2024 February 25 Sunday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

ഇസ്‌റാഈല്‍ ഭരിക്കാന്‍ ഒരുമിച്ചത് വൈവിധ്യ ആശയക്കാര്‍

മതേതരര്‍, ഇടതുപക്ഷം, വലതുപക്ഷം, അറബ് പാര്‍ട്ടി

കെ.ജംഷാദ്

ഒരുവ്യാഴവട്ടം അധികാരത്തില്‍ തുടര്‍ന്ന ബെഞ്ചമിന്‍ നെതന്യാഹുവിനെ നാടകീയ നീക്കങ്ങളിലൂടെ പുറത്താക്കിയ ശേഷം ഇസ്‌റാഈല്‍ ഭരിക്കുക വൈവിധ്യ ആശയക്കാരായ എട്ടുപാര്‍ട്ടികള്‍. ഫലസ്തീന്‍ പ്രശ്‌നം സജീവമാകുമ്പോഴും ഇസ്‌റാഈലില്‍ ജനിച്ച അറബ് വംശജനായ മന്‍സൂര്‍ അബ്ബാസിനും സര്‍ക്കാരില്‍ നിര്‍ണായക സ്ഥാനമുണ്ടാകും.

അറബ് വംശജരുടെ കാര്യത്തില്‍, വെസ്റ്റ്ബാങ്കിലെ കെട്ടിട നിര്‍മാണ വിഷയത്തില്‍ ഉറപ്പുവേണമെന്ന് ആവശ്യപ്പെട്ട് അബ്ബാസ് സര്‍ക്കാര്‍ രൂപീകരണത്തിന്റെ അവസാന മണിക്കൂറിലും ഒപ്പിടാതെ നിന്നു.

 

   

പ്രതിപക്ഷ നേതാവ് യായര്‍ ലാപിഡ് നല്‍കിയ ഉറപ്പിലാണ് അദ്ദേഹം പുതിയ സര്‍ക്കാരിന്റെ ഭാഗമാകുന്നത്. ഈ വിഷയത്തില്‍ തീവ്ര വലതുപക്ഷ പാര്‍ട്ടികളുടെ എതിര്‍പ്പും പിന്നീട് അയഞ്ഞു. ഇസ്‌റാഈലിന്റെ ചരിത്രത്തില്‍ ഇതുപോലുള്ള വൈവിധ്യങ്ങളുടെ കൂട്ടുകക്ഷി സര്‍ക്കാര്‍ അപൂര്‍വമാണ്. പ്രതിപക്ഷ നേതാവും യെഷ് അതീദ് പാര്‍ട്ടി നേതാവുമായ യായര്‍ ലാപിഡ്, തീവ്ര വലതുപക്ഷ പാര്‍ട്ടിയായ യാമിന നേതാവ് നഫ്താലി ബെന്നറ്റ്, അറബ് പാര്‍ട്ടിയായ യുനൈറ്റഡ് അറബ് ലിസ്റ്റ് (റഅം) നേതാവ് മന്‍സൂര്‍ അബ്ബാസ് എന്നിവര്‍ക്കാണ് സര്‍ക്കാരില്‍ കൂടുതല്‍ പങ്കാളിത്തമുണ്ടാകുക. ന്യൂഹോപ് പാര്‍ട്ടി, ഇസ്‌റാഈല്‍ അവര്‍ ഹോം, മെററ്റ്‌സ്, ഇസ്‌റാഈല്‍ റെസിലിയന്‍സ്, ഇസ്‌റാഈല്‍ ലേബര്‍ പാര്‍ട്ടി എന്നിവര്‍ക്കും സര്‍ക്കാരില്‍ പങ്കാളിത്തമുണ്ടാകും. വിവിധ ആശയക്കാരുടെ സഖ്യകക്ഷിക്ക് മുന്നോട്ടുപോകാന്‍ പൊതുമിനിമം പരിപാടി ആവശ്യമാണെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നു. പുതിയ സര്‍ക്കാരിന്റെ നയങ്ങളും നിലപാടുകളും മാറുമോയെന്നാണ് ഏവരും ഉറ്റുനോക്കുന്നത്.

യെഷ് അതിദ്

17 സീറ്റുകളുള്ള യെഷ് അതിദ് ആണ് പ്രധാന കക്ഷി. 2012 ല്‍ രൂപം കൊണ്ട പാര്‍ട്ടി മതേതര നിലപാട് ഉയര്‍ത്തിപ്പിടിക്കുന്നു. പൗരാവകാശം, സാമൂഹിക- സാമ്പത്തിക പ്രശ്‌നങ്ങളിലാണ് പ്രധാനമായും ഊന്നല്‍.

യാമിന

ആറംഗങ്ങളുള്ള യാമിന പാര്‍ട്ടിയുടെ പിന്തുണയാണ് നെതന്യാഹുവിനെ പുറത്താക്കാന്‍ നിര്‍ണായകമായത്. അതിനാല്‍ ആദ്യ ടേമിലെ പ്രധാനമന്ത്രി പദവും പാര്‍ട്ടി നേതാവ് നെഫ്താലി ബെന്നറ്റിന് ലഭിക്കും. തീവ്ര വലതുപക്ഷ ആശയക്കാരാണിവര്‍. അധിനിവേശത്തിലൂടെ വെസ്റ്റ്ബാങ്ക് പിടിച്ചെടുക്കണമെന്നും ഫലസ്തീന്‍ രാഷ്ട്ര രൂപീകരണം ഇസ്‌റാഈല്‍ എതിര്‍ക്കണമെന്നും ആവശ്യപ്പെടുന്നു.

റഅം

ഇസ്‌റാഈലില്‍ പ്രവര്‍ത്തിക്കുന്ന അറബ് ഇസ്‌ലാമിക് പാര്‍ട്ടിയാണ് റഅം. ഡെന്റിസ്റ്റായ ഡോ. മന്‍സൂര്‍ അബ്ബാസ് ആണ് ചെയര്‍മാന്‍. വെസ്റ്റ്ബാങ്കും ഗസ്സയും ഉള്‍പ്പെടുത്തി ജറൂസലം ആസ്ഥാനമായി സ്വതന്ത്ര ഫലസ്തീന്‍ രൂപീകരിക്കണമെന്നാണ് ഇവരുടെ ആവശ്യം. നാലു അംഗങ്ങള്‍ ഇവര്‍ക്ക് പാര്‍ലമെന്റിലുണ്ട്.

ന്യൂ ഹോപ് പാര്‍ട്ടി

നെതന്യാഹുവുമായി പിണങ്ങി പാര്‍ട്ടി വിട്ട മുന്‍ മന്ത്രി ഗിഡിയോണ്‍ ഷാര്‍ രൂപീകരിച്ചതാണ് ന്യൂ ഹോപ് പാര്‍ട്ടി. ആറു സീറ്റുകളാണ് ഇവര്‍ക്കുള്ളത്. മുതലാളിത്തത്തെ പ്രോത്സാഹിപ്പിക്കണമെന്നതാണ് നിലപാട്.

ഇസ്‌റാഈല്‍ അവര്‍ ഹോം

ഏഴ് സീറ്റുകളുള്ള ഇസ്‌റാഈല്‍ അവര്‍ ഹോം എന്ന പാര്‍ട്ടി മതേതര ആശയമുള്ള വലതുപക്ഷ പാര്‍ട്ടിയാണ്. മതേതരരായ റഷ്യന്‍ ഭാഷ സംസാരിക്കുന്ന ഇസ്‌റാഈലികളാണ് ഭൂരിഭാഗവും. റഷ്യന്‍ സയണിസ്റ്റ് ആശയങ്ങളാണ് പിന്തുടരുന്നത്. ഇസ്‌റാഈല്‍ ബൈതുനു എന്നും അറിയപ്പെടുന്നു.

മെറസ്റ്റ്

സഖ്യ സര്‍ക്കാരിലെ ഇടതുപക്ഷ പാര്‍ട്ടിയായ മെറസ്റ്റിന് ആറു അംഗങ്ങളുണ്ട്. മതേതര-പരിസ്ഥിതി വാദക്കാരായ ഇവര്‍ സ്വതന്ത്ര ഫലസ്തീന്‍ പോരാട്ടത്തെ പിന്തുണയ്ക്കുന്നു.

റെസിലിയന്‍സ് പാര്‍ട്ടി

എട്ടു സീറ്റുള്ള ഇസ്‌റാഈല്‍ റെസിലിയന്‍സ് പാര്‍ട്ടിക്ക് തീവ്ര സയണിസ്റ്റ് ആശയമാണുള്ളത്. അധിനിവേശത്തെ അനുകൂലിക്കുകയും ജറൂസലം തലസ്ഥാനമാക്കണമെന്നും ആവശ്യപ്പെടുന്നു. കടുത്ത ഫലസ്തീന്‍ വിരുദ്ധനായ മുന്‍ സൈനിക മേധാവി ബെന്നി ഗാന്‍സ് 2018 ലാണ് പാര്‍ട്ടി രൂപീകരിച്ചത്.

ലേബര്‍ പാര്‍ട്ടി

പുതുതായി തെരഞ്ഞെടുക്കപ്പെട്ട ഇസ്‌റാഈല്‍ പ്രസിഡന്റിന്റെ പാര്‍ട്ടിയായ ലേബര്‍ പാര്‍ട്ടിക്കും ഏഴ് സീറ്റുണ്ട്. സിയോണിസ്റ്റ് സോഷ്യല്‍ ഡൊമോക്രാറ്റിക് ആശയക്കാരാണ്. സ്വതന്ത്ര ഫലസ്തീന്‍ രാഷ്ട്രത്തെ പിന്തുണയ്ക്കുന്നു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.