2022 July 04 Monday
നല്ല മനുഷ്യന്‍ സ്‌നേഹം മൂലം അനുസരിക്കുന്നു, അല്ലാത്തവന്‍ ഭയം മൂലവും.       അരിസ്റ്റോട്ടില്‍

Editorial

മദ്യനയം ധാര്‍മികതയില്ലാത്ത തലമുറയെ സൃഷ്ടിക്കും


സംസ്ഥാന സര്‍ക്കാരിന് ഏറ്റവുമധികം വരുമാനം നല്‍കുന്നതാണ് സര്‍ക്കാര്‍ മേല്‍നോട്ടത്തില്‍ നടക്കുന്ന മദ്യവില്‍പന. എന്നാല്‍ ഇതുകൊണ്ടുണ്ടാകുന്ന നഷ്ടം വരുമാനത്തേക്കാള്‍ അധികമാണെന്നും സാമൂഹികാവസ്ഥയെ സാരമായി ബാധിക്കുമെന്നതും സര്‍ക്കാര്‍ ഓര്‍ക്കുന്നില്ല. ഡീ അഡിക്ഷന്‍ സെന്ററുകള്‍ക്കുവേണ്ടിയും മദ്യമുക്തപരിപാലന കേന്ദ്രങ്ങള്‍ക്കു വേണ്ടിയും സര്‍ക്കാര്‍ ലക്ഷങ്ങള്‍ ചെലവാക്കുന്നുണ്ട്. കൂടുതല്‍ മദ്യശാലകള്‍ തുറക്കുന്നതോടെ നാട്ടില്‍ കൂടുതല്‍ അക്രമങ്ങളും കൊലപാതകങ്ങളുമാണ് വര്‍ധിക്കാന്‍ പോകുന്നത്. സംസ്ഥാനത്ത് കൂടിവരുന്ന ആക്രമണങ്ങളില്‍ ഏറിയപങ്കും മദ്യത്തിനടിമയായവരില്‍ നിന്നുണ്ടാകുന്നതാണ്. പിടിച്ചുപറിയും തട്ടിക്കൊണ്ടുപോകലും സ്ത്രീകള്‍ക്കുനേരെ പട്ടാപ്പകലില്‍പോലും ഉണ്ടാകുന്ന ബലാല്‍ക്കാര ശ്രമങ്ങളും കൊലപാതകങ്ങളും ആസിഡ് ആക്രമണവും നാള്‍ക്കുനാള്‍ വര്‍ധിച്ചുവരുന്നതിനു പിന്നില്‍ മദ്യപര്‍ തന്നെയാണ്.
ഏറ്റവുമൊടുവില്‍, കാറില്‍ സഞ്ചരിക്കുകയായിരുന്ന മഞ്ചേരി നഗരസഭ അംഗമായ തലാപ്പില്‍ അബ്ദുല്‍ ജലീല്‍ എന്ന വ്യക്തി കഴിഞ്ഞ ദിവസം തലയ്ക്ക് അടിയേറ്റ് ദാരുണമായി കൊല്ലപ്പെട്ടത് മദ്യപസംഘത്തിന്റെ അക്രമത്തെ തുടര്‍ന്നായിരുന്നു.

സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെയുണ്ടാകുന്ന അക്രമങ്ങള്‍ വര്‍ധിക്കാന്‍ കാരണം മദ്യപാനികളുടെ എണ്ണം വര്‍ധിക്കാന്‍ തുടങ്ങിയതിനാലാണ്. പുതിയ മദ്യനയം കാരണം അവര്‍ക്കിനി വഴിനടക്കാന്‍ കഴിയുമോ എന്നതു കണ്ടറിയേണ്ട കാര്യമാണ്. വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ ടൂറിസ്റ്റുകള്‍ എത്താത്തത് മദ്യം കിട്ടാത്തത് കൊണ്ടാണെന്നും ഐ.ടി സ്ഥാപനങ്ങളില്‍ എത്തുന്ന അതിഥികളും ജോലിക്കാരും മദ്യമില്ലാതെ വിഷമിക്കുകയാണെന്നുമുള്ള സര്‍ക്കാരിന്റെ നിലപാട് മദ്യം സുലഭമാക്കാനുള്ള കുരുട്ടുബുദ്ധിപ്രയോഗമല്ലാതെ മറ്റൊന്നുമല്ല. സര്‍ക്കാരിന്റെ ന്യായീകരണം കേട്ടാല്‍, ഐ.ടി മേഖലയില്‍ ജോലി ചെയ്യുന്ന യുവാക്കള്‍ വൈകുന്നേരം ക്ഷീണിച്ച് അവശരാകുമ്പോള്‍ അവര്‍ക്ക് നവോന്മേഷം പകരാന്‍ മദ്യം മാത്രമേയുള്ളൂ എന്ന് തോന്നിപ്പോകും. ഐ.ടി പ്രൊഫഷനലുകളൊക്കെയും മദ്യത്തില്‍ തല്‍പരരാണെന്ന ഉപദേശം ആരാണാവോ സര്‍ക്കാരിനു നല്‍കിയിട്ടുണ്ടാവുക.
മദ്യം സുലഭമാക്കുന്നതോടൊപ്പം മദ്യം ഉല്‍പാദിപ്പിക്കാനും മദ്യത്തിന്റെ അനുബന്ധ വ്യവസായങ്ങള്‍ തുടങ്ങുവാനും സര്‍ക്കാര്‍ സന്നദ്ധമായിരിക്കുകയാണ്. യോഗ്യതയുള്ളവര്‍ക്ക് ബിയര്‍ ഉല്‍പാദിപ്പിക്കുന്നതിനു ബ്രൂവറി ലൈസന്‍സ് നല്‍കാനും ഇന്ത്യന്‍ നിര്‍മിത വിദേശമദ്യങ്ങളുടെ ഉല്‍പാദനം വര്‍ധിപ്പിക്കാനും സര്‍ക്കാര്‍ തയാറായിരിക്കുന്നു. മദ്യം, ആ വ്യക്തിയെ മാത്രമല്ല നശിപ്പിക്കുന്നത്, അയാളുടെ കുടുംബത്തെയും കൂടിയാണ്.

തുടര്‍ന്ന് സമൂഹത്തെയും. മദ്യം വിഷമാണെന്നു കരുതുന്ന ഭൂരിപക്ഷം ജനങ്ങള്‍ക്കും നേരെയുള്ള വെല്ലുവിളിയാണ് സര്‍ക്കാര്‍ എടുത്ത പുതിയ തീരുമാനം. ഐ.ടി പാര്‍ക്കുകളില്‍ മദ്യം സുലഭമാകുന്നതും ഫലവര്‍ഗങ്ങളില്‍ നിന്നും പഴങ്ങളില്‍നിന്നും മദ്യം നിര്‍മിക്കാന്‍ എടുത്ത തീരുമാനവും മദ്യത്തില്‍നിന്ന് അകലം പാലിക്കുന്ന പുതുതലമുറയിലെ ചിലരെയെങ്കിലും മദ്യപാനത്തിലേക്ക് ആകര്‍ഷിക്കുമെന്നതില്‍ സംശയമില്ല. സ്ത്രീകളെയും കുട്ടികളെയും വരെ സര്‍ക്കാരിന്റെ പുതിയ മദ്യനയം മദ്യത്തിന് അടിമകളാക്കും. ചിന്താശക്തിയില്ലാത്ത ഒരു തലമുറക്ക് ജന്മം കൊടുക്കുക എന്ന പാപമാണ് പുതിയ മദ്യനയത്തിലൂടെ സര്‍ക്കാന്‍ ചെയ്യാന്‍ പോകുന്നത്. മദ്യ ലഭ്യത കൂടുമ്പോള്‍ സ്‌കൂള്‍ കുട്ടികള്‍ വരെ മദ്യത്തിലേക്കാകര്‍ഷിക്കപ്പെടും. മദ്യമൊഴുക്കിയിട്ട് മദ്യവര്‍ജ്ജനത്തെക്കുറിച്ച് സര്‍ക്കാര്‍ ബോധവല്‍ക്കരണം നടത്തുമെന്ന് പറയുന്നതിലെന്തര്‍ഥമാണുള്ളത്. മദ്യത്തിനടിമയാകുന്ന വ്യക്തി ചെകുത്താന്റെ മാനസികാവസ്ഥയിലേക്കായിരിക്കും അധഃപതിക്കുക. എന്താണ് പറയുന്നതെന്നും എന്താണ് ചെയ്യുന്നതെന്നും അയാള്‍ക്ക് യാതൊരു തിട്ടവുമുണ്ടായിരിക്കില്ല. ഇത്തരം ആളുകളെ ബോധവല്‍ക്കരിക്കാന്‍ നടത്തുന്ന ശ്രമങ്ങള്‍ ചെകുത്താന്റെ ചെവിയില്‍ വേദമോതുന്നതിന് തുല്യമാണ്. ലഹരി സമൂഹത്തില്‍നിന്ന് തുടച്ചുനീക്കേണ്ട ഒരാവശ്യമാണെന്ന് കരുതുമ്പോള്‍ മദ്യം വ്യാപകമാക്കുന്നതിനാണ് സര്‍ക്കാര്‍ യത്‌നിക്കുന്നത്.

രൂക്ഷമായ വിലക്കയറ്റത്തില്‍ പിടിച്ചുനില്‍ക്കാന്‍ പാടുപെടുന്ന നിര്‍ധന കുടുംബങ്ങളിലെ കുടുംബനാഥന്‍മാര്‍ മുക്കിലും മൂലയിലും മദ്യം സുലഭമാകുമ്പോള്‍ മദ്യപാനത്തിലേക്ക് സ്വാഭാവികമായും വീഴും. കുടുംബം അതോടെ മുഴുപ്പട്ടിണിയിലുമാകും. കുടുംബകലഹവും പിഞ്ചുകുഞ്ഞുങ്ങള്‍ അടക്കമുള്ളവരുടെ കൂട്ടമരണങ്ങളുമായിരിക്കും പിന്നീടുണ്ടാവുക.
ടൂറിസ്റ്റുകളെയും നിക്ഷേപകരെയും ആകര്‍ഷിക്കാനാണ് മദ്യമൊഴുക്കാന്‍ തീരുമാനമെടുത്തതെന്ന സര്‍ക്കാര്‍ഭാഷ്യം ശുദ്ധ അസംബന്ധമാണ്. നാട്ടിലെ സംരംഭകരുടെ സ്ഥാപനങ്ങളെ പൂട്ടിച്ചുകൊണ്ടിരിക്കുന്ന തൊഴിലാളി സംഘടനകള്‍ വിരാജിക്കുന്ന ഏക നാടാണ് കേരളമെന്ന് ആര്‍ക്കാണറിയാത്തത്. മദ്യക്കുപ്പി കാണിച്ചുകൊടുത്ത് വിദേശനിക്ഷേപകരെ ആകര്‍ഷിപ്പിക്കാമെന്ന സര്‍ക്കാര്‍ വിചാരത്തെ കശാപ്പുകാരന്‍ ആട്ടിന്‍കുഞ്ഞിന് പ്ലാവില നീട്ടിക്കൊടുക്കുന്നതിനെയാണ് അനുസ്മരിപ്പിക്കുന്നത്. കേരളത്തിന്റെ മനസ് അറിഞ്ഞല്ല സര്‍ക്കാരിന്റെ പുതിയ മദ്യനയം എന്നത് ഉറപ്പാണ്. സാമ്പത്തിക ലാഭത്തിനുവേണ്ടി എന്തും ചെയ്യാന്‍ മടിയില്ലാത്ത സര്‍ക്കാരാണിതെന്ന പൊതുബോധമേ ഇതുകൊണ്ട് ഉണ്ടാകാന്‍ പോകുന്നുള്ളൂ.
2016ല്‍ പുറത്തിറക്കിയ പ്രകടനപത്രികയില്‍ ഇടതുമുന്നണി പറഞ്ഞത് ഇപ്രകാരമാണ്. മദ്യം കേരളത്തില്‍ വലിയ വിപത്തായിരിക്കുന്നുവെന്നും ഇടതുമുന്നണി അധികാരത്തില്‍ വന്നാല്‍ സമ്പൂര്‍ണ മദ്യനിരോധം ഏര്‍പ്പെടുത്തുമെന്നുമായിരുന്നു. അന്നത്തെ പ്രകടനപത്രിക വായിച്ച് കോരിത്തരിച്ച സമൂഹം ഇന്നത്തെ ഇടതുമുന്നണി സര്‍ക്കാര്‍ തീരുമാനമറിഞ്ഞ് ഞെട്ടിത്തരിച്ചിട്ടുണ്ടാകണം. തേനും പാലും ഒഴുക്കാന്‍ കഴിഞ്ഞില്ലെങ്കിലും മദ്യം ഒഴുക്കാനുള്ള തീരുമാനം എടുക്കരുതായിരുന്നു. നയത്തില്‍നിന്ന് വ്യതിചലിച്ച് സാമ്പത്തിക ലാഭം മാത്രം മുന്നില്‍ക്കണ്ടുകൊണ്ടുള്ള തീരുമാനമായി മാത്രമേ സര്‍ക്കാരിന്റെ പുതിയ മദ്യനയത്തെ വിലയിരുത്താനാകൂ. വാക്കും പ്രവൃത്തിയും രണ്ടാണെന്ന് തെളിയിച്ചിരിക്കുകയാണ് ഇതിലൂടെ സര്‍ക്കാര്‍. ഒരു തലമുറയെ ധാര്‍മികമായി നശിപ്പിക്കാന്‍ മാത്രമേ സര്‍ക്കാരിന്റെ പുതിയ മദ്യനയം ഉപകരിക്കൂ. ധാര്‍മികയില്ലാത്ത മനുഷ്യനാകട്ടെ ഈ ലോകത്ത് അഴിച്ചുവിട്ട കാട്ടുമൃഗത്തെപ്പോലെയുമായിരിക്കും. ഇങ്ങനെ പറഞ്ഞത് ഫ്രഞ്ച് തത്വചിന്തകന്‍ അല്‍ബേര്‍ കാമുവാണ്. അദ്ദേഹത്തിന്റെ വാക്കുകളെ അന്വര്‍ഥമാക്കുമോ സര്‍ക്കാരിന്റെ പുതിയ മദ്യനയമെന്ന് ഭയപ്പെടേണ്ടിയിരിക്കുന്നു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.