2023 December 01 Friday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

ഗസ്സയിലെ കുഞ്ഞുങ്ങൾക്കായി തന്റെ വരുമാനം ചെലവഴിച്ച് 11 വയസുള്ള ഒരു ബിസിനസുകാരൻ; ദുബൈയിലെ ഈ കുഞ്ഞിന് കയ്യടിക്കാം

ഗസ്സയിലെ കുഞ്ഞുങ്ങൾക്കായി തന്റെ വരുമാനം ചെലവഴിച്ച് 11 വയസുള്ള ഒരു ബിസിനസുകാരൻ; ദുബൈയിലെ ഈ കുഞ്ഞിന് കയ്യടിക്കാം

   

ദുബൈ: യുദ്ധത്തിൽ തകർന്ന ഗസ്സയിലെ കുട്ടികളെ സഹായിക്കാൻ തന്റെ ചിത്രരചനാ കഴിവ് കൊണ്ട് നേടുന്ന വരുമാനം ഉപയോഗപ്പെടുത്തി ദുബൈയിൽ നിന്നുള്ള 11 വയസുകാരൻ. കലാകാരനും സംരംഭകനുമായ നക്ഷ് അവ്താനിയാണ് തന്റെ വരുമാനം മുഴുവൻ ഗസ്സയിലെ കുട്ടികൾക്കായി ചെലവിടുന്നത്. ഷൂ ആളുകളുടെ ഇഷ്ടത്തിനനുസരിച്ച് ഡിസൈൻ ചെയ്ത് നൽകുന്ന ദുബൈയിലെ പ്രശസ്തനായ കലാകാരനാണ് ഈ 11 – കാരൻ.

“എന്റെ കുടുംബത്തിന്റെ ആളുകളെ സഹായിക്കാനുള്ള സംസ്‌കാരത്തിൽ നിന്നാണ് എനിക്ക് പ്രചോദനം ലഭിച്ചത്. ഗസ്സയിലെ പ്രതിസന്ധിയിലായ കുട്ടികൾക്കായി ധനസമാഹരണമാണ് എന്റെ ഏറ്റവും പുതിയ പ്രോജക്റ്റ് ലക്ഷ്യമിടുന്നത്. ഞാനിപ്പോൾ വരക്കുന്നത് അവർക്ക് വേണ്ടി മായത്രമാണ്” – നക്ഷ് അവ്താനി പറയുന്നു. ഷൂസ് മാത്രമല്ല, മഗ്ഗുകൾ, കോസ്റ്ററുകൾ, ബാഗുകൾ എന്നിവയിലും ഇപ്പോൾ വരച്ചു നൽകുന്നുണ്ട് നക്ഷ്. ഗസ്സക്കായി കൂടുതൽ പണം സമാഹരിക്കുകയാണ് ലക്ഷ്യം.

“കുട്ടികൾക്ക് ഒരുനേരത്തെ ഭക്ഷണം നൽകാൻ എന്റെ ഉദ്ദ്യമം സഹായിച്ചാൽ, യുദ്ധം ബാധിച്ച എന്റെ പ്രായക്കാർക്കായി ഞാൻ എന്തെങ്കിലും ചെയ്തതുപോലെയാകും,” നക്ഷ് പറഞ്ഞു.

രണ്ട് വയസ്സുള്ളപ്പോഴാണ് നക്ഷ് ചിത്രരചനയോടുള്ള ഇഷ്ടം കണ്ടെത്തിയത്. മൂന്ന് വർഷം മുമ്പ്, 8 വയസ്സുള്ളപ്പോൾ, നക്ഷ് തന്റെ വരയെ ഒരു സംരംഭമാക്കി വളർത്തി. ജ്യേഷ്ഠൻ ഒരു ജോടി ഷൂസിൽ വരച്ചു നൽകാൻ ആവശ്യപ്പെട്ടതാണ് തുടക്കം. അപ്രതീക്ഷിതമായി നടന്ന സംഭവത്തിന് ലഭിച്ച പ്രതികരണം അതിശയകരമായിരുന്നു, താമസിയാതെ, ആളുകൾ അന്വേഷിച്ച് എത്താൻ തുടങ്ങി. പ്രിയപ്പെട്ട കഥാപാത്രത്തെ വരക്കാൻ ആവശ്യപ്പെട്ടാണ് ആളുകൾ എത്താറുള്ളത്. ഒരു ജോഡി ഷൂ നക്ഷിന് നൽകിയാൽ നാല് ദിവസത്തിന് ശേഷം ഷൂ മനോഹരമായി ഡിസൈൻ ചെയ്ത് തിരികെ ലഭിക്കും.

30 ദിർഹത്തിന് ആണ് ഷൂസിൽ ചിത്രങ്ങൾ വരച്ചു നൽകുന്നത്. സ്വന്തമായി ഷൂ കൊണ്ടുവരാത്തവർക്ക് 100 ദിർഹത്തിന് ഷൂ ഉൾപ്പെടെ വാങ്ങി ഡിസൈൻ ചെയ്ത് നൽകും. ഈ പണത്തിന്റെ നല്ലൊരു ശതമാനവും വിവിധ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായാണ് ഉപയോഗിക്കുന്നത്. ഇപ്പോൾ അത് പൂർണമായും ഗസ്സയിലെ കുട്ടികൾക്ക് ഉള്ളതാണ്. അതേസമയം, നാക്ഷിന്റെ ഈ ജീവകരുണത്തിന്റെ ഭാഗമാകാനായി നിരവധിപേരാണ് പുതിയ ഓർഡറുകൾ നൽകുന്നത്.

“നമ്മൾ എല്ലാവരും ചില കാര്യങ്ങളിൽ നല്ലവരാണ്; നമുക്ക് ഒത്തുചേരാം, ലോകത്തെ ജീവിക്കാനുള്ള മികച്ച സ്ഥലമാക്കി മാറ്റാൻ നമ്മുടെ നന്മ ഉപയോഗപ്പെടുത്താം” നക്ഷ് തന്റെ സമപ്രായക്കാരോട് പറയുന്ന സന്ദേശം ഇതാണ്.

Courtesy: Khaleejtimes


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.