2024 February 25 Sunday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

24 മണിക്കൂറിനിടെ കൊല്ലപ്പെട്ടത് 112 ഫലസ്തീനികള്‍; റഫയിലും നരവേട്ട ശക്തമാക്കി ഇസ്‌റാഈല്‍

24 മണിക്കൂറിനിടെ കൊല്ലപ്പെട്ടത് 112 ഫലസ്തീനികള്‍; റഫയിലും നരവേട്ട ശക്തമാക്കി ഇസ്‌റാഈല്‍

റഫയില്‍ ആക്രമണം ശക്തമായി തുടര്‍ന്ന് ഇസ്‌റാഈല്‍. റഫയില്‍ ജനവാസ മേഖലയില്‍ ഇസ്‌റാഈല്‍ നടത്തിയ ആക്രമണത്തില്‍ 25 പേര്‍ കൊല്ലപ്പെട്ടതായി ഫലസ്തീന്‍ ആരോഗ്യ മന്ത്രാലയം റിപ്പോര്‍ട്ട് ചെയ്യുന്നു. ഇസ്‌റാഈല്‍ സൈന്യം സുരക്ഷിത ഇടമെന്ന് പറഞ്ഞ് മാറ്റി നിര്‍ത്തിയ പ്രദേശമായിരുന്നു റഫ. വടക്കന്‍ ഗസ്സയില്‍ ആക്രമണം രൂക്ഷമായപ്പോള്‍ ലക്ഷങ്ങള്‍ ഇവിടെ അഭയം പ്രാപിച്ചിട്ടുണ്ട്.

13 ലക്ഷത്തിലേറെ ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന റഫയില്‍ സയണിസ്റ്റ് യുദ്ധവിമാനങ്ങള്‍ ആക്രമണം ശക്തമായി തുടരുകയാണ്. കഴിഞ്ഞ രാത്രി മാത്രം ഇവിടെ ആക്രമണങ്ങളില്‍ 42 സിവിലിയന്‍മാര്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്. ഇന്ന് രാവിലെ മുതല്‍ നിലക്കാത്ത ആക്രമണങ്ങളാണ് നടക്കുന്നത്. എത്രപേര്‍ക്ക് പരുക്കേറ്റെന്നോ എത്രപേര്‍ മരിച്ചെന്നോ കൃത്യമായ റിപ്പോര്‍ട്ട് ഇതുവരെ പുറത്തു വന്നിട്ടില്ല.

മധ്യഗസ്സയിലും ശക്തമായ ആക്രമണമാണ് ഇസ്‌റാഈല്‍ നടത്തുന്നത്. ഗസ്സയില്‍ ജനങ്ങളില്‍ പകുതിയും താമസിക്കുന്ന റഫയില്‍ ആക്രമണം നടത്തിയാല്‍ അവര്‍ക്ക് പോകാന്‍ മറ്റൊരു ഇടമില്ലെന്ന് ഐക്യരാഷ്ട്ര സഭ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് പറഞ്ഞു. റഫയിലെ 19 ലക്ഷം വരുന്ന ജനങ്ങളോട് ഒഴിഞ്ഞു പോകാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം, ഈ ജനങ്ങള്‍ക്ക് അഭയം തേടാന്‍ ഒരു ഇടമില്ലെന്ന് അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്യുന്നു. റഫയില്‍ കാണാന്‍ പോകുന്നത് ലോകം ഇന്നോളം കണ്ടിട്ടില്ലാത്ത മാനുഷിക ദുരന്തമായിരിക്കുമെന്ന് ഇ.യു ഫോറിന്‍ പോളിസി ചീഫ് ജോസഫ് ബോരല്‍ ചൂണ്ടിക്കാട്ടി. റഫയിലെ ഇസ്റാഈല്‍ ആക്രമണം തുടര്‍ന്നാല്‍ വന്‍ മാനുഷിക ദുരന്തത്തിന് സാക്ഷികളാകേണ്ടി വരുമെന്ന് ലോകനേതാക്കള്‍ ആവര്‍ത്തിച്ച് മുന്നറിയിപ്പ് നല്‍കുന്നു. റഫയിലെ കൂട്ടക്കുരുതിയുടെ ഉത്തരവാദിത്തത്തില്‍നിന്ന് അമേരിക്കക്ക് ഒഴിഞ്ഞുമാറാനാവില്ലെന്ന് ഹമാസ് മുന്നറിയിപ്പ് നല്‍കി.

   

ഗസ്സയെ ഇസ്റാഈല്‍ സൈന്യം നിര്‍മിത ബുദ്ധി ആയുധങ്ങളുടെ പരീക്ഷണശാലയാക്കുന്നതായും റിപ്പോര്‍ട്ടുണ്ട്. ഇസ്റാലി ടെക് സ്റ്റാര്‍ട്ടപ്പായ നാഷനല്‍ സെന്‍ട്രലിന്റെ ചീഫ് എക്സിക്യൂട്ടീവ് അവി ഹാസോണിനെയും മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥരെയും ഉദ്ധരിച്ച് എ.എഫ്.പിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. സ്വയം ചുറ്റുപാട് നിരീക്ഷിച്ച് ആക്രമിക്കാന്‍ കഴിയുന്ന റോബോട്ടിക് ഡ്രോണുകളും മനുഷ്യന്റെ സഹായമില്ലാതെ തന്നെ വെടിയുതിര്‍ക്കാന്‍ കഴിയുന്ന സാങ്കേതികവിദ്യയും ഉപയോഗിക്കുന്നതായാണ് റിപ്പോര്‍ട്ട്. നിര്‍മിത ബുദ്ധി ആയുധങ്ങളുടെ വ്യാപനം സര്‍വനാശത്തിന് കാരണമാകുമെന്ന് യു.എന്‍ ഉള്‍പ്പെടെ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ഗസ്സയില്‍ ഇതുവരെ കൊല്ലപ്പെട്ട ഫലസ്തീനികളുടെ എണ്ണം 28,064 ആയി. 67,611 പേര്‍ക്ക് പരിക്കേറ്റു. കഴിഞ്ഞ ദിവസം ഇസ്റാഈല്‍ വെടിവെപ്പിനിടെ കാണാതായ ആറുവയസ്സുള്ള ഫലസ്തീനി കുട്ടിയുടെ മൃതദേഹം കണ്ടെത്തി.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.