എടക്കാട്: കൂട്ടം കൂടി അക്രമാസക്തരായി നായ്ക്കള്‍ തനിക്കു നേരെ കുതിച്ചു ചാടിയപ്പോള്‍ ആര്‍ത്തുവിളിച്ചു കാണും നിഹാല്‍. ഓടി വരണേ രക്ഷിക്കണേ എന്ന് അവന്റെ കുഞ്ഞു മനസ്സ് ആര്‍ത്തലച്ച് കരഞ്ഞു കാണണം. ഉള്ളിലൂറുന്ന വാക്കുകള്‍ക്ക് പക്ഷേ പുറത്തുവരാനൊരു ശബ്ദമില്ലായിരുന്നു. അതു കൊണ്ടു തന്നെ ആ പതിനൊന്നുകാരനെ നായ്ക്കൂട്ടം കടിച്ചു കുടഞ്ഞപ്പോള്‍ വിളിപ്പാടകലെ അവനെയും തേടി നടന്ന അവന്റെ പ്രിയപ്പെട്ടവര്‍ അറിഞ്ഞില്ല. നായ്ക്കൂട്ടത്തിന്റെ കുരയും ബഹളവും പതിവ് പരിപാടിയെന്ന് അവര്‍ കരുതിക്കാണണം.
ഇനിയും നടുക്കം വിട്ടുമാറിയിട്ടില്ല മുഴപ്പിലങ്ങാട് ഗ്രാമത്തിന്. ഓട്ടിസം ബാധിച്ച കുട്ടിയാണ് മുഴപ്പിലങ്ങാട് കെട്ടിനകം പള്ളിക്കു സമീപത്തെ ദാറുല്‍ റഹ്മയില്‍ നൗഷാദിന്റെയും നുസീഫയുടെയും മകന്‍ നിഹാല്‍. സംസാരശേഷിയുമില്ല. വീട്ടില്‍ നിന്നു ഇന്നലെ വൈകിട്ട് അഞ്ചോടെയായിരുന്നു നിഹാലിനെ കാണാതായത്. മുമ്പും ഇത്തരത്തില്‍ അവന്‍ പുറത്തു പോവാറുണ്ടായിരുന്നു. അപ്പോഴൊക്കെ പരിചയക്കാര്‍ ആരെങ്കിലും അവനെ തിരികെ എത്തിക്കുകയായിരുന്നു പതിവ്. ഇത്തവണയും അവന്‍ അങ്ങിനെ തിരിച്ചെത്തുമെന്ന് കരുതി. നേരെമേറെയായിട്ടും കാണാതായതോടെ വീട്ടുകാര്‍ തെരച്ചില്‍ ആരംഭിച്ചു. എടക്കാട് പൊലിസില്‍ പരാതി നല്‍കുകയും ചെയ്തിരുന്നു. തുടര്‍ന്ന് പൊലിസും നാട്ടുകാരും നടത്തിയ തെരച്ചലിലാണ് രാത്രി ഒമ്പതോടെ വീടിനു സമീപത്തെ ആള്‍ത്താമസമില്ലാത്ത വീട്ടുമുറ്റത്ത് നിന്നു രക്തത്തില്‍ കുളിച്ച നിഹാലിനെ കണ്ടെത്തിയത്. ഉടന്‍ നിഹാലിനെ തലശേരി ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംഭവ സ്ഥലത്തു തന്നെ മരണം സംഭവിച്ചെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്.
വീടിന് അരകിലോമീറ്റര്‍ അകലെ നിന്നാണ് കുട്ടിയെ കണ്ടെത്തിയത്. കുട്ടിയുടെ മൃതദേഹം കണ്ടെടുക്കുമ്പോള്‍ വിശദീകരിക്കാന്‍ കഴിയാത്ത വിധത്തിലുള്ള മുറിവുകളാണ് ദേഹത്തുണ്ടായിരുന്നത്. പ്രദേശവാസികളിലൊരാള്‍ പറയുന്നു. നായക്കള്‍ വരുന്നത് കണ്ടാണ് അവിടെ പോയി നോക്കിയത്. അവിടെ ചോരയില്‍ കുളിച്ചു കിടക്കുന്ന കുട്ടിയെ കാണുകയായിരുന്നു. ഒന്നിലധികം നായ്ക്കള്‍ ചേര്‍ന്നാണ് കുട്ടിയെ അക്രമിച്ചിരിക്കുകയെന്നും നാട്ടുകാര്‍ പറയുന്നു.
മരണ വാര്‍ത്തയറിഞ്ഞ് ജനറല്‍ ആശുപത്രിയില്‍ നിരവധിപേരെത്തിയിരുന്നു. ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി കുട്ടിയുടെ മൃതദേഹം ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്. ഇന്ന് രാവിലെ ആയിരിക്കും പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ ഉണ്ടാകുക. നിഹാലിന്റെ പിതാവ് നൗഷാദ് ബഹ്‌റൈനിലാണ് ജോലി ചെയ്യുന്നത്. ഭിന്നശേഷിക്കാരനായ നിഹാല്‍ ധര്‍മടം ജെ.സി സ്‌പെഷല്‍ സ്‌കൂള്‍ വിദ്യാര്‍ഥിയാണ്. പ്രദേശത്ത് തെരുവുനായ ശല്യം രൂക്ഷമാണെന്ന് നാട്ടുകാര്‍ പറയുന്നു. അടുത്തിടെ മുഴപ്പിലങ്ങാട് ബീച്ചിലെത്തിയ രണ്ടുകുട്ടികളെ തെരുവുനായക്കൂട്ടം കടിച്ചു പരുക്കേല്‍പിച്ചിരുന്നു.
Comments are closed for this post.