സ്വന്തം ലേഖകന്‍
തിരുവനന്തപുരം: കോഴ വിവാദത്തിലും കുഴല്‍പ്പണക്കേസിലുംപെട്ട പാര്‍ട്ടിയെയും അധ്യക്ഷനേയും രക്ഷിക്കാന്‍ ബി.ജെ.പി നേതാക്കളുടെ പരക്കം പാച്ചില്‍. കേരളത്തിലെ പാര്‍ട്ടിയെ നശിപ്പിക്കാന്‍ സി.പി.എമ്മും പൊലിസും ശ്രമിക്കുന്നുവെന്ന ആരോപണവുമായി ബി.ജെ.പി നേതാക്കള്‍ ഇന്നലെ ഗവര്‍ണറെക്കണ്ടപ്പോള്‍ ആരോപണവിധേയനായ സംസ്ഥാന അധ്യക്ഷനാകട്ടെ കുരുക്കില്‍ നിന്നും രക്ഷപ്പെടാനുള്ള തന്ത്രങ്ങള്‍ തേടി കേന്ദ്ര നേതാക്കളെയും സമീപിച്ചു. മുന്‍ പിണറായി സര്‍ക്കാരിനെ ഉലച്ച സ്വര്‍ണക്കടത്ത്, ലൈഫ് മിഷന്‍ കേസുകളില്‍ സംശയത്തിന്റെ മുന നീണ്ട മന്ത്രിമാരേയും നേതാക്കളെയും അന്വേഷണസംഘം ചോദ്യം ചെയ്യണമെന്ന് നിരന്തരം ആവശ്യപ്പെട്ട ബി.ജെ.പി നേതൃത്വമാണിപ്പോള്‍ പൊലിസ് രജിസ്റ്റര്‍ ചെയ്ത മൂന്നരക്കോടിയുടെ കുഴല്‍പ്പണക്കേസിന്റെയും സ്ഥാനാര്‍ഥിത്വത്തില്‍ നിന്നും പിന്‍മാറാന്‍ കൈക്കൂലി നല്‍കിയ കേസിലേയും അന്വേഷണം തടയണമെന്ന വിചിത്ര വാദവുമായി ഗവര്‍ണറെ സമീപിച്ചിരിക്കുന്നത്. കേസിനെ നിയമപരമായി നേരിടാതെ രാഷ്ട്രീയ സ്വാധീനത്തിലൂടെ രക്ഷപ്പെടാനാകുമോയെന്നാണ് ബി.ജെ.പി സംസ്ഥാന നേതൃത്വത്തിന്റെ കണക്കുകൂട്ടല്‍. കുമ്മനം രാജശേഖരനെ മുന്നില്‍ നിര്‍ത്തിയാണ് ബി.ജെ.പിയുടെ പ്രതിരോധമെങ്കിലും പി.കെ കൃഷ്ണദാസ് പക്ഷത്തുനിന്നുള്ള നേതാക്കളുടെ വിട്ടുനില്‍ക്കല്‍ കല്ലുകടിയാകുന്നുണ്ട്. ഇന്നലെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ സന്ദര്‍ശിച്ച ബി.ജെ.പി സംഘത്തിലും കൃഷ്ണദാസ് പക്ഷ നേതാക്കളില്ലായിരുന്നു.
കേരളത്തില്‍ ബി.ജെ.പിയെ നശിപ്പിക്കാന്‍ സി.പി.എമ്മും പൊലിസും ശ്രമിക്കുന്നുവെന്ന് ഗവര്‍ണറെ നേരില്‍കണ്ട് പരാതി നല്‍കിയശേഷം കുമ്മനം രാജശേഖരന്‍ മാധ്യമങ്ങളോട് പറഞ്ഞു. പല കള്ളക്കേസും ചമച്ച് ബി.ജെ.പി നേതാക്കന്മാരെ ജയിലിലടക്കാന്‍ പിണറായി സര്‍ക്കാര്‍ ശ്രമിക്കുകയാണ്. കൊടകര കുഴല്‍പ്പണക്കേസില്‍ രണ്ടാമതൊരു അന്വേഷണം പ്രഖ്യാപിച്ചത് ബി.ജെ.പിയെ വേട്ടയാടാന്‍ വേണ്ടിയാണ്. പാര്‍ട്ടിയുടെ സല്‍പ്പേര് നശിപ്പിക്കാന്‍ പൊലിസ് ശ്രമിക്കുകയാണ്. പാര്‍ട്ടിക്ക് കേസില്‍ ബന്ധമില്ല. അന്വേഷണം പൊലിസ് ബി.ജെ.പിയിലേക്ക് വഴിതിരിച്ച് വിടുകയാണ്. പൊലിസ് അന്വേഷണരഹസ്യം പുറത്തുവിടുകയാണ്. മഞ്ചേശ്വരത്തെ സ്ഥാനാര്‍ഥിയായിരുന്ന സുന്ദരയ്‌ക്കെതിരേ കേസെടുക്കാത്തത് എന്താണ്. സുരേന്ദ്രനെ കള്ളക്കേസില്‍ കുടുക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും പരാതികളെ ബി.ജെ.പി ചെറുക്കുമെന്നും കുമ്മനം പറഞ്ഞു. സംഭവത്തില്‍ ഡി.ജി.പിയെ നേരില്‍ കാണുമെന്നും സുന്ദരയ്‌ക്കെതിരേ നടപടിയെടുക്കാന്‍ ആവശ്യപ്പെടുമെന്നും കുമ്മനം രാജശേഖരന്‍ പറഞ്ഞു.
കുമ്മനത്തെ കൂടാതെ ഒ.രാജഗോപാല്‍, സംസ്ഥാന ജനറല്‍ സെക്രട്ടറി പി.സുധീര്‍, ജില്ലാ അധ്യക്ഷന്‍ വി.വി രാജേഷ്, സംസ്ഥാന സെക്രട്ടറി എസ്. സുരേഷ് എന്നിവരടങ്ങുന്ന സംഘമാണ് ഗവര്‍ണര്‍ക്ക് നിവേദനം നല്‍കിയത്.
Comments are closed for this post.