ഡ്രൈവിങ് ആനന്ദകരമാക്കാന്‍ മോട്ടോര്‍ വാഹന വകുപ്പിന്റെ 11 പൊടിക്കൈകള്‍
രാജു ശ്രീധര്‍
പത്തനംതിട്ട•ഡ്രൈവിങ് എങ്ങനെ സന്തോഷകരമായ അനുഭവമാക്കാമെന്നതിന് പൊടിക്കൈകളുമായി മോട്ടോര്‍ വാഹന വകുപ്പ് രംഗത്ത്. റിലാക്‌സ്ഡ് ഡ്രൈവിങ് എന്നത് ഒരു കലയാണന്നും വാഹനം ഓടിക്കുമ്പോള്‍ ശാന്തവും സന്തോഷകരവുമായ അനുഭവത്തെയും മാനസികാവസ്ഥയെയും സൂചിപ്പിക്കുന്ന ഒന്നാണ്. ഇതിനായി പതിനൊന്ന് ടിപ്‌സുകളാണ് വകുപ്പ് മുന്നോട്ട് വയ്ക്കുന്നത്.
ട്രാഫിക് കാലതാമസങ്ങളും അപ്രതീക്ഷിത സാഹചര്യങ്ങളും ഡ്രൈവിങ്ങിന്റെ ഭാഗമാണെന്ന് അംഗീകരിക്കുക. ചുവന്ന സിഗ്‌നല്‍ കാണുമ്പോള്‍ റിലാക്‌സ് ചെയ്യാനുള്ള അവസരമായി കണ്ട് മറ്റ് ഡ്രൈവര്‍മാരോട് ക്ഷമയും സഹാനുഭൂതിയും പുലര്‍ത്തുക. ഇത് നിരാശ കുറയ്ക്കാനും കൂടുതല്‍ പോസിറ്റീവ് മാനസികാവസ്ഥയിലേക്ക് മാറുന്നതിനും സഹായിക്കും. പുറകില്‍ നിന്ന് ഹോണടിക്കുന്ന വാഹനങ്ങളെ കടത്തിവിടുന്നതില്‍ സന്തോഷം കണ്ടെത്തുക. റോഡ് മുറിച്ചു കടക്കാന്‍ നില്‍ക്കുന്നവരെ പുഞ്ചിരിയോടെ കടന്നുപോകാന്‍ അനുവദിക്കുക. വാഹനം നിര്‍ത്തി മുന്‍ഗണന നല്‍കി കടത്തിവിടുന്ന ഡ്രൈവറെ നോക്കി കൈവീശിക്കാണിച്ച് നന്ദി അറിയിക്കണം.
ഒന്‍പതിന് വീട്ടില്‍ നിന്നിറങ്ങേണ്ടവര്‍ ഒമ്പതരയ്ക്ക് ഇറങ്ങിയ ശേഷം വീട്ടില്‍ നഷ്ടപ്പെട്ട സമയം റോഡില്‍ തിരിച്ചുപിടിക്കാന്‍ ശ്രമിച്ചാല്‍ ഡ്രൈവിങ് സന്തോഷകരമാവില്ല. നിറഞ്ഞൊഴുകുന്ന നിരത്തുകളില്‍ മുന്‍കൂട്ടിയുള്ള യാത്ര ശീലമാക്കണം. വേഗത ഡ്രൈവിങ്ങില്‍ സമ്മര്‍ദം സൃഷ്ടിക്കുന്നതില്‍ പ്രധാനമാണെന്നും നിര്‍ദേശങ്ങളില്‍ പറയുന്നു.
റോഡില്‍ എത്തുന്നതിന് മുമ്പ്, റൂട്ട് മുന്‍കൂട്ടി പ്ലാന്‍ ചെയ്യണം. ട്രാഫിക് സാഹചര്യങ്ങള്‍ പരിശോധിച്ച് ഇതര റൂട്ടുകളും തിരക്ക് കുറഞ്ഞ സമയവും പരിഗണിക്കണം. കൃത്യമായി എവിടേക്കാണ് പോകേണ്ടന്നതെന്നും എപ്പോഴാണ് എത്തിച്ചേരേണ്ടതെന്നതും അറിയുന്നത് സമ്മര്‍ദം കുറയ്ക്കും. ഒരു ഡിഫന്‍സീവ് ഡ്രൈവര്‍ ആകുക എന്നതിനര്‍ഥം ചുറ്റുപാടുകളെക്കുറിച്ച് ബോധവാനായിരിക്കുകയും അപകടസാധ്യതകള്‍ മുന്‍കൂട്ടി കണ്ട് മറ്റ് വാഹനങ്ങളില്‍ നിന്ന് സുരക്ഷിതമായ അകലം പാലിക്കുക എന്നതുമാണ്. വാഹനം നന്നായി പരിപാലിക്കുന്നതും വൃത്തിയുള്ളതും ക്ഷമതയുള്ളതും ടയര്‍ തേയ്മാനം ഇല്ലാത്തതും ആണെന്ന് ഉറപ്പാക്കണമെന്നുമുള്ള 11 കാര്യങ്ങളാണ് മോട്ടോര്‍ വാഹന വകുപ്പ് മുന്നോട്ട് വയ്ക്കുന്നത്.
Comments are closed for this post.