
മാവേലിക്കര: തെക്കേക്കര പഞ്ചായത്തില്‍ ചൂരല്ലൂര്‍ കുറത്തികാട് തടത്തിലാല് വാര്‍ഡുകളിലായി 12 ലേറെ ആളുകള്‍ക്ക് തെരുവു നായയുടെ കടിയേറ്റു.
വെള്ളിയാഴ്ച രാത്രിയോടെയാണ് നായയുടെ ആക്രമണം തുടങ്ങിയതെന്ന് നാട്ടുകാര്‍ പറയുന്നു. ചൂരല്ലൂര്‍ മേപ്പള്ളി ജങ്ഷനിലെത്തി തിരികെ വീട്ടിലേക്ക് മടങ്ങിയ മൂന്ന് പേര്‍ക്കാണ് വെള്ളിയാഴ്ച രാത്രിയില്‍ കടിയേറ്റത്. ശനിയാഴ്ച രാവിലെ കുറത്തികാട് ജങ്ഷനിലെത്തിയ നായ, ഹോട്ടല്‍ ജീവനക്കാരനായ ഉത്തര്‍പ്രദേശ് സ്വദേശി സോമുവിനെ കടിച്ചു. കുറത്തികാട് പഞ്ചായത്ത് മ്മ്യൂണിറ്റി ഹാളിന്റെ വരാന്തയില്‍ കിടന്ന് ഉറങ്ങുകയായിരുന്ന സോമുവിന്റെ തലക്കാണ് കടിയേറ്റത്. കുറത്തികാട്ട് അമ്മിണി എന്ന സ്ത്രീയെയും കടിച്ചു. ഇവിടെ നിന്നും വടക്കോട്ടോടിയ നായയുടെ ആക്രമണത്തില്‍ തടത്തിലാല് സ്വദേശികളായ കല്യാണിയമ്മ, സുമ, ബിനു, ശ്രീകുമാര്‍ എന്നിവരുള്‍പ്പെടെ 7 പേര്‍ക്ക് കടിയേറ്റു.
തടത്തിലാലില്‍ നിന്നും വീണ്ടും വടക്കോട്ട് പോയ നായ പലരെയും കടിച്ചതായി പറയുന്നു. നായയുടെ കടിയേറ്റവര്‍ കുറത്തികാട് സിഎച്ച്സി, മാവേലിക്കര ജില്ലാ ആശുപത്രി, വണ്ടാനം മെഡിക്കല്‍ കോളജാശുപത്രി എന്നിവിടങ്ങളില്‍ ചികിത്സ തേടി.