കാബൂള്‍: പാക് അതിര്‍ത്തിയായ സ്പിന്‍ ബോല്‍ഡകിലെ പ്രധാന മാര്‍ക്കറ്റ് അടങ്ങുന്ന പ്രദേശം താലിബാനില്‍ നിന്നു തിരിച്ചുപിടിക്കാന്‍ സര്‍ക്കാര്‍ സേന പോരാടുന്നതിനിടെ താലിബാന്റെ തിരിച്ചടിയിലാണ് ദാനിഷ് സിദ്ദീഖിയും ഒരു മുതിര്‍ന്ന അഫ്ഗാന്‍ ഓഫിസറും കൊല്ലപ്പെട്ടതെന്ന് അഫ്ഗാന്‍ കമാന്‍ഡര്‍ അറിയിച്ചു. യുദ്ധരംഗം പകര്‍ത്താന്‍ അഫ്ഗാന്‍ സേനയോടൊപ്പമായിരുന്നു ദാനിഷ് ഉണ്ടായിരുന്നത്.
വെള്ളിയാഴ്ച റോയിട്ടേഴ്‌സിനു വേണ്ടി താലിബാന്‍-സര്‍ക്കാര്‍ സേന ഏറ്റുമുട്ടല്‍ കാമറയില്‍ പകര്‍ത്തുന്നതിനിടെയാണ് പുലിറ്റ്‌സര്‍ ജേതാവായ ഇന്ത്യന്‍ ഫോട്ടോജേണലിസ്റ്റ് ദാനിഷ് സിദ്ദീഖിക്കു വെടിയേറ്റത്.
അതിനിടെ മൃതദേഹം താലിബാന്‍ അന്താരാഷ്ട്ര റെഡ്‌ക്രോസ് കമ്മിറ്റിക്കു കൈമാറിയതായി സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.
അഫ്ഗാന്‍ പ്രസിഡന്റ് അശ്‌റഫ് ഗനി ദാനിഷിന്റെ കുടുംബത്തെ അനുശോചനം അറിയിച്ചു. പാകിസ്താനാണ് താലിബാന് പിന്തുണ നല്‍കുന്നതെന്ന് അഫ്ഗാന്‍ വൈസ് പ്രസിഡന്റ് അംറുല്ല സലാഹ് കുറ്റപ്പെടുത്തി. യു.എന്‍ രക്ഷാസമിതിയില്‍ വിദേശകാര്യ സെക്രട്ടറി ഹര്‍ഷ് ശ്രിങ്‌ല കൊലപാതകത്തെ അപലപിച്ചു. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള ശ്രമങ്ങള്‍ നടത്തിവരുകയാണ് കാബൂളിലെ ഇന്ത്യന്‍ എംബസി.
Comments are closed for this post.