമര്‍ശനപഠനാത്മക കൃതിയാണ്. സമന്വയം, വിവേചനം, വിമര്‍ശലോചനം, നിര്‍ദ്ധാരണം, സ്വാതന്ത്ര്യസമരവും മലയാളസാഹിത്യവും, പ്രതികരണങ്ങള്‍, വാങ്മൂലം എന്നിവയാണു മറ്റു കൃതികള്‍. അറേബ്യന്‍ നൈറ്റ്‌സ് എന്ന കൃതിയുടെ സ്വതന്ത്ര പുനരാഖ്യാനമായ ആയിരത്തൊന്നു രാവുകള്‍ എന്ന ബൃഹദ്കൃതി പരിഭാഷാ രംഗത്ത് ഏറെ ശ്രദ്ധിക്കപ്പെട്ട പുസ്തകമാണ്.

1930 ജൂണ്‍ 15നു തൃശൂര്‍ ജില്ലയിലെ വടമയില്‍ ആലക്കാട്ട് നാരായണ മേനോന്‍െയും പാറുക്കുട്ടിയുടേയും മകനായി ജനിച്ച അച്യുതന്‍ മലയാളഭാഷയിലും സാഹിത്യത്തിലും എം.എ ബിരുദം എറണാകുളം മഹാരാജാസ് കോളജില്‍ നിന്ന് ഒന്നാം റാങ്കോടെ പാസായി.
എറണാകുളം സെന്റ് ആല്‍ബര്‍ട്ട് കോളജ്, മഹാരാജാസ് കോളജ്, കോഴിക്കോട് ഗവ. ആട്‌സ് കോളജ്, പാലക്കാട് വിക്ടോറിയ കോളജ്, പട്ടാമ്പി ഗവ. കോളജ് എന്നിവിടങ്ങളില്‍ അധ്യാപകനായിരുന്നു. എറണാകുളം മഹാരാജാസ് കോളജില്‍ നിന്ന് പ്രൊഫസറായി സര്‍വിസില്‍ നിന്നു വിരമിച്ച ശേഷം എറണാകുളത്തായിരുന്നു താമസം. മുന്‍ മുഖ്യമന്ത്രി എ.കെ ആന്റണി, മുന്‍ കേന്ദ്രമന്ത്രി വയലാര്‍ രവി, ഡോ. എം. ലീലാവതി, പി.വി കൃഷ്ണന്‍ നായര്‍, നടന്‍ മമ്മൂട്ടി, കെ.എം റോയ്, കെ.എസ് രാധാകൃഷ്ണന്‍ തുടങ്ങി ഒട്ടേറെ പ്രമുഖര്‍ ഇദ്ദേഹത്തിന്റെ ശിഷ്യരായിരുന്നു.
സംസ്‌കൃത സര്‍വകലാശാല വിസിറ്റിങ് പ്രൊഫസര്‍, കെ. കരുണാകരന്‍ മുഖ്യമന്ത്രിയായിരിക്കേ ചീഫ് പബ്ലിക് റിലേഷന്‍സ് ഓഫിസര്‍, എസ്.പി.സി.എസ് ഡയറക്ടര്‍ ബോര്‍ഡ്് അംഗം തുടങ്ങി വിവിധ സ്ഥാനങ്ങള്‍ അദ്ദേഹത്തെ തേടിയെത്തി. മഹാകവി ജി. ശങ്കരക്കുറുപ്പിന്റെ മകളായ പി.എസ് രാധയാണു ഭാര്യ.

 

Advt.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.