2023 December 04 Monday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

സമാധാനം തേടേണ്ട, സമാധാനമായിട്ടിരിക്കാം

   

ഇളംപ്രായത്തില്‍ അവന്‍ പറഞ്ഞതിതായിരുന്നു: ”ഈ പഠനകാലം കഴിഞ്ഞുകിട്ടിയിരുന്നെങ്കില്‍ എത്ര സുഖമായിരുന്നു!”
ഞാന്‍ ചോദിച്ചു: ”ഇപ്പോള്‍ നിനക്ക് ഒരു സുഖവുമില്ലേ.”
അവന്‍ പറഞ്ഞു: ”ഇല്ലെന്നേ. പള്ളിക്കൂടം എന്നു കേള്‍ക്കുമ്പോള്‍തന്നെ തല പെരുക്കുകയാണ്.”
കാലം മുന്നോട്ടു നീങ്ങി. വര്‍ഷങ്ങള്‍ പലതു പിന്നിട്ടു. ഉയര്‍ന്ന മാര്‍ക്കോടെയാണ് അവന്‍ കോഴ്‌സ് പൂര്‍ത്തീകരിച്ചത്. ഇനി ജോലിക്കാലം. അവന്‍ പറഞ്ഞു: ”മികച്ച ഒരു ജോലി തരപ്പെടണം. എന്നാലേ സമാധാനമുള്ളൂ.”
ഞാന്‍ ചോദിച്ചു: ”ഇപ്പോള്‍ നിനക്ക് ഒരു സമാധാനവുമില്ലേ.”
അവന്‍ പറഞ്ഞു: ”ഇല്ലെന്നേ. ജോലിയെ സംബന്ധിച്ച ചിന്തകള്‍ മനസ്സില്‍ അസ്വസ്ഥത സൃഷ്ടിക്കുകയാണ്.”
ഏറെ ദിവസങ്ങള്‍ പിന്നിട്ടുകാണില്ല. വലിയ ഒരു കമ്പനിയില്‍ ഉയര്‍ന്ന ശമ്പളമുള്ള ജോലിതന്നെ അവനു തരപ്പെട്ടു.
യുവത്വം തുടിച്ചുനില്‍ക്കുന്ന പ്രായമാണ്. അവന്‍ പറഞ്ഞു: ”അന്വേഷണങ്ങള്‍ പലവഴിക്കു നടന്നെങ്കിലും ഇണങ്ങിയ ഒരിണയെ ഇതുവരെ കിട്ടിയിട്ടില്ല. എന്തോ, ലോകത്തോടുതന്നെ ഒരു വെറുപ്പ് തോന്നുന്നപോലെ.”
ഞാന്‍ ചോദിച്ചു: ”മനസ്സ് വല്ലാതെ അസ്വസ്ഥമാകുന്നുണ്ടല്ലേ”
അവന്‍ പറഞ്ഞു: ”അതെ, വിവാഹം കഴിഞ്ഞാലേ ഒരു സമാധാനമുണ്ടാകൂ.”
കാലം വീണ്ടും മുന്നോട്ടു ചലിച്ചു. ഭാവനയില്‍ വിരിഞ്ഞ പെണ്ണിനെതന്നെ അവനു പങ്കാളിയായി ലഭിച്ചു. അല്ലലും അലട്ടുമില്ലാത്ത ദാമ്പത്യജീവിതം. ഇപ്പോള്‍ അവന്‍ പറയുന്നു: ”ഒരു കുഞ്ഞിക്കാല്‍ കാണാനുള്ള മോഹവുമായി എത്ര നടക്കുന്നു. എന്റെ സമപ്രായക്കാരെല്ലാം ഒന്നും രണ്ടും കുട്ടികളുടെ പിതാക്കളായി. അതൊക്കെ കാണുമ്പോള്‍ വല്ലാത്ത പ്രയാസം.”
ഞാന്‍ ചോദിച്ചു: ”കുഞ്ഞിക്കാല്‍ കാണുന്നതുവരെ ഒരു സമാധാനവുമുണ്ടാകില്ല അല്ലേ.”
അവന്‍ പറഞ്ഞു: ”തീര്‍ച്ചയായും ഉണ്ടാകില്ല. പൂക്കള്‍ വിരിയാത്ത പൂങ്കാവനത്തിനുണ്ടോ വല്ല ചന്തവും?”
വര്‍ഷങ്ങള്‍ കഴിഞ്ഞു. ദൈവാനുഗ്രഹത്താല്‍ ആ ദാമ്പത്യവല്ലരിയില്‍ ഒരു കുസുമം പിറവികൊണ്ടു. ഓമനത്തമുള്ള ഒരു പെണ്‍കനി.
അവന്‍ പറയുകയാണ്: ”ഒരു വീട് പണിതിട്ടു വേണം സമാധാനമായൊന്നു ജീവിക്കാന്‍.”
ഞാന്‍ ചോദിച്ചു: ”അതുവരെ സമാധാനം കിട്ടില്ലേ.”
അവന്‍ പറഞ്ഞു: ”അതെങ്ങനെ കിട്ടും. കിടപ്പാടമില്ലാതെ എന്തു സമാധാനം.”
വര്‍ഷങ്ങള്‍ നീണ്ട ശ്രമഫലമായി മനോഹരമായൊരു പാര്‍പ്പിടം ഒരുങ്ങി. അതില്‍ സസുഖം വാണുകൊണ്ടിരിക്കെ അവന്‍ പറഞ്ഞു: ”മകളെ കെട്ടിച്ചയച്ചിട്ടുവേണം എനിക്ക് സ്വസ്ഥമായി ഇരിക്കാന്‍.”
ഞാന്‍ ചോദിച്ചു: ”എന്താ, അതുവരെ സ്വസ്ഥത കിട്ടില്ലേ.”
അവന്‍ പറഞ്ഞു: ”അതെങ്ങനെ? പെണ്‍മക്കളെ യോജിച്ച പുരുഷന്മാര്‍ക്ക് ഏല്‍പിച്ചുകൊടുക്കാതെ ഏതു പിതാവിനാണു സുഖമായുറങ്ങാനാവുക?”
എല്ലാം ദൈവാനുഗ്രഹം. അനുയോജ്യനായ ഒരാള്‍ക്ക് മകളെ കെട്ടിച്ചുകൊടുത്തു. അപ്പോഴേക്കും അവനു പ്രായം ഏറെ പിന്നിട്ടിരുന്നു. പലവിധ രോഗങ്ങളും ശരീരത്തില്‍ പിടിമുറുക്കിത്തുടങ്ങി. അവന്‍ പറയുകയാണ്: ”ഒന്നും വേണ്ടാ, സ്വന്തമായി ഒന്നെഴുന്നേറ്റു നടക്കാന്‍ പറ്റിയിരുന്നെങ്കില്‍ ഒരു സമാധാനമായിരുന്നു.”
ഞാന്‍ ചോദിച്ചു: ”നിനക്ക് ജീവിതത്തില്‍ സമാധാനം എന്നെങ്കിലും ഉണ്ടായിട്ടുണ്ടോ? മോഹിച്ചതെല്ലാം പടച്ചവന്‍ തന്നിട്ടും എനിക്കു സമാധാനമായി എന്നു പറയാന്‍ എന്നെങ്കിലും തോന്നിയിട്ടുണ്ടോ?”
കാത്തിരുന്നു കിട്ടേണ്ടതല്ല, കൈവിട്ടുപോകാതെ നോക്കേണ്ടതാണു സമാധാനം. അതേതെങ്കിലും ശ്രമത്തിന്റെ ഫലമായി ലഭിക്കേണ്ടതല്ല, ശ്രമത്തിന്റെ കൂടെ ഉണ്ടായിരിക്കേണ്ട ഒന്നാണ്. ജോലി കിട്ടിയാല്‍ സമാധാനമാകും എന്നു പറയരുത്. സമാധാനത്തോടെ ജോലി തേടുക. ജോലി കിട്ടിയാലും ഇല്ലെങ്കിലും സമാധാനം കൂടെയുണ്ടാകും. വീട് ഉണ്ടായാലേ സമാധാനമാവുകയുള്ളൂ എന്നു പറയുന്നവന്‍ സമാധാനത്തിന്റെ സ്രോതസായി വീടിനെ തെറ്റിദ്ധരിക്കുകയാണ്. സമാധാനം ഉല്‍പാദിപ്പിക്കുന്ന മാന്ത്രികശേഷി ലോകത്ത് ഒരു വീടിനുമില്ല.
സമാധാനത്തിനുവേണ്ടി ചെയ്യാതെ, ചെയ്യുന്നതു സമാധാനത്തോടെ ചെയ്യുക. പ്രതിഫലം മോഹിച്ച് കഷ്ടിച്ചധ്വാനിക്കുന്നതും അധ്വാനങ്ങളത്രയും ആസ്വദിച്ചു നിര്‍വഹിക്കുന്നതും തമ്മില്‍ വലിയ വ്യത്യാസമുണ്ട്. ഒരു കര്‍മം ചെയ്തുകഴിഞ്ഞാല്‍ സന്തോഷവും ഉന്മേഷവുമാണ് അനുഭവപ്പെടുന്നതെങ്കില്‍ അതുതന്നെയാണ് ആ കര്‍മത്തിന്റെ ലാഭം. ആ കര്‍മം വീണ്ടും വീണ്ടും നിങ്ങളെ കൊതിപ്പിക്കും. ഇനി ക്ഷീണവും തളര്‍ച്ചയുമാണ് അനുഭവപ്പെടുന്നതെങ്കില്‍ അതു നിങ്ങളുടെ ഊര്‍ജനഷ്ടവും സമയനഷ്ടവുമാണ്. ആ നഷ്ടങ്ങള്‍ സഹിച്ചാണ് മറ്റൊരു ലാഭം നിങ്ങള്‍ പ്രതീക്ഷിക്കുന്നത്. കര്‍മത്തിനുശേഷം മാത്രം ലഭിക്കുന്ന കൂലിയെന്ന ആ ‘ലാഭം’ സമാധാനത്തിന്റെ സ്രോതസുമല്ല! സ്വര്‍ഗം ലഭിക്കാന്‍വേണ്ടി ആരാധിക്കുന്നവരില്‍നിന്ന് ആരാധനയെത്തന്നെ സ്വര്‍ഗമാക്കുന്നവര്‍ ബഹുകാതം അകലെയാണ്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.