2021 March 04 Thursday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

ഇസ്‌റാഈലുമായി ഒരു നിലക്കും സന്ധിയില്ലെന്നുറപ്പിച്ച് പ്രിൻസ് തുർക്കി അൽ ഫൈസൽ രാജകുമാരൻ

ബെഞ്ചമിൻ നെതന്യാഹു നുണയൻ,

പതിറ്റാണ്ടുകളുടെ അമേരിക്കൻ ബന്ധം തുടരും

അബ്‌ദുസ്സലാം കൂടരഞ്ഞി

     റിയാദ്: ഇസ്‌റാഈലുമായി ഒരു നിലക്കും സന്ധിയിലെന്ന് വ്യക്തമാക്കി പ്രിൻസ് തുർക്കി അൽ ഫൈസൽ രാജകുമാരൻ. ഇസ്‌റാഈലുമായി സഊദി അറേബ്യ ബന്ധം സ്ഥാപിക്കുന്നതിനുള്ള നടപടികൾ കൈകൊള്ളുന്നുവെന്ന ഇസ്‌റാഈൽ, പാശ്ചാത്യ മാധ്യമങ്ങളുടെ വാർത്തകൾ തുടർച്ചയായി പുറത്ത് വരുന്നതിനിടെയാണ് മുൻ സഊദി ഇന്റലിജൻസ് മേധാവി, മുൻ അമേരിക്കൻ, ബ്രിട്ടൻ അംബാസിഡർ കൂടിയായ പ്രിൻസ് തുർക്കി അൽ ഫൈസൽ രാജകുമാരൻ ഇക്കാര്യം വ്യക്തമാക്കിയത്. അമേരിക്കൻ ചാനലായ സി എൻ എന്നിന് നൽകിയ അഭിമുഖത്തിലാണ് അർത്ഥശങ്കക്കിടമില്ലാതെ അദ്ദേഹം ഇസ്‌റാഈലിനോടുള്ള സഊദി നിലപാട് വ്യക്തമാക്കിയത്.

   ഇസ്‌റാഈൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു രഹസ്യമായി സഊദിയിലെത്തുകയും നിയോമിൽ വെച്ച് കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനുമായി കൂടിക്കാഴ്ച്ച നടത്തുകയും ചെയ്‌തതായുള്ള ഇസ്‌റാഈൽ മാധ്യമ വാർത്ത ശ്രദ്ധയിൽ പെടുത്തിയപ്പോൾ നെതന്യാഹുവിനെപ്പോലുള്ള ഒരാളുടെ വിശ്വാസ്യതയേക്കാൾ രാജ്യത്തിന്റെ വിശ്വാസ്യത വളരെ ഉയർന്നതായിരിക്കണമെന്നാണ് താൻ കരുതുന്നതെന്നും നിരവധി കാര്യങ്ങളിൽ ഇസ്‌റാഈൽ ജനതയോട് കള്ളം പറഞ്ഞതായ വ്യക്തിയാണ് അദ്ദേഹമെന്നും അതിനാൽ അവർക്ക് എങ്ങനെ നുണയനെ വിശ്വസിക്കാനാവുമെന്നും അദ്ദേഹം തിരിച്ചു ചോദിച്ചു.

    ഇസ്‌റാഈലുമായി സഊദി അറേബ്യ ബന്ധം പുനഃസ്ഥാപിക്കുമോയെന്ന ചോദ്യത്തിനുത്തരമായി അതിനു രാജ്യം ഒരിക്കലും ഒരുക്കമല്ലെന്നായിരുന്നു പ്രതികരണം. രാജ്യത്തിന് ഒരു നിശ്ചിത സ്ഥാനമുണ്ട്, പരമോന്നത സഭയായ ശൂറ കൗൺസിലിൽ രാജാവ് നടത്തിയ പ്രസംഗത്തിൽ ഫലസ്‌തീൻ പ്രശ്‌നമാണ് സഊദിയുടെ പ്രഥമ പ്രശ്‌നമെന്നും അറബ് സമാധാന സംരംഭത്തിന് രാജ്യം പ്രതിജ്ഞാബദ്ധമാണെന്നും പ്രസ്ഥാവിച്ചത് അദ്ദേഹം ചൂണ്ടിക്കാട്ടി. എന്തുകൊണ്ടാണ് രാജാവിന്റെ വാക്കുകൾ വിശ്വസനീയമല്ലാത്തത്, നെതന്യാഹുവിന്റെ വാക്കുകൾ മാത്രമാണ് സത്യമാണ് എന്നാണോ കരുതുന്നതെന്നും അദ്ദേഹം തിരിച്ചു ചോദിച്ചു.

    നിയുക്ത അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ ഭരണകാലത്തെ കുറിച്ചും അദ്ദേഹം വെളിപ്പെടുത്തി. അമേരിക്കയുമായി സഊദിക്ക് പതിറ്റാണ്ടുകളുടെ ദൃഢമായ ബന്ധമുണ്ട്. അമേരിക്കയിലെ വിവിധ പാർട്ടികളുടെ ഭരണകാലത്ത് തന്നെ ദൃഢമായതാണ് ആ ബന്ധം. പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ജോ ബൈഡൻ ഉപരാഷ്ട്രപതിയായിരുന്നപ്പോൾ അദ്ദേഹത്തിന്റെ അന്നത്തെ പ്രസിഡന്റ് ഒബാമയുമായുള്ള ബന്ധം ശക്തമായി തന്നെ നില നിന്നിരുന്നു. മുൻകാലത്തെ ചില തീരുമാനങ്ങളോട് യോജിക്കാനാവില്ലെങ്കിലും പ്രസിഡന്റ് സ്ഥാനത്ത് നിൽക്കുന്ന ജോ ബൈഡൻ എന്ന നിലയിലാണ് തങ്ങൾ നോക്കി കാണുന്നത്. ഒന്നാമതായി സഊദി അറേബ്യയുമായുള്ള അമേരിക്കൻ ബന്ധത്തിന്റെ മൂല്യത്തെക്കുറിച്ച് അദ്ദേഹത്തിന് നന്നായി അറിയാം രണ്ടാമതായി ബൈഡൻ നല്ലൊരു സുഹൃത്തിനെയോ സഖ്യത്തെയോ ആണ്‌ നോക്കുന്നതെങ്കിൽ സഊദി അറേബ്യയും അമേരിക്കയും ഉറ്റ സുഹൃത്തായി തുടരുമെന്നും പ്രിൻസ് ഫൈസൽ ബിൻ തുർക്കി രാജകുമാരൻ വ്യക്തമാക്കി.

    സഊദിയിലെ മനുഷ്യാവകാശത്തെ കുറിച്ചും ആക്ടിവിസ്റ്റുകളുടെ അറസ്റ്റിനെ കുറിച്ചും ചോദിച്ചപ്പോൾ സുരക്ഷ കാരണങ്ങളാണ് അവരെ ജയിലിൽ അടച്ചതെന്നും അവർക്കെതിരെയുള്ള നടപടികൾ കോടതികളിൽ നടക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. സഊദിയുടെ ജുഡീഷ്യറി സ്വതന്ത്രമാണ്, സർക്കാർ അതിൽ ഇടപെടാറില്ല. ഈ കേസുകൾ പൂർത്തിയാകുമ്പോൾ അതിന്റെ കാര്യങ്ങൾ വെളിപ്പെടുത്തുമെന്നും അദ്ദേഹം അഭിമുഖത്തിൽ പറഞ്ഞു.

Advt.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News